നേന്ത്രക്കായകളുടെ മത്സരങ്ങളില്ല; നിറംമങ്ങി പൂരാടവാണിഭ ആഘോഷം
എടപ്പാള്‍: പതിറ്റാണ്ടുകളായി എടപ്പാള്‍ അങ്ങാടിയില്‍ നടക്കുന്ന പൂരാട വാണിഭം ഇത്തവണ ആഘോഷങ്ങളില്ലാതെ നിറം മങ്ങിപ്പോയി. വര്‍ഷങ്ങളായി പഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെയും വ്യാപാരികളുടെയും നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് പൂരാട വാണിഭം പ്രമാണിച്ച് സംഘടിപ്പിക്കാറുള്ളത്. പഴയ തലമുറയും പുതുതലമുറയും സംഗമിക്കുന്ന പൂരാട വാണിഭം ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി എല്ലാ വര്‍ഷവും പതിവുപോലെ കൊണ്ടാടാറുണ്ട്.
ഇത്തവണയും വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍, പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ ഇത്തവണ ആഘോഷങ്ങളെല്ലാം ഒഴിവാക്കുകയായിരുന്നു. ഉണക്ക മത്സ്യം മുതല്‍ കാഴ്ചക്കുലകള്‍ വരെ ഇവിടെനിന്നു ലഭിക്കും എന്നതാണ് വാണിഭത്തിന്റെ പ്രത്യേകത. എണ്ണംപിറന്ന കാഴ്ചക്കുലകളാണ് വാണിഭത്തിലെ മുഖ്യ ആകര്‍ഷണം. ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളിലേക്കുള്ള കാഴ്ചക്കുലകള്‍ ഇവിടെനിന്നാണ് കൊണ്ടുപോയിരുന്നത്.മോഹവില നല്‍കിയാണ് പലരും ഇവ സ്വന്തമാക്കുക.ആറായിരം രൂപ വരെ ലേലത്തിലൂടെ കുലകള്‍ സ്വന്തമാക്കാറുണ്ട്.
കെടുതികള്‍മൂലം വാഴത്തോട്ടങ്ങള്‍ നശിച്ചതിനാല്‍ ഇത്തവണ നാടന്‍ കുലകള്‍ക്ക് ക്ഷാമമുണ്ട്. വരവ് കായയാണ് കുറച്ചെങ്കിലും വിപണിയിലുള്ളത്. ഇതിനും വന്‍ വിലയാണ്. അതേ സമയം സമീപ പ്രദേശങ്ങളില്‍ ഏറ്റവും വലുപ്പമേറിയതും തൂക്കം കൂടിയതുമായ കായ എത്തിയത് തട്ടാന്‍ പടിയിലായിരുന്നു. കെ.ടി വെജിറ്റബിള്‍ വളാഞ്ചേരിയില്‍ നിന്നും എത്തിച്ച സ്വര്‍ണമുഖി ഇനത്തില്‍പെട്ട നേന്ത്രക്കായ ശ്രദ്ധേയമായി. 36 കിലോ തൂക്കമുള്ള കായ നാലായിരം രൂപയ്ക്കാണ് ലേലം ചെയ്തത്. സമീപത്തെ ഒരു ഡോക്ടാണ് ഇത് സ്വന്തമാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."