സുരക്ഷയൊരുക്കാന്‍ 2000ത്തോളം സേനാംഗങ്ങള്‍ സജ്ജം
കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കാന്‍ ജില്ലയില്‍ രണ്ടായിരത്തോളം സേനാഗംങ്ങള്‍ സജ്ജരായി.
തിങ്കളാഴ്ച രാവിലെ തന്നെ പ്രശ്‌നബാധിത പ്രദേശങ്ങളിലെ പോളിങ് സ്‌റ്റേഷനുകളുടെ നിയന്ത്രണം സേനകളേറ്റെടുത്തു. കേരളാ പൊലിസിനെ കൂടാതെ തമിഴ്‌നാട് പൊലിസും ജില്ലയിലെത്തിയിട്ടുണ്ട്.
അതിര്‍ത്തി സംരക്ഷണ സേന, ഇന്‍ഡോ ടിബറ്റന്‍ അതിര്‍ത്തി സേന എന്നിവരടക്കം അഞ്ച് കമ്പനി കേന്ദ്രസേനയും സുരക്ഷ ഒരുക്കാനായി ജില്ലയിലെത്തിയിട്ടുണ്ട്.
പ്രശ്‌നബാധിത പ്രദേശങ്ങളിലടക്കം വിവിധ വിഭാഗങ്ങളിലെ സായുധ സേനാഗംങ്ങളുടെ നേതൃത്വത്തില്‍ പട്രോളിങും ശക്തമാക്കിയിട്ടുണ്ട്. ജില്ലയുടെ അതിര്‍ത്തികളെല്ലാം മുഴുവന്‍ സമയ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് പൂര്‍ത്തിയാക്കി വോട്ടിങ് സാമഗ്രികള്‍ തിരിച്ച് കളക്ഷന്‍ സെന്ററിലെത്തിക്കുന്നതു വരെ പഴുതടച്ച സുരക്ഷയാണ് പൊലിസിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.
പ്രശ്‌നബാധിത ബൂത്തുകള്‍ 72
ജില്ലയില്‍ 72 പ്രശ്‌നബാധിത ബൂത്തുകളാണ് കണ്ടെത്തിയിട്ടുള്ളത്.
ഇവിടങ്ങളിലെല്ലാം നിരീക്ഷണം ഏകോപിപ്പിക്കാന്‍ മൈക്രോ ഒബ്‌സര്‍മാരേയും നിയമിച്ചിട്ടുണ്ട്. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി 23 പോളിങ് സ്‌റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ ആകെ 575 പോളിങ് ബുത്തുകളിലായി 5,94,177 സമ്മതിദായകരാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."