വോട്ടെടുപ്പ് തടസപ്പെടുത്തിയാല്‍ നടപടി
തിരുവനന്തപുരം: ഇന്നു പല മണ്ഡലങ്ങളിലും വോട്ടെടുപ്പിനിടയിലും വോട്ടെടുപ്പു കഴിഞ്ഞും സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി.
തെരഞ്ഞെടുപ്പ് തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടം കൂടി നില്‍ക്കുകയും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സുരക്ഷാ ചുമതലയുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.
പ്രശ്‌നബാധിത മേഖലകളില്‍ റിസര്‍വിലുള്ള പൊലിസ് സംഘങ്ങളെ പോളിങ് ബൂത്തിനു സമീപം റോന്തുചുറ്റാന്‍ നിയോഗിച്ചിട്ടുണ്ട്. കാമറ സംഘങ്ങള്‍ നിരീക്ഷണം നടത്താത്ത പ്രശ്‌നബാധിത സ്ഥലങ്ങളില്‍ നിന്ന് വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഇടുങ്ങിയതും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ പൊലിസ് സംഘം പട്രോളിങ് നടത്തും. വനിതാ വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് ചെയ്യാന്‍ അവസരമൊരുക്കുന്നതിനായി 3,500ലേറെ വനിതാ പൊലിസുകാരെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലാത്ത പരാതികള്‍ ഉള്‍പ്പെടെ സ്വീകരിക്കുന്നതിന് എല്ലാ പൊലിസ് സ്റ്റേഷനുകളിലും പതിവ് സംവിധാനം ലഭ്യമായിരിക്കും.
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആവശ്യമെങ്കില്‍ സജ്ജരായിരിക്കാന്‍ മുതിര്‍ന്ന പൊലിസ് ഓഫിസര്‍മാര്‍ക്കു ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു ജോലികള്‍ക്കായി കേരളാ പൊലിസില്‍നിന്നു മാത്രം 58,138 ഉദ്യോഗസ്ഥരെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്. 240 ഡിവൈ.എസ്.പിമാര്‍, 677 ഇന്‍സ്‌പെക്ടര്‍മാര്‍, 3,273 എസ്.ഐ, എ.എസ്.ഐമാര്‍ എന്നിവരും അടങ്ങിയതാണ് കേരളാ പൊലിസിന്റെ സംഘം. കൂടാതെ സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ്, ബി.എസ്.എഫ് എന്നിവയില്‍നിന്ന് 55 കമ്പനി ജവാന്‍മാരും തമിഴ്‌നാട്ടില്‍നിന്ന് 2,000 പൊലിസ് ഉദ്യോഗസ്ഥരും കര്‍ണാടകത്തില്‍നിന്ന് 1,000 പൊലിസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പു ജോലികള്‍ക്കായി കേരളത്തിലെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു ജോലികള്‍ക്ക് പൊലിസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് സംസ്ഥാനത്ത് 11,781 പേരെ സ്‌പെഷല്‍ പൊലിസ് ഓഫിസര്‍മാരായും നിയോഗിച്ചിട്ടുണ്ട്. വിരമിച്ച സൈനികര്‍, വിരമിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവരെയും എന്‍.സി.സി, നാഷനല്‍ സര്‍വിസ് സ്‌കീം, സ്റ്റുഡന്റ് പൊലിസ് കേഡറ്റ് എന്നിവയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരെയുമാണ് സ്‌പെഷല്‍ പൊലിസ് ഓഫിസര്‍മാരായി നിയോഗിച്ചത്. ഇവര്‍ക്കു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഏത് അനിഷ്ടസംഭവങ്ങളും നേരിടുന്നതിന് സംസ്ഥാനത്ത് 1,527 ഗ്രൂപ്പ് പട്രോളിങ് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഒരു പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുവീതം 957 പട്രോള്‍ സംഘങ്ങള്‍ വേറെയുമുണ്ടാകും. പൊലിസ് സ്റ്റേഷന്‍, ഇലക്ഷന്‍ സബ് ഡിവിഷന്‍, ജില്ലാതലങ്ങളില്‍ സ്‌ട്രൈക്കിങ് സംഘങ്ങള്‍ എന്നിവയെയും നിയോഗിച്ചിട്ടുണ്ട്. റേഞ്ച് ഐ.ജിമാര്‍, സോണല്‍ എ.ഡി.ജി.പിമാര്‍, സംസ്ഥാന പൊലിസ് മേധാവി എന്നിവരുടെ നിയന്ത്രണത്തില്‍ യഥാക്രമം എട്ടു കമ്പനി, നാലു കമ്പനി, 13 കമ്പനി സ്‌ട്രൈക്കിങ് സംഘങ്ങളെ വീതം തയാറാക്കി നിര്‍ത്തിയിട്ടുണ്ട്.
പ്രശ്‌നസാധ്യതയുള്ള 3,567 ബൂത്തുകളിലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള 68 ബൂത്തുകളിലും തെരഞ്ഞെടുപ്പു പ്രക്രിയ സുഗമമാക്കാന്‍ അധികസുരക്ഷ ഏര്‍പ്പെടുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ അന്വേഷിക്കുന്നതിനായി 210 സബ് ഡിവിഷനല്‍ അന്വേഷണ സംഘങ്ങള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്.
4,500 ചെറിയ വാഹനങ്ങള്‍, 500 ബസുകള്‍, 40 ബോട്ടുകള്‍, 2,000 ഇരുചക്ര വാഹനങ്ങള്‍ എന്നിവ പൊലിസ് സുരക്ഷയുടെ ഭാഗമായി ഉണ്ടാകും. മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന 88 സ്ഥലങ്ങളില്‍ പ്രത്യേക സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."