സമാനതകളില്ലാത്ത ദുരന്തത്തില്‍ പോരാട്ടവീര്യവുമായി പൊലീസ് സേന
പാലക്കാട്:ഉരുള്‍പൊട്ടലില്‍ ഒഴുകിപോവുമായിരുന്ന ഒരുപിടി സ്വപ്നങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി പൊലീസ് സേന. നെന്മാറ അളുവാശേരിയില്‍ ഓഗസ്റ്റ് 16ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടല്‍ അറിഞ്ഞ് മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയ പൊലീസ് സേന നാട്ടുകാരുടെ സഹായത്തോടെ രക്ഷപെടുത്തിയത് ഒരു കുടുംബത്തിലെ അഞ്ചുപേരെ. മലവെള്ളം കുത്തിയൊലിച്ചിറങ്ങിയപ്പോള്‍ പൂര്‍ണമായി തകര്‍ന്നത് മൂന്ന് വീടുകളാണ്. അതില്‍ ചേരുംകാട് മണികണ്ഠന്റെ കുടുംബത്തെ കനത്തമഴയില്‍ ചെളിയും മരങ്ങളും നിറഞ്ഞ സ്ഥലത്തുനിന്നും നെന്മാറ ആശുപത്രി വരെ എത്തിച്ചത് കഠിനപരിശ്രമത്തിനൊടുവിലാണ്.
ഡാമുകള്‍ തുറന്നു വിട്ടപ്പോള്‍ വെള്ളം ഉയര്‍ന്ന കല്‍പ്പാത്തി, ചിറ്റൂര്‍, കുന്തിപ്പുഴ, കാഞ്ഞിരപ്പുഴ പുഴയോരങ്ങളില്‍ നിരവധി വീടുകളില്‍ നിന്നും ഏറെപണിപ്പെട്ടാണ് കൃത്യസമയത്ത് ആളുകളെ മാറ്റിപാര്‍പ്പിച്ചത്. അളുവശേരി ചേരുംകാടും അമ്പലപ്പാറ കരടിയോട് കോളനിയിലും ഉരുള്‍പൊട്ടല്‍ സ്ഥലങ്ങളില്‍ 80 മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് മണ്ണില്‍ പുതഞ്ഞുപോയ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണി ഉള്ളതിനാല്‍ ഈ പ്രദേശങ്ങളിലെ മുഴുവന്‍ ജനങ്ങളെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. മലമ്പുഴയിലെ അകമലവാരത്തുണ്ടായ മണ്ണിടിച്ചിലില്‍ പൊലീസ് തക്കസമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവാക്കാനായി.
ഭാരതപ്പുഴയുടെ പോഷകനദികള്‍ കരകവിഞ്ഞൊഴുകിയപ്പോള്‍ വെള്ളം കയറിയ പട്ടാമ്പി, മായന്നൂര്‍, കൊച്ചിന്‍ (ചെറുതുരുത്തി) പാലങ്ങളിലൂടെയുള്ള ഗതാഗതം ഉടനടി തിരിച്ചുവിട്ടതും പോലീസ് തന്നെയാണ്. കുതിരാനില്‍ മണ്ണിടിഞ്ഞ് ദേശീയപാതയിലൂടെയുള്ള ഗതാഗതം സ്തംഭിച്ചപ്പോള്‍ കിലോമീറ്ററുകള്‍ നീണ്ട വാഹനഗതാഗതം ശരിയായ രീതിയില്‍ നിയന്ത്രിച്ചതും വഴിതിരിച്ചു വിട്ടതും ആലത്തൂര്‍, വടക്കഞ്ചേരി സ്റ്റേഷനിലെ പൊലീസുകാരാണ്. നെല്ലിയാമ്പതിയിലേക്കുള്ള ഏകറോഡ് തകര്‍ന്ന് ഗതാഗതം തടസപ്പെട്ടപ്പോള്‍ മലനിരകളില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും മരുന്നും തലച്ചുമടായി എത്തിക്കാന്‍ പൊലീസും മുന്നിട്ടിറങ്ങി. കുണ്ടറച്ചോലയിലെ പാലം താത്ക്കാലികമായി പുനസ്ഥാപിക്കാന്‍ പൊലീസും കൈ മെയ് മറന്ന് പ്രവര്‍ത്തിച്ചു. മലമ്പുഴ ഡാം 1.5 മീറ്റര്‍ ഉയര്‍ത്തിയപ്പോള്‍ വെള്ളം കയറിയ കല്‍പാത്തി, ശേഖരിപുരം എന്നിവിടങ്ങളില്‍ രാത്രിതന്നെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. സബ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഓരോ ക്യാമ്പും ദിവസവും സന്ദര്‍ശിക്കുന്നുണ്ട്. പൊലീസ് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
പൊലീസ് കാവലിലാണ് ഓരോ ക്യാമ്പും പ്രവര്‍ത്തിച്ചത്. ഒരേസമയം ജില്ലയില്‍ 109 ക്യാമ്പുകള്‍ വരെ പ്രവര്‍ത്തിച്ച ദിവസങ്ങളുണ്ട്. പാടൂരിലും തോണിക്കടവിലും മഴവെള്ളം ഉയര്‍ന്നപ്പോള്‍ ഒറ്റപ്പെട്ടുപോയ പൂവത്തുങ്കല്‍ തുരുത്തില്‍ നിന്നും 150 പേരെ സേന സുരക്ഷിതമായി മാറ്റി. ഇവിടെ പുഴയിലേക്ക് മറിഞ്ഞ പിക്അപ് വാനില്‍ കുടുങ്ങിക്കിടന്ന മൂന്നു പേരെ ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെയാണ് രക്ഷിച്ചത്. മീന്‍പിടുത്തക്കാരുടേതടക്കം ആറ് ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."