മകളും മരുമകനും തിരിച്ചെത്തണമെന്ന പ്രാര്‍ഥന മാത്രം: കാണാതായ നിമിഷയുടെ മാതാവ്
തിരുവനന്തപുരം: പൂര്‍ണഗര്‍ഭിണിയായ മകളും മരുമകനും തിരിച്ചെത്തണമെന്നുമാത്രമാണ് തന്റെ പ്രാര്‍ഥനയെന്നു കാണാതായ നിമിഷയുടെ മാതാവ് ബിന്ദു. ഇവരുടെ തിരോധാനം സംബന്ധിച്ച് പൊലിസ് പറഞ്ഞ അറിവുകള്‍ മാത്രമാണുള്ളത്. നിമിഷക്കും ഭര്‍ത്താവിനും വിദേശസംഘടനകളുമായി ബന്ധമുള്ളതായി അറിയില്ല.
ജോലി ആവശ്യാര്‍ഥം വിദേശത്തേയ്ക്കു പോയതാണെന്ന പൊലിസ് അറിയിപ്പ് മാത്രമാണ് തനിക്കറിയുന്നതെന്നും മാതാവ് ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കാണാതായ തന്റെ മകള്‍ നിമിഷ എന്ന ഫാത്തിമയെ മതം മാറ്റിയത് ആറ്റിങ്ങല്‍ സ്വദേശിയായ ഡോക്ടറാണെന്ന് നിമിഷയുടെ മാതാവ് പറഞ്ഞു. തിരുവനന്തപുരത്തെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍വച്ചാണ് നിമിഷ ഇയാളെ പരിചയപ്പെടുന്നത്.
പിന്നീട് ഇരുവരും അടുപ്പത്തിലാകുകയും ഇയാളെ വിവാഹം കഴിക്കുന്നതിനായി തലസ്ഥാനത്തെ ഒരു മതസ്ഥാപനത്തില്‍വച്ച് നിമിഷയെ മതം മാറ്റുകയായിരുന്നുവെന്നും ബിന്ദു പറഞ്ഞു.
പിന്നീട് ഇയാള്‍ തന്റെ മകളില്‍നിന്നു അകലുകയായിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ കാസര്‍കോട് പൊയ്‌നാച്ചിയിലെ ഡെന്റല്‍ കോളജില്‍ മകളുടെ സഹപാഠിയായിരുന്ന പെണ്‍കുട്ടി പറഞ്ഞാണ് അറിഞ്ഞതെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. ആറ്റിങ്ങല്‍ സ്വദേശിയായ ഡോക്ടര്‍ ഇപ്പോള്‍ തന്നെ കാണണമെന്നാവശ്യപ്പെട്ട് ശല്യം ചെയ്യുകയാണ്. ഇയാള്‍ക്കെതിരേ പൊലിസില്‍ പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."