കേരളത്തെ മുക്കിക്കൊന്നത് മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതിനാലോ ?
തിരുവനന്തപുരം: സംസ്ഥാനത്തെ 44 ഡാമുകള്‍ മുന്നറിയിപ്പില്ലാതെ ഒന്നിച്ച് തുറന്നു വിട്ടതാണ് കേരളത്തെ പ്രളയത്തില്‍ മുക്കിക്കൊന്നതെന്ന ആരോപണം ശക്തമാകുന്നു.
സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴും അന്വേഷണത്തിന് അനുകൂല നിലപാട് സ്വീകരിക്കാതെ കെ.എ.സ്.ഇ.ബിയെയും ഡാം സുരക്ഷാ അതോറിറ്റിയെയും സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. മുന്നറിയിപ്പോടെയാണ് ഡാമുകള്‍ തുറന്നതെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. എന്നാല്‍ പലയിടത്തും മുന്നറിയിപ്പ് കിട്ടിയില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥരും പറയുന്നു.
ഇതേ തുടര്‍ന്നാണ് യഥാര്‍ഥ കാരണം കണ്ടെത്താന്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. 1924 ലെ വെള്ളപ്പൊക്കം പ്രകൃതി സൃഷ്ടിയായിരുന്നെങ്കില്‍ ഇപ്പോള്‍ ഉണ്ടായ മഹാപ്രളയം മനുഷ്യ സൃഷ്ടിയായിരുന്നുവെന്നും സര്‍ക്കാര്‍ മുന്‍ ഒരുക്കങ്ങളില്ലാതെ വരുത്തിവച്ച ദുരന്തമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഇത്തവണ 41.44 ശതമാനം മഴ കൂടുതല്‍ പെയ്തു. പക്ഷേ വെള്ളപ്പൊക്കം രൂക്ഷമായത് അതു കൊണ്ടല്ലത്രേ. 2,500 മില്ലി മീറ്റര്‍ മഴയാണ് ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 20 വരെ കേരളത്തില്‍ ലഭിച്ചത്. 1924ലെ വെള്ളപ്പൊക്കത്തില്‍ 3,368 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.
ചാലക്കുടി പുഴയില്‍ ആറു ഡാമുകളാണ് ഒന്നിച്ച് തുറന്നത്. പുഴയിലെ ഏറ്റവും താഴെ കിടക്കുന്ന പെരിങ്ങല്‍ക്കുത്ത് ജൂണ്‍ പത്തിനു തന്നെ അതിന്റെ പൂര്‍ണ ശേഷിയിലെത്തിയിരുന്നു. പക്ഷേ ഡാം തുറക്കാന്‍ അധികൃതര്‍ തയാറായില്ല. കനത്ത മഴയില്‍ ഡാമുകള്‍ നിറഞ്ഞപ്പോള്‍ പെട്ടെന്ന് ഇത് തുറക്കുകയായിരുന്നു. ഇടുക്കി, എറണാകുളം ജില്ലകളിലെ 11 ഡാമുകളാണ് തുറന്നത്.
ഈ ഡാമുകള്‍ തുറക്കുമ്പോള്‍ എവിടെയൊക്കെ വെള്ളപ്പൊക്കമുണ്ടാകുമെന്നും ഏതൊക്കെ ഭാഗങ്ങള്‍ മുങ്ങുമെന്നും സര്‍ക്കാരിന് ഒരു രൂപവുമുണ്ടായിരുന്നില്ല. ഡാമുകള്‍ കൂട്ടത്തോടെ തുറന്നതോടെ എറണാകുളം ജില്ലയിലെ കാലടി, പെരുമ്പാവൂര്‍, പറവൂര്‍, വൈക്കം, പന്തളം തുടുങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചെറുതോണിക്ക് പുറമേ ഇടമലയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഭൂതത്താന്‍കെട്ട്, പൊന്‍മുടി, മാട്ടുപ്പെട്ടി, ചെങ്കുളം തുടങ്ങിയ എല്ലാ ഡാമുകളും ഒന്നിച്ച് തുറന്നു. ഇതിനൊക്കെ പുറമേ മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയിലേക്ക് തമിഴ്‌നാട് വെള്ളം തുറന്ന് വിട്ടു. ഇതും എറണാകുളത്തെ വെള്ളത്തിനടിയിലാക്കി.
പമ്പയില്‍ ഒന്‍പതു ഡാമുകളാണ് ഒരേസമയം തുറന്നത്. മൂഴിയാര്‍, കൊച്ചുപമ്പ, സീതത്തോട്, കക്കി, മണിയാര്‍ പെരുന്തേനരുവി തുടങ്ങിയവയും സീതത്തോട് പ്രദേശത്തെ ചെറിയ ഡാമുകളും തുറന്നു.
ചെങ്ങന്നൂര്‍ മുങ്ങിയത് ഈ ഡാമുകള്‍ തുറന്ന് പമ്പ നിറഞ്ഞൊഴുകിയതിലാണ്.
ഈ ഡാമുകള്‍ ക്രമമായി തുറന്നു വിട്ടിരുന്നെങ്കില്‍ പമ്പാ തീരത്തെ അപ്രതീക്ഷിത വെള്ളപ്പൊക്കം ഒഴിവാക്കാമായിരുന്നു. കനത്ത മഴയില്‍ മലമ്പുഴ ഡാമിന്റെ ഷട്ടര്‍ 30 സെന്റീ മീറ്റര്‍ മാത്രമാണ് തുറന്നത്. അതും വിനോദ സഞ്ചാരികള്‍ക്കു വേണ്ടി. ഓഗസ്റ്റ് എട്ടിന് ഒരു മുന്നറിയിപ്പും കൂടാതെ 180 സെന്റീ മീറ്റര്‍ ആയി ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. ഇതു കാരണം കല്‍പ്പാത്തി പുഴയിലൂടെയും തോടുകളിലൂടെയും വെള്ളം കുത്തിയൊഴുകി.
വയനാട്ടില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ജില്ലാ കലക്ടറെ പോലും അറിയിക്കാതെയാണ് തുറന്നത്. ജൂലൈ 15ന് ബാണാസുര സാഗറിന്റെ നാലു ഷട്ടറുകള്‍ ആദ്യം തുറന്നു. പിന്നീട് ഒരു മുന്നറിയിപ്പുമില്ലാതെ 230 സെന്റീ മീറ്റര്‍ ആയി ഷട്ടറുകള്‍ ഉയര്‍ത്തി. ഒപ്പം നാലാമത്തെ ഷട്ടറും പൊക്കി. ഇതോടെ വയനാട്ടില്‍ പ്രളയമായി. ജൂലൈ 31ന് ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2395.68 അടിയായി ഉയര്‍ന്നിരുന്നു. പരമാവധി ശേഷി 2,403 ആണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കനത്തമഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
വ്യാപകമായ ഉരുള്‍പൊട്ടല്‍ സാധ്യത നിലനിന്നിരുന്നു. ഇതിനൊക്കെ പുറമേ മുല്ലപ്പെരിയാര്‍ നിറഞ്ഞ് അവിടെ നിന്നുള്ള വെള്ളവും ഇടുക്കിയിലെത്താനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നിട്ടും ജലനിരപ്പ് പിടിച്ചുനിര്‍ത്താന്‍ കെ.എസ്.ഇ.ബിയോ സംസ്ഥാന സര്‍ക്കാരോ നടപടികള്‍ ഒന്നും എടുത്തില്ല.
ഒടുവില്‍ ഓഗസ്റ്റ് ഒന്‍പതിന് ജലനിരപ്പ് 2398.98 അടിയിലേക്ക് എത്തിയപ്പോള്‍ മാത്രമാണ് ഒരു ഷട്ടര്‍ 50 സെന്റീ മീറ്റര്‍ മാത്രമുയര്‍ത്താന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയത്. അപ്പോഴേക്കും സമയം വൈകിയിരുന്നു. പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയുമായി.
അന്നു വൈകിട്ട് തന്നെ ജലനിരപ്പ് 2400.10 അടിയായി ഉയര്‍ന്നു. പിന്നെ അഞ്ചു ഷട്ടറുകളും തുറക്കേണ്ടി വന്നു. തലേന്ന് സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ പുറത്തേക്കൊഴികിയ സ്ഥാനത്ത് 7.5 ലക്ഷം ഘന ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടി വന്നു. ഇതാണ് ആലുവയെ വെള്ളത്തില്‍ മുക്കിയത്.
ജുഡിഷ്യല്‍ അന്വേഷണം കൊണ്ടു മാത്രമേ സത്യം പുറത്തു വരൂ എന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."