ഖത്തര്‍ പൗരന്മാര്ക്ക് വിസ അനുവദിക്കുന്നത് ബഹ്റൈന്‍ നിര്‍ത്തലാക്കി
മനാമ: ഖത്തര്‍ പൗരന്മാര്ക്ക് ബഹ്റൈനിലേക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നത് ബഹ്റൈന്‍ നിര്‍ത്തലാക്കി. ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള നാലു ജി.സി.സി രാജ്യങ്ങള്‍ ഖത്തറിനെതിരേ കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കിയത്.
ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയം എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും മാര്‍ഗനിര്‍ദേശം നല്കി. അതേസമയം ബഹ്റൈനില്‍ പഠിക്കുന്ന ഖത്തര്‍ പൗരന്മാരായ വിദ്യാര്‍ഥികളെ വിലക്ക് ബാധിക്കില്ല. മാനുഷിക മൂല്യങ്ങള്‍ കണക്കിലെടുത്താണിത്. ഖത്തറിനെതിരായ ജി.സി.സി ഉപരോധത്തില്‍ ബഹ്റൈന്‍ പങ്കാളിയാണെങ്കിലും വിസ അനുവദിക്കുന്നതിന് ഇതുവരെ തടസ്സങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് ഖത്തര്‍ തുടര്‍ച്ചയായി ചെയ്തുവരുന്നതെന്നും അതുകൊണ്ട് തന്നെ പ്രവേശന വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കുകയാണെന്നും അഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ തീരുമാനം ഈദ് അവധിക്കു മുന്‍പേ എടുത്തിരിന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ലഭിച്ചിരിക്കുന്നത്. അതിനിടെ ഖത്തരികള്‍ക്ക് വിസ വിലക്കിയ ബഹ്റൈന്‍ നടപടിയെ മനാമ സെന്റര്‍ ഫോര്‍ ഹ്യുമന്‍ റൈറ്റ്സ് സ്വാഗതം ചെയ്തു. ബഹ്റൈനില്‍ പഠനം നടത്തുന്ന ഖത്തരി പൗരന്മാരെ നിരോധത്തില്‍ നിന്ന് ഒഴിവാക്കിയത് ശ്ലാഘനീയമാണെന്നും മാനുഷിക മൂല്യങ്ങള്‍ വിലമതിക്കുന്ന തീരുമാനമാണിതെന്നും സെന്റര്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."