വോട്ടിങ് യന്ത്രത്തിലെ തകരാര്‍; വലഞ്ഞ് ജനം
പൊന്നാനി: വി.വി പാറ്റ് ആദ്യമായി ഏര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയത് വോട്ടിംഗ് ഏറെ നേരം തടസപ്പെടുന്നതിനിടയാക്കി. പൊന്നാനിയിലെ മാതൃകാ ബൂത്തുകള്‍ ഉള്‍പ്പെടുന്ന തെയ്യങ്ങാട് ജി.എല്‍.പി സ്‌കൂളിലെ 48, 50 ബൂത്തുകളില്‍ കാലത്ത് 10 മണിയോടെ പോളിംഗ് യന്ത്രം പണിമുടക്കി.
ഇടതു സ്ഥാനാര്‍ഥിക്ക് വോട്ടു രേഖപ്പെടുത്തുമ്പോള്‍ യന്ത്രത്തില്‍ ലൈറ്റ് തെളിയുന്നില്ലെന്ന ആരോപണവുമായി എല്‍.ഡി.എഫ്.പ്രവര്‍ത്തകര്‍ രംഗത്തെത്തി. തുടര്‍ന്ന് പോളിംഗ് നിര്‍ത്തിവെക്കുകയും പതിനൊന്നരയോടെ പുതിയ വോട്ടിംഗ് മെഷിനെത്തിച്ച് വോട്ടിംഗ് പുനരാരംഭിക്കുകയും ചെയ്തു. വെളളീരി ഗവ.എല്‍.പി.സ്‌കൂളില്‍ യന്ത്രതകരാര്‍ മൂലം അര മണിക്കൂര്‍ വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്. വെള്ളീരി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 3ലാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്. മോക്‌പോള്‍ ചെയ്തപ്പോള്‍ കേടുപാടുകളില്ലാതിരുന്ന യന്ത്രത്തില്‍ വോട്ടിംഗ് ആരംഭിച്ചതോടെ നിശ്ചലമാവുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധരെത്തി കേടുപാടുകള്‍ തീര്‍ത്താണ് വോട്ടിംഗ് ആരംഭിച്ചത്. പൊന്നാനി ഐ.ടി.സി.യിലെ 37ാം നമ്പര്‍ ബൂത്തില്‍ ഏഴു മണിക്ക് ആരംഭിച്ച വോട്ടിംഗ് യന്ത്രതകരാര്‍ മൂലം ഉടന്‍ നിര്‍ത്തിവെച്ചു. മാറഞ്ചേരി പരിച്ചകം എ.എം.എല്‍.പി.സ്‌കൂളിലെ പോളിംഗ് സറ്റേഷനിലെ പോളിംഗ് മെഷിന്‍ പ്രവര്‍ത്തനസജ്ജമാകാത്തതിനാല്‍ മുക്കാല്‍ മണിക്കൂറോളം വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്.
വോട്ടിംഗ് മെഷിന്‍ പ്രവര്‍ത്തന ക്ഷമമായതിനു ശേഷമാണ് വയനാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ പി.പി സുനീര്‍ ഈ ബൂത്തിലെത്തി വോട്ട് ചെയ്തത്. കാഞ്ഞിരമുക്ക് പി.എന്‍.പി.യു.പി സ്‌കൂളിലെ വോട്ടിംഗ് മെഷിന്‍ തകരാറിലായതിനാല്‍ ഒരു മണിക്കൂര്‍ വോട്ടിംഗ് നിര്‍ത്തിവെച്ചു. മാറഞ്ചേരി താമലശ്ശേരി എല്‍.പി.സ്‌കൂളിലും യന്ത്രതകരാര്‍ മൂലം വോട്ടര്‍മാര്‍ മണിക്കൂറുകളോളം പ്രയാസത്തിലായി. തീരദേശത്തടക്കം മിക്ക ബൂത്തുകളിലും 6 മണിക്ക് ശേഷവും വോട്ടര്‍മാരുടെ നീണ്ട ക്യൂ കാണാമായിരുന്നു.
തിരൂര്‍: തീരദേശത്ത് തെരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയായെങ്കിലും യന്ത്രതകരാറ് ജനത്തെ വലച്ചു. പൊന്നാനി മണ്ഡലത്തില്‍ 118 വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായി. തിരൂരില്‍ മാത്രം വിവിധ ബൂത്തുകളിലായി 30 ല്‍ അധികം യന്ത്രങ്ങള്‍ തകരാറിലായി. വോട്ടു രേഖപ്പെടുത്താന്‍ തീരദേശ ബൂത്തുകളില്‍ ഉള്‍പ്പടെ രാവിലെ മുതല്‍ ജനങ്ങള്‍ കൂട്ടത്തോടെയെത്തി. രാവിലെ എട്ട് മണിയോടെ നീണ്ട വരികള്‍ ബൂത്തുകള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ യന്ത്രതകരാറ് മൂലം പല ബൂത്തുകളിലും വോട്ടെടുപ്പ് താളം തെറ്റിച്ചു. 9 മണിയോടെയാണ് തകരാറ് പരിഹരിച്ച് വോട്ടിംഗ് പുന:സ്ഥാപിച്ചത്. തുമരക്കാവ് എ എല്‍ പി സ്‌കൂള്‍, പൊറൂര്‍ സ്‌കൂള്‍, താനാളൂര്‍ പകര സ്‌കൂള്‍, വാക്കാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പറവണ്ണ ജി എം യു പി സ്‌കൂള്‍, തൃപ്രങ്ങോട് സ്‌കൂള്‍ തുടങ്ങിയ ബൂത്തുകളില്‍ യന്ത്രതകരാറ് മൂലം രാവിലെ മുതല്‍ വോട്ടെടുപ്പ് തടസപ്പെട്ടു. ഇതോടെ മണിക്കൂറുകള്‍ വരിനിന്ന് ജനം വലഞ്ഞു. യന്ത്രം മാറ്റി സ്ഥാപിച്ച ശേഷമാണ് പല ബൂത്തുകളിലും വോട്ടെടുപ്പ് പുന:സ്ഥാപിച്ചത്. വൈകിട്ട് 6 മണിക്കു ശേഷവും മിക്ക ബൂത്തുകളിലും നീണ്ട വരി വോട്ടു ചെയ്യാന്‍ ബാക്കിയായി. ടോക്കണ്‍ കൈപറ്റിയവര്‍ക്കു മാത്രമാണ് 6 മണിക്കു ശേഷം വോട്ട് ചെയ്യാന്‍ അവസരമുണ്ടായത്. യന്ത്രതകരാറ് കാരണം സമയം നഷ്ടമായ ബൂത്തുകള്‍ക്ക് അധിക സമയം അനുവധിക്കാത്തത് പ്രതിഷേധത്തിനിടയാക്കി. വെട്ടം സി എച്ച്‌സിയില്‍ വോട്ടെടുപ്പ് രാത്രി 8.45 വരെയും പറവണ്ണ ജി എം യു പി സ്‌കൂളില്‍ രാത്രി 9.15 വരെയും നീണ്ടു.
ചങ്ങരംകുളം: ആലങ്കോട് ജി.എല്‍.പി സ്‌കൂളില്‍ വി.വി പാറ്റ് തകരാറിലായി. തുടര്‍ന്ന് ഒന്നരമണിക്കൂര്‍ വോട്ടിങ് മുടങ്ങി. രാത്രി വൈകിയും വോട്ടിങ് നടന്നു. ആലംകോട് ഗ്രാമപഞ്ചായത്തിലെ ആലങ്കോട് അട്ടേംകുന്ന് ജി.എല്‍.പി സ്‌കൂളിലെ വി.വി പാറ്റ് യന്ത്രത്തിനാണ് തകരാര്‍ ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം വോട്ടിങ് നിര്‍ത്തിവെച്ചു. ആദ്യത്തെ കുറച്ചുപേര്‍ വോട്ട് ചെയ്തതിനുശേഷമാണ് വി.വി പാറ്റ് കേന്ദ്രം തകരാറിലായത്. ഇതിനെ തുടര്‍ന്ന് പ്രിസൈഡിങ് ഓഫിസറുടെ നിര്‍ദേശപ്രകാരം വോട്ടെടുപ്പ് നിര്‍ത്തിവയ്ക്കുകയായിരുന്നു. ശേഷം പൊന്നാനിയില്‍ നിന്നും വിദഗ്ധ സംഘം സ്ഥലത്തെത്തി മെഷീന്‍ പരിശോധിച്ചശേഷം തകരാര്‍ പരിഹരിച്ചു. ഇതിനു ശേഷമാണ് വോട്ടെടുപ്പ് നടന്നത്. ജനങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള ഒന്നരമണിക്കൂര്‍ നഷ്ടമായതില്‍ പ്രതിഷേധിച്ച് നാട്ടുകാരും രാഷ്ട്രീയ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. നാട്ടുകാര്‍ പ്രതിഷേധവുമായി ബൂത്തിന് പുറത്ത് തടിച്ചുകൂടി. ഒന്നരമണിക്കൂര്‍ നഷ്ടമായതിനാല്‍ തന്നെ 6 മണിക്ക് ശേഷവും വോട്ട് ചെയ്യാന്‍ എത്തിയവരുടെ നീണ്ട നിരയായിരുന്നു സ്‌കൂളില്‍ അനുഭവപ്പെട്ടത്.
ആലങ്കോട് നന്നംമുക്ക് പഞ്ചായത്ത് പരിധിയില്‍ നിരവധി ഇടങ്ങളിലാണ് വോട്ടിങ് മെഷിന് യന്ത്രത്തിന് തകരാര്‍ ഉണ്ടായത്. തിങ്കളാഴ്ച ഉണ്ടായ കനത്ത മഴ മൂലം ചാലിശ്ശേരി ആമക്കാവ് സബ്‌സ്റ്റേഷനിലെ തകരാറു മൂലം ബൂത്തുകളെല്ലാം ഇരുട്ടിലായിരുന്നു. ആലങ്കോട് ഗ്രാമപഞ്ചായത്തിലെ ഒതളൂര്‍ സ്‌കൂള്‍, കോക്കൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോക്കൂര്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എം.വി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലങ്കോട് ജി.എല്‍.പി സ്‌കൂള്‍, ചിയ്യാനൂര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ പള്ളിക്കര സ്‌കൂള്‍, മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൂക്കുതല ജി.എല്‍.പി സ്‌കൂള്‍, വടക്കുമുറി സ്‌കൂള്‍, എന്നിവിടങ്ങളിലും വോട്ടിംഗ് യന്ത്രം തകരാറിലായി. പലയിടത്തും കാലത്ത് വൈകിയാണ് ആരംഭിച്ചത്. ഇതിനാല്‍ തന്നെ രാത്രി വൈകിയും തുടര്‍ന്നു. ചെറവല്ലൂര്‍ സ്‌കൂളില്‍ ആറുമണിക്ക് ശേഷം എണ്ണൂറിലധികം പേര്‍ വോട്ടുചെയ്യാന്‍ ഉണ്ടായിരുന്നു എന്നാണ് കണക്ക്. വൈദ്യുതി ഇല്ലാത്തതിനാല്‍ ഉച്ചക്ക് ശേഷം ജനറേറ്റര്‍ ഉപയോഗിച്ചാണ് പലയിടത്തും വൈദ്യുതി ഒരുക്കിയത്. വോട്ടിങ് വൈകിയത് പലയിടങ്ങളിലും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും തമ്മില്‍ വാക്കേറ്റമുണ്ടാക്കി.
വളാഞ്ചേരി: വോട്ടിങ് മെഷീന്‍ തകരാറായതിനെ തുടര്‍ന്ന് പ്രദേശത്തെ ചില ബൂത്തുകളില്‍ വോട്ടിങ്ങ് ആരംഭിക്കുന്നത് വെഴുകി. എടയൂര്‍ പഞ്ചായത്തിലെ അത്തിപ്പറ്റയില്‍ ബയാനിയ മദ്രസയിലെ 105ാം നമ്പര്‍ ബൂത്തിലാണ് ഏറെനേരം വോട്ടിങ് യന്ത്രം പണിമുടക്കിയത്. രാവിലെ മോക്കിങ് പോളിന് ശേഷം ക്ലിയര്‍ ബട്ടണില്‍ അമര്‍ത്തി ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് മെഷീന്‍ തകരാറിലായത്. ഉദ്യോഗസ്ഥരുടെ ഏറെ നേരത്തെ ശ്രമഫലമായി രണ്ട് മണിക്കൂര്‍ വൈകി 9 മണിയോടെയാണ് ഇവിടെ വോട്ടിങ് ആരംഭിക്കാനായത്. പഞ്ചായത്തിലെ മറ്റൊരു ബൂത്തായ എടയൂര്‍ നോര്‍ത്ത് എ.എം.എല്‍.പി സ്‌കൂളിലെ 92ാം നമ്പര്‍ ബൂത്തിലും 45 മിനുട്ട് വെഴുകിയാണ് വോട്ടിങ് ആരംഭിക്കാനായത്. ഇവിടെ ഇടതു സ്ഥാനാര്‍ഥി പി.വി അന്‍വറിന്റ നേരെയുള്ള ബട്ടണ്‍ അമര്‍ത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ പുതിയ വോട്ടിങ് യന്ത്രം എത്തിച്ചതിന് ശേഷമാണ് വോട്ടിങ് ആരംഭിക്കാനായത്.
തൊഴുവാനൂറിലെ ഒരു ബൂത്തില്‍ വോട്ടിങ് പ്രൊസസ് സാവധാനത്തിലാണ് എന്ന പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ മാറ്റി. റിസര്‍വില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ വരുത്തിയാണ് വോട്ടിങ് തുടര്‍ന്നത്. വോട്ടെടുപ്പ് സമാധാനപരമായിരുന്നങ്കിലും പലയിടങ്ങളിലും ആറുമണിക്ക് ശേഷവും വലിയ ക്യൂ ദൃശ്യമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."