കാലവര്‍ഷത്തില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങി ഏലം മേഖല
രാജാക്കാട്: കാലവര്‍ഷത്തിന്റെ കലിതുള്ളലില്‍ തകര്‍ന്നടിഞ്ഞത് ഹൈറേഞ്ചിലെ തോട്ടം മേഖല. ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത് പ്രദേശത്തെ ചെറുകിട ഏലം കര്‍ഷകരാണ്.
വിളവെടുപ്പ് സമയത്ത് മഴ തോരാതെ പെയ്തതതിനാല്‍ വിളവെടുക്കുവാന്‍ കഴിയാതെ ഏലക്കായ്കള്‍ പൂര്‍ണ്ണമായും അഴുകി നശിച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏലക്കായ്ക്ക് ഇത്തവണ 1200 രൂപയിലധികം വിലയെത്തി. എന്നാല്‍ വില്‍ക്കാന്‍ കായില്ലാത്ത അവസ്ഥയാണ്. ശക്തമായി പെയ്ത മഴയില്‍ ഏക്കറ് കണക്കിന് ഏലത്തോട്ടം മണ്ണിടിഞ്ഞും ഉരുല്‍പൊട്ടിയും ഒലിച്ചുപോയി. മഴ തോരാതെ പെയ്തതിനാല്‍ കൃത്യസമയത്ത് വിളവെടുപ്പ് നടത്താത്തിനാല്‍ കായ്കള്‍ അഴുകി നശിക്കുന്നതിനും കാരണാമായി.
മണ്ണിടിച്ചിലില്‍ ഹൈറേഞ്ചിലേയ്ക്കുള്ള റോഡ് ഗതാഗതം പൂര്‍ണ്ണമായി ഇല്ലാതായതോടെ തമിഴ്‌നാട്ടില്‍ ജീപ്പുകളില്‍ ഇവിടേയ്ക്ക് എത്തിയിരുന്ന തൊഴിലാളികള്‍ എത്താതായി. ഇതോടെ വിളവെടുപ്പ് പൂര്‍ണ്ണമായും നിലച്ചു. വലിയ രീതിയില്‍ പ്രളയ ദുരന്തം ഇടുക്കിയില്‍ പിടിമുറിക്കിയ വാര്‍ത്തകള്‍ പുറത്തെത്തിയതോടെ ഇപ്പോളും ഭയം മൂലം തൊഴിലാളികള്‍ ഇവിടേയ്ക്ക് എത്താത്ത സാഹചര്യമാണുള്ളത്.
അതുകൊണ്ടു തന്നെ തോട്ടം മേഖല പൂര്‍ണ്ണമായി നിശ്ചലമായെന്നും പറയാം. അഴുകി നശിച്ച ഏലച്ചെടികള്‍ക്ക് പരിപാലനം നടത്തുവാനും തൊഴിലാളി ക്ഷാമം പ്രതിസന്ധിയാകുന്നുണ്ട്. കാലങ്ങളുടെ കാത്തിരുപ്പിന് ശേഷം ഏലക്കാ വില ഉയര്‍ന്ന് കിട്ടിയപ്പോള്‍ ഹൈറേഞ്ചില്‍ നിന്നും കയറ്റി അയക്കുവാന്‍ ഏലക്കാ ഇല്ലാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."