115ലും പരസഹായമില്ലാതെ വോട്ട് ചെയ്യും; ചരിത്രം തൊട്ടറിഞ്ഞ് അബൂബക്കര്‍ ഹാജി
പെരിങ്ങത്തൂര്‍: അനുഭവങ്ങളുടെ വന്‍കരകള്‍ താണ്ടി നൂറ്റാണ്ടിന്റെ തെരഞ്ഞെടുപ്പ് ഓര്‍മകളുമായാണ് പെരിങ്ങത്തൂര്‍ പുല്ലൂക്കരയിലെ അബൂബക്കര്‍ ഹാജി ഇന്നു വോട്ടുചെയ്യാനായി പോളിങ് ബൂത്തിലെത്തുന്നത്.
നൂറ്റിപതിനഞ്ചാം വയസ്സിലും ചെറുപ്പം മനസില്‍ സൂക്ഷിക്കുന്ന അബൂബക്കര്‍ ഹാജി പതിനേഴാം ലോക്‌സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും തന്റെ സമ്മതിദാനവകാശം വിനിയോഗിക്കും.
1953 മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്ത അബൂബക്കര്‍ ഹാജി ഇന്ന് പരസഹായമില്ലാതെയാണ് വീടിന് സമീപത്തെ പുല്ലൂക്കര മുസ്‌ലിം എല്‍.പി സ്‌കൂള്‍ ബൂത്തില്‍ അതിരാവിലെ തന്നെ വോട്ടുചെയ്യാനെത്തുക.
ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചപ്പോള്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തതും, 1935 ല്‍ തലശേരി, വയനാട് താലൂക്കുകള്‍ ചേര്‍ന്ന വയനാട് നിയമസഭ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതും ഇന്നലെകള്‍ കഴിഞ്ഞത് പോലെയാണ് ഹാജി ഓര്‍ത്തെടുക്കുന്നത്. അന്ന് നികുതിദായകര്‍ക്ക് മാത്രമേ വോട്ടവകാശമുണ്ടായിരുന്നുള്ളുവെന്നും, തന്റെ പിതാവ് വലിയ ഭൂസ്വത്തിനുടമയായതിലാണ് തനിക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടായതെന്നിം ഹാജി പറയുന്നു. അന്നത്തെ മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി ബനാറസ് സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനിയര്‍ ബിരുദം നേടിയ ഖാദര്‍ കുട്ടി സാഹിബിന്റെ പച്ച പെട്ടിയും, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രമുഖ അഭിഭാഷകന്‍ കെ.കെ പോക്കറിന്റെ മഞ്ഞ പെട്ടിയിലുമാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. വീറും വാശിയും ഏറെയായിരുന്നു ആ തെരഞ്ഞെടുപ്പിനെന്ന് അബൂബക്കര്‍ ഹാജി ഓര്‍ക്കുന്നു.
വാശിയേറിയ ആ തെരഞ്ഞെടുപ്പില്‍ അബൂബക്കര്‍ ഹാജിയുടെ വോട്ട് ഖാദര്‍ കുട്ടിയുടെ പച്ച പെട്ടിയിലായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ ഖാദര്‍ കുട്ടി ജയിച്ചതിലുള്ള സന്തോഷം ഹാജിയുടെ മനസ്സില്‍ ഇന്നും മായാതെ നിലനില്‍ക്കുന്നു. എന്നാല്‍ 1946 ല്‍ ഖാദര്‍ കുട്ടി രാഷ്ട്രീയത്തോട് വിട പറഞ്ഞ് വ്യവസായ മേഖലയില്‍ ഉന്നതങ്ങള്‍ കീഴടക്കിയതുമെല്ലാം ഹാജിയുടെ ഓര്‍മയില്‍ പതിയുന്നു. സ്വാതന്ത്ര്യത്തിനു മുന്‍പ് നാട്ടു അധികാരികള്‍ക്കായി കോല്‍ക്കാരന്‍ വാഴക്കൊലയും നെല്ലും ക്യഷി ഭൂമിയില്‍ നിന്നു കൊണ്ട് പോയതും ഹാജി ഓര്‍ത്തെടുക്കുന്നു.വയനാട്ടില്‍ പിതാവിന്റെ കടയില്‍ ജോലി ചെയ്യുമ്പോള്‍ ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചതും,
1965 ലെ ഇന്ത്യാ -ചൈന യുദ്ധത്തില്‍ യുദ്ധ ഫണ്ട് സമാഹരണത്തിന് കേരള ഗവര്‍ണര്‍ മേപ്പാടിയിലെ കടയിലെത്തിയതും ഫണ്ട്‌നല്‍കിയതും ഹാജിയുടെ ഓര്‍മയിലുണ്ട്. 1960 ല്‍ പെരിങ്ങളത്ത് പി ആര്‍ കുറുപ്പിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെട്ടപ്പോള്‍ പുല്ലൂക്കരയില്‍ പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച അബൂബക്കര്‍ ഹാജി 1977 ല്‍ കുറുപ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ കുറുപ്പിനോട് സലാം പറഞ്ഞ് ലീഗ് പ്രവര്‍ത്തകനായി മാറി.
പാസ്‌പോര്‍ട്ടില്‍ വയസ് ് നൂറ്റി അഞ്ചാണെങ്കിലും തനിക്ക് 115 പിന്നിട്ടുവെന്ന് ഹാജി പറയുന്നു. ഇതുവരെ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. കണ്ണടയില്ലാതെയാണ് നാട്ടിലിറങ്ങുന്ന പത്രങ്ങള്‍ മുഴുവന്‍ അരിച്ചു പൊറുക്കുന്നത്.
ദൂരസ്ഥലങ്ങളില്‍ തനിച്ച് യാത്ര ചെയ്യാന്‍ ഏറെ താല്‍പ്പര്യമുള്ള ഹാജിക്ക് ഫ്രീക്കന്‍മാര്‍ക്ക് പിന്നില്‍ ബൈക്കില്‍ സഞ്ചരിക്കാനും മടിയില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യ മരണപ്പെട്ട ഹാജിക്ക് അഞ്ച് മക്കളാണ്. അതില്‍ മൂന്ന് ആണ്‍മക്കളാണ് ഇന്ന് ജീവിച്ചിരിപ്പുള്ളത്. രണ്ട് വര്‍ഷം മുന്‍പ്് മരണമടഞ്ഞ മകന്‍ അഹമദിന്റെ വീട്ടിലാണ് ഹാജി താമസിക്കുന്നത്1935ല്‍ മുതല്‍ എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്ത അബൂബക്കര്‍ ഹാജി ഈ വര്‍ഷവും പരസഹായമില്ലാതെ വോട്ടുചെയ്യുമെന്ന ദൃഡനിശ്ചയത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."