ലാത്തിച്ചാര്‍ജ് നടത്തിയവര്‍ക്കെതിരേ നടപടി വേണം: കെ.സി വേണുഗോപാല്‍
മാനന്തവാടി: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശ സമയത്ത് യാതൊരു പ്രകോപനവുമില്ലാതെ ലാത്തിചാര്‍ജ്ജ് നടത്തിയ പൊലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
കൊട്ടിക്കലാശത്തിന്റെ അവസാനസമയത്ത് തലപ്പുഴ, കമ്പളക്കാട് എന്നിവിടങ്ങളില്‍ പൊലിസിന്റെ അനാവശ്യ ഇടപെടലുകളിലൂടെ നിരവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തലപ്പുഴയില്‍ യു.ഡി.എഫ് സമാധാനപരമായി നടത്തിയ പ്രചാരണത്തിന് നേരെ പൊലിസ് നടത്തിയ ലാത്തിചാര്‍ജ്ജ് ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല.
പ്രചാരണ സമാപനങ്ങളില്‍ വന്‍ ജനപങ്കാളിത്തമുണ്ടാകുകയും, തെരഞ്ഞെടുപ്പ് ജനങ്ങള്‍ ആഘോഷമാക്കുകയുമാണ് ചെയ്യുന്നത്. ഇതില്‍ വിറളി പൂണ്ടി ഭരണകൂടം പൊലിസിനെ നിയോഗിക്കുകയായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എല്ലാ ജനങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ യു.ഡി.എഫിന്റെ കൂടെ കൂടുന്നത് സഹിക്കാന്‍ കഴിയാത്ത സി.പി.എം കാണിച്ചുകൂട്ടുന്ന ആക്രമണങ്ങള്‍ അപലപനീയമാണ്.
സി.പി.എം ആക്രമണം നടത്തുന്നത് മനസിലാക്കാം. എന്നാല്‍ പൊലിസ് ആക്രമണം നടത്തുന്നത് എന്തിന് വേണ്ടിയാണെന്ന് മനസിലാകുന്നില്ല. പൊലിസിന്റെ ഏകപക്ഷീയമായ ഇടപെടലുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണമായും പരാജയഭീതിയില്‍ സി.പി.എം അരാജകത്വം അഴിച്ചുവിടുകയാണ്. തെരഞ്ഞെടുപ്പ് വേളയിലും സി.പി.എം ആക്രമണങ്ങള്‍ അഴിച്ചുവിടാനുള്ള സാധ്യതയേറെയാണ്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ അതില്‍ അകപ്പെടാതെ സംയമനം പാലിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലപ്പുഴ സംഭവത്തില്‍ പൊലീസ് മര്‍ദനമേറ്റ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, പി.കെ ജയലക്ഷ്മി, പടയന്‍ മുഹമ്മദ്, സി. അബ്ദുല്‍ അഷ്‌റഫ്, ഹാരിസ് കാട്ടിക്കുളം, എ.എം നിശാന്ത് എന്നിവരും കെ.സി വേണുഗോപാലിനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."