ദുരിതാശ്വാസ ക്യാംപുകളില്‍നിന്ന് തിരികെ പോകുന്നവര്‍ക്ക് കിറ്റ് നല്‍കാന്‍ തീരുമാനം
തൃശൂര്‍: പ്രളയക്കെടുതി മൂലം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുന്നവര്‍ക്കും മുന്നേ പോയിട്ടുളളവരടക്കം എല്ലാവര്‍ക്കും ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ നല്‍കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവര്‍ അറിയിച്ചു. ക്യാംപില്‍ നിന്ന് പോയി തിരിച്ചെത്തുന്നവര്‍ക്കും കിറ്റുകള്‍ നല്‍കും. അരി, ചെറുപയര്‍, പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, പഞ്ചസാര, സവാള, ചെറിയ ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയും സോപ്പ്, ടൂത്ത്‌പേസ്റ്റ്, ബ്രഷ് തുടങ്ങിയവയും ഉള്‍ക്കൊള്ളുന്നതാണ് ഓണക്കിറ്റ്. ഹോര്‍ട്ടികള്‍ച്ചര്‍ മുഖേന പച്ചക്കറികള്‍ നല്‍കാനും അതാത് വില്ലേജ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തന അവലോകനത്തിലാണ് മന്ത്രിമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തൃശൂര്‍ വി.കെ.എന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, എന്‍ജിനീയറിങ് കോളജ്, തോപ്പ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ നിന്നാണ് കിറ്റുകള്‍ തരംതിരിച്ച് നല്‍കുന്നത്.
ദുരിതാശ്വാസ ക്യാംപുകള്‍ പിരിച്ചുവിടേണ്ടതുണ്ടെങ്കില്‍ തഹസില്‍ദാര്‍മാരുടെ ഉത്തരവു പ്രകാരം വില്ലേജ് ഓഫിസര്‍മാര്‍ നടപ്പാക്കണം. പഞ്ചായത്ത് പ്രസിഡന്റുമാരുമായി കൂടിയാലോചന നടത്തിയാണ് ഇതു ചെയ്യേണ്ടത്. ക്യാംപില്‍ നിന്ന് ആരെയും നിര്‍ബന്ധിച്ച് പിരിച്ചുവിടരുത്. വീടുകള്‍ പൂര്‍ണമായും നശിച്ചവരെ 29 നകം സ്ഥിരമായ ക്യാംപുകളില്‍ പാര്‍പ്പിക്കണം. വീട് തകരാന്‍ സാധ്യതയുള്ളവരെയും ക്യാംപില്‍ തന്നെ വിന്യസിപ്പിക്കണം.
ഇപ്പോള്‍ നല്‍കുന്ന റേഷന്‍ അരിക്ക് പുറമേ അഞ്ച് കിലോ അരി അധികമായി നല്‍കും. മഴക്കെടുതി മൂലം പ്രവര്‍ത്തനം നിലച്ച റേഷന്‍ കടകള്‍ പുനരാരംഭിക്കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു. മൃഗങ്ങളെ സംസ്‌കരിക്കുന്നതിന് പഞ്ചായത്തുതലത്തില്‍ വാഹനങ്ങള്‍ ഉപയോഗിക്കണം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പൊലിസ് സംരക്ഷണത്തോടെയാണ് മൃഗസംസ്‌കരണം നടത്തുന്നത്. കൂടുതല്‍ മൃഗങ്ങള്‍ ചത്തൊടുങ്ങിയ പ്രദേശങ്ങളില്‍ മൃഗങ്ങളെ കൂട്ടത്തോടെ സംസ്‌കരിക്കണമെന്നും മന്ത്രിമാര്‍ അറിയിച്ചു.
കേരള ഫീഡ്‌സ് കന്നുകാലികള്‍ക്കു നല്‍കുന്ന കാലിത്തീറ്റയും മരുന്നുകളും അനിമല്‍ ഹസ്‌ബെന്‍ഡറി മുഖേനയാണ് വിതരണം ചെയ്യേണ്ടത്. ബ്ലോക്ക് പഞ്ചായത്തുകള്‍ വഴി ശുചീകരണ വസ്തുക്കള്‍ പഞ്ചായത്തു സെക്രട്ടറിമാര്‍ കൈപ്പറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കണം. ദുരിതാശ്വാസ മേഖലകളില്‍ ടാങ്കര്‍ വഴി കുടിവെള്ളം എത്തിക്കണം. കിണറുകള്‍ ശുചീകരിക്കുകയും കിയോസ്‌കുകള്‍ സ്ഥാപിക്കുകയും വേണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു. വലിയ വൈദ്യുതി, ജലസേചന തകരാറുള്ള പ്രദേശങ്ങളിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ച് നടത്തണം. ചെറുകിട പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതാത് പ്രദേശത്തുള്ളവരുടെ നേതൃത്വത്തില്‍ തന്നെ നടത്തണം.
പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ ഇന്ന് എത്തുമെന്നും അത് 31 നുശേഷം വിതരണം ചെയ്യുമെന്നും മന്ത്രിമാര്‍ അറിയിച്ചു. നോട്ട്ബുക്ക്, യൂനിഫോം, ഇന്‍സ്ട്രുമെന്റ് ബോക്‌സ് എന്നിവയും ഇതോടൊപ്പം വിതരണം ചെയ്യും. പഞ്ചായത്തു തലത്തില്‍ ക്ലോറിനേഷന്‍ പോലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആശാവര്‍ക്കര്‍മാരെ ചുമതലപ്പെടുത്തും. ക്യാംപുകളിലെ കൗണ്‍സിലിങ് നടത്തുന്നത് പ്രത്യേകിച്ച് ചാലക്കുടി, കൊടുങ്ങല്ലൂര്‍, മുകുന്ദപുരം താലൂക്കുകളില്‍ മൊബൈല്‍ സംഘം പ്രവര്‍ത്തിക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി.വി അനുപമ, എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ എം.ബി ഗിരീഷ് തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."