അയല്‍ക്കാര്‍ക്ക് ഇന്ത്യയുടെ സമ്മാനം ജിസാറ്റ്-9 വിജയകരമായി വിക്ഷേപിച്ചു
ഹൈദരാബാദ്: അയല്‍രാജ്യങ്ങള്‍ക്കുള്ള ഉപഗ്രഹസമ്മാനമെന്ന വാഗ്ദാനം ഇന്ത്യ നിറവേറ്റി. ചരിത്രപരമായ സൗത്ത് ഏഷ്യാ സാറ്റലൈറ്റ് വിക്ഷേപണം വിജയകരം. ഇന്നലെ വൈകിട്ട് 4.57നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജി.എസ്.എല്‍.വി-എഫ് 09) റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
സൗത്ത് ഏഷ്യാ സാറ്റലൈറ്റ് എന്ന് നാമകരണം ചെയ്ത ജിസാറ്റ്-9 ഉപഗ്രഹം പാകിസ്താന്‍ ഒഴികെയുള്ള അയല്‍രാജ്യങ്ങളുടെ സാമ്പത്തിക, വികസന ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ട് നിര്‍മിച്ചതാണ്. 49 മീറ്ററും 415 ടണ്‍ ഭാരവുമുള്ള റോക്കറ്റിലാണ് 2,230 കി.ഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്. വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, ആതുരരംഗം എന്നിവയ്‌ക്കെല്ലാം ഉപകാരപ്പെടുന്നതാണ് 235 കോടി രൂപ ചെലവു വന്ന ഉപഗ്രഹം. 12 വര്‍ഷമാണ് ഇതിന്റെ ആയുസ്.
2014ല്‍ കാഠ്മണ്ഡുവില്‍ നടന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അയല്‍രാജ്യങ്ങള്‍ക്കുള്ള സമ്മാനമെന്ന പേരില്‍ പദ്ധതി അവതരിപ്പിച്ചത്. സാര്‍ക്ക് രാജ്യങ്ങള്‍ക്ക് മൊത്തത്തിലായിരുന്നു വാഗ്ദാനം. എന്നാല്‍, പാകിസ്താന്‍ ഇതില്‍നിന്നു പിന്‍മാറിയതോടെ ബാക്കിയുള്ള രാജ്യങ്ങള്‍ക്കായി സൗത്ത് ഏഷ്യാ ഉപഗ്രഹം തയാറാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."