സ്മാര്‍ട്ടായി മോട്ടോര്‍ വാഹനവകുപ്പ്
കണ്ണൂര്‍: ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞയുടന്‍ ലൈസന്‍സ് കണ്ണൂരിലും നടപ്പിലാക്കി തുടങ്ങി. ഇന്നലെ 26 പേര്‍ക്ക് മിനിട്ടുകള്‍ക്കുള്ളില്‍ ലൈസന്‍സ് കൊടുത്തതായി കണ്ണൂര്‍ ആര്.ടി.ഒ ഉമ്മര്‍ അറിയിച്ചു. ഇന്നലെ തോട്ടട ടെസ്റ്റിങ് ഗ്രൗണ്ടിലാണ് ആദ്യമായി ഇതു നടപ്പിലാക്കിയത്. 118 അപേക്ഷകരാണുണ്ടായിരുന്നത്. ഇവരില്‍ നിന്നു 26 പേര്‍ക്ക് ക്ഷണനേരത്തില്‍ ലൈസന്‍സ് കൊടുത്തു. പരിപാടി നടപ്പിലാക്കുന്നതിന് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ നേതൃത്വംനല്കി. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളാണ് സംവിധാനത്തിനായി ഉപയോഗിക്കുന്നത്. നേരത്തെ ലൈസന്‍സുകള്‍ പോസ്റ്റലായാണ് അയച്ചിരുന്നത്.
സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഇതു ലഭിക്കുന്നില്ലെന്ന പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ സംവിധാനമേര്‍പ്പെടുത്തിയത്. നേരത്തെ തൃശൂരിലെ വടക്കാഞ്ചേരി, തിരുവനന്തപുരം എന്നിവടങ്ങളില്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാനും അപേക്ഷകര്‍ക്ക് എളുപ്പത്തില്‍ ലൈസന്‍സ് ലഭിക്കാനും ഈ സംവിധാനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."