നിറക്കൂട്ടുകളിൽ വിസ്മയം തീർത്ത് അബ്ദുസ്സമദ് ഫൈസി
അക്ഷരങ്ങളുടെയും നിറങ്ങളുടെയും ലോകത്ത് വിസ്മയം തീര്‍ക്കുകയാണ് വേങ്ങര കിളിനക്കോട് സ്വദേശി അബ്ദുസ്സമദ് ഫൈസി. ആകാശം നിറഞ്ഞൊഴുകുന്ന മേഘക്കീറുകള്‍, ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന വള്ളിപ്പടര്‍പ്പുകള്‍, വഴിഞ്ഞൊഴുകുന്ന നദീതടങ്ങള്‍, മാമലകള്‍, താഴ്‌വരകള്‍ തുടങ്ങി പ്രകൃതിയുടെ സുന്ദരമായ കാഴ്ച്ചക്കൂട്ടുകളെ ചുമരുകളിലേക്കും ക്യാന്‍വാസുകളിലേക്കും പകര്‍ത്തിയാണ് അബ്ദുസ്സമദ് ഫൈസി വിസ്മയം തീര്‍ക്കുന്നത്. ഫൈസിയുടെ സ്വന്തം കൈപ്പടയിലെഴുതിയ നൂറിലധികം വരുന്ന കിത്താബുകളുടെയും ഏടുകളുടെയും ആയിരക്കണക്കിനു വരുന്ന കോപ്പികളിലൊന്നായിരിക്കും നിങ്ങള്‍ ഇന്നും വീടുകളില്‍ ഉപയോഗിച്ചു വരുന്നത്.
കിളിനക്കോട് ഉത്തന്‍കൊടിയില്‍ ഹാജി മുഹമ്മദ് കുട്ടി മുസ്‌ലിയാരുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ് നാല്‍പത്തഞ്ചുകാരനായ അബ്ദുസ്സമദ് ഫൈസി. കൂട്ടിലങ്ങാടി പഴമള്ളൂര്‍ മഹല്ലില്‍ ഖത്വീബും മുദരിസുമായി ജോലി ചെയ്യുന്ന ഫൈസി തന്റെ ഒഴിവു സമയം മാത്രമുപയോഗിച്ചാണ് ചിത്രകലയും പകര്‍ത്തെഴുത്തും പരിശീലിച്ചെടുത്തത്.
പെയിന്റും ബ്രഷുമെല്ലാം അപ്രാപ്യമായ ചെറുപ്പ കാലത്ത് പച്ചിലകള്‍, പൂക്കള്‍, കരിക്കട്ട, ചോക്ക് പൊടി തുടങ്ങിയവയിലായിരുന്നു ഫൈസിയുടെ ചിത്രങ്ങള്‍ തെളിഞ്ഞു വന്നത്. ഇനാമല്‍ പെയിന്റില്‍ സൂക്ഷ്മമായ ചിത്രങ്ങള്‍ വരച്ച് തുടങ്ങിയിരുന്നെങ്കിലും അക്രിലിക് പെയിന്റുകളുപയോഗിച്ച് തുടങ്ങിയത് ഏറെ കഴിഞ്ഞാണ്. പ്രകൃതിയുടെ വൈവിധ്യ ഭാവങ്ങൾ ഭാവനയില്‍ വരച്ചെടുക്കുന്ന ഫൈസിയുടെ ചുമര്‍ ചിത്രങ്ങള്‍ക്കും ക്യാന്‍വാസുകള്‍ക്കും ആവശ്യക്കാരേറെയാണ്.
ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത ഫൈസിക്ക് ചിത്രങ്ങള്‍ വരക്കുന്നതിനുള്ള ഏറ്റവും വലിയ പ്രചോദനം പിതാവ് തന്നെയായിരുന്നു. നിറഞ്ഞ മനസ്സോടെ തന്റെ ചിത്രങ്ങള്‍ ആസ്വദിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന പിതാവാണ് സ്വന്തം വീടിന്റെ ചുമരുകള്‍ മുഴുവന്‍ ചിത്രങ്ങള്‍ കൊണ്ട് നിറക്കാന്‍ പ്രചോദനം നല്‍കിയിരുന്നതെന്ന് ഫൈസി പറയുന്നു.
പ്രകൃതിയുടെ ചിത്രങ്ങള്‍ മാതൃകകളോ മറ്റു സാങ്കേതിക സഹായങ്ങളോ ഇല്ലാതെ സ്വന്തം ഭാവനയില്‍ വരച്ചെടുക്കുന്ന അബ്ദുസ്സമദ് ഫൈസി ജീവനുള്ള വസ്തുവിന്റെ ചിത്രം വരക്കുന്നതിലെ ഇസ്‌ലാമികത പൂര്‍ണ്ണമായും സ്വീകരിച്ച് മാത്രമാണ് ചുമരുകളും മറ്റും അലങ്കരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
വീടുകളില്‍ ഫ്രൈം ചെയ്ത് സൂക്ഷിക്കാനായി ഖുര്‍ആന്‍ സൂക്തങ്ങളും മറ്റും സുന്ദരമായി എഴുതിയുണ്ടാക്കിയ ക്യാന്‍വാസുകള്‍ തേടിയെത്തുന്നവരും ധാരാളമാണ്.
കിളിനക്കോട് ഗവണ്‍മെന്റ് യു പി സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസവും പരപ്പനങ്ങാടി പനയത്തിൽ പള്ളി, കോട്ടക്കല്‍, കുറ്റിപ്പുറം എന്നിവിടങ്ങളിലെ ദര്‍സ് പഠനവും കഴിഞ്ഞ് തുടര്‍ പഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ചേര്‍ന്ന അബ്ദുസ്സമദ് ഫൈസി 1999 ലാണ് പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."