ലോക്‌സഭാ തെരഞ്ഞെടുപ്പ്: കോട്ടയം മണ്ഡലത്തില്‍ പോളിങ് 75.41 ശതമാനം
കോട്ടയം: ലോക്‌സഭാ മണ്ഡലത്തില്‍ 35 ബൂത്തുകളില്‍ നിന്നുള്ള പ്രാഥമിക കണക്കുകള്‍പ്രകാരം പോളിങ് 75.41 ശതമാനത്തിലെത്തി. 41 പോളിങ് ബൂത്തുകളില്‍ വൈകുന്നേരം ആറിനു ശേഷവും പോളിങ് തുടര്‍ന്നു. ആറു മണിക്ക് ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കിയാണ് വോട്ടു ചെയ്യാന്‍ അവസരമൊരുക്കിയത്.
പിറവം-75.12, പാലാ-72.66, കടുത്തുരുത്തി-71.09, പുതുപ്പള്ളി- 75.44, വൈക്കം-79.82, ഏറ്റുമാനൂര്‍-77.23, കോട്ടയം-76.53 എന്നിങ്ങനെയാണ് നിലവില്‍ നിയമസഭാ നിയോജകമണ്ഡലം തിരിച്ചുള്ള ശതമാനക്കണക്ക്.
ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ തൊണ്ണംക്കുഴി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ 99-ാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും ഒടുവില്‍ പോളിങ് അവസാനിച്ചത്. രാത്രി 7.55നാണ് ഇവിടെ നടപടികള്‍ പൂര്‍ത്തീകരിച്ചത്.
പിറവം-17, പാലാ-7, കടുത്തുരുത്തി-1, വൈക്കം-9, ഏറ്റുമാനൂര്‍-2, പുതുപ്പള്ളി-5 എന്നിങ്ങനെയാണ് വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ ആറു മണിക്കുശേഷം പോളിങ് തുടര്‍ന്ന ബൂത്തുകളുടെ എണ്ണം. കോട്ടയം നിയമസഭാ മണ്ഡലത്തില്‍ നിശ്ചിത സമയത്ത് പോളിങ് പൂര്‍ത്തിയായി. അതിനിടെ വോട്ട്് ചെയ്യാന്‍ പോയ രണ്ട് പേര്‍ കുഴഞ്ഞുവീണു മരിച്ചു.
വോട്ടു രേഖപ്പെടുത്തുന്നതിനായി നടന്നു പോകുകയായിരുന്ന പെരുമ്പായിക്കാട് അര്‍ത്യാകുളം സുരേഷ് (49) ,വോട്ട് ചെയ്യാന്‍ വീട്ടില്‍ നിന്നും വാഹനത്തില്‍ കയറുന്നതിനിടെ തലയോലപ്പറമ്പ് മുളക്കുളംകാലായില്‍ പരേതനായ ഔസേഫിന്റെ ഭാര്യ റോസമ്മ ഔസേഫ് (84) എന്നിവരാണ് മരിച്ചത്.
കോട്ടയം മണ്ഡലത്തില്‍ ഇത്തവണ കനത്ത പോളിങ്ങാണുണ്ടായത്. അഞ്ചര വരെയുള്ള കണക്കുകള്‍ പ്രകാരം 71.67 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്നണികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ശക്തമായ ഇടപെടലിനൊപ്പം തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിലുള്ള സ്വീപ്പിന്റെ പരിശ്രമവും വോട്ടിങ് നിരക്ക് ഉയരാന്‍ കാരണമായി. രാവിലെ 7 മണിക്ക് വോട്ടിങ് ആരംഭിച്ചപ്പോള്‍ തന്നെ പോളിങ് ബൂത്തുകളിലേക്ക് വോട്ടര്‍മാരുടെ പ്രവാഹമായിരുന്നു.
രാവിലെ മുതല്‍ തന്നെ ബുൂത്തുകളില്‍ വോട്ട് ചെയ്യാന്‍ ഊഴം കാത്ത് നില്‍ക്കുന്നവരുടെ നീണ്ട നിരയാണ് കാണാനായത്. പോളിങ് ദിനത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പും രാവിലെ തന്നെ ആളുകള്‍ പോളിങ് ബൂത്തുകളിലേക്ക് എത്താന്‍ കാരണമായി.
അതേസമയം ഉച്ചയ്ക്ക് ശേഷം മഴ പ്രതീക്ഷിച്ചിരുന്നെങ്കിലും കാലാവസ്ഥ അനുകൂലമായിരുന്നു. കോട്ടയം മണ്ഡലത്തില്‍ ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ പോളിങ് നിരക്ക് 11 ശതമാനം കടന്നിരുന്നു. 10 മണി കഴിഞ്ഞപ്പോള്‍ നിരക്ക് 20ലേക്ക് ഉയര്‍ന്നു, 12 മണി ആയപ്പോള്‍ നിരക്ക് 33 ശതമാനത്തിലെത്തി. ഒരുമണിയോടെ 46 ശതമാനത്തിലെത്തിയ പോളിങ് നിരക്ക് രണ്ടു മണിയോടെ 50 ശതമാനം പിന്നിട്ടു.
കോട്ടയം മണ്ഡലത്തിലെ വിവിധ അസംബ്ലി മണ്ഡലങ്ങളിലെ പോളിങ് നിരക്കുകളില്‍ കോട്ടയം മണ്ഡലം തന്നെയാണ് എല്ലാ ഘട്ടത്തിലും മുന്നിട്ടു നിന്നത്.
കുറവ് പിറവം അസംബ്ലി മണ്ഡലത്തിലുമായിരുന്നു. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മറ്റ് അവശതകള്‍ അനുഭവിക്കുന്നവര്‍ക്കും കാത്ത് നില്‍ക്കാതെ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കിയിരുന്നു. ഇതിന് പുറമേ ഇത്തരക്കാരെ ബൂത്തുകളിലേക്ക് എത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ ക്രമീകരണവും നടത്തിയിരുന്നു.
2014ലെ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ ആകെയുണ്ടായിരുന്ന 11,59017 വോട്ടര്‍മാരില്‍ 8,30,960 പേര്‍ മാത്രമായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ അഞ്ചരയോടെ തന്നെ വോട്ടിങ് നില ഏട്ടേകാല്‍ ലക്ഷം കടന്നിരുന്നു.
കോട്ടയത്ത് ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുന്നതിനാല്‍ മൂന്നു മുന്നണികളുടെയും ഭാഗത്ത് നിന്നും വോട്ടിങ് നിരക്ക് ഉയര്‍ത്താന്‍ ശക്തമായ ഇടപെടലാണ് ഉണ്ടായത്. പോളിംഗ് നിരക്ക് ഉയര്‍ന്നപ്പോള്‍ എല്ലാ മുന്നണികളും ശുഭപ്രതീക്ഷയാണ് പങ്കുവച്ചത്.
ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ പി.കെ. സുധീര്‍ ബാബു മുട്ടമ്പലം പി.എസ്.സി ഓഫിസിലെ ബൂത്തില്‍ വോട്ടു ചെയ്തു. ഭാര്യ സുബിതയും അദ്ദേഹത്തിനൊപ്പം വോട്ടു ചെയ്യാനുണ്ടായിരുന്നു. വോട്ടര്‍ ബോധവത്കരണ പരിപാടി സ്വീപിന്റെ ഗുഡ്‌വില്‍ അംബാസഡര്‍ ചലച്ചിത്ര താരം മിയ ജോര്‍ജ് കണ്ണായുറമ്പ് സെന്റ് ജോസഫ് സ്‌കൂളിലെ പോളിങ് ബൂത്തില്‍ വോട്ടു ചെയ്തു.
ഭിന്നശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കുമായി തെരഞ്ഞെടുപ്പ് വിഭാഗം ഒരുക്കിയ പ്രത്യേക ക്രമീകരണങ്ങള്‍ പ്രയോജനപ്പെടുത്തി നിരവധി പേര്‍ വോട്ടു ചെയ്തു. പ്രശ്‌ന ബാധിത പട്ടികയില്‍പ്പെട്ട ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിരുന്നു.
എല്ലാ പോളിങ് ബൂത്തുകളിലും കുടുംബശ്രീ മുഖേന പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം ലഭ്യമാക്കി.
വോട്ടു രേഖപ്പെടുത്തിയ വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്നതിന് മുന്നോടിയായി വൈകുന്നേരത്തോടെ കലക്ഷന്‍ സെന്ററുകളിലെത്തിച്ചു. പോളിങ്് സാമഗ്രികളുടെ വിതരണം നടന്ന ഒന്‍പതു കേന്ദ്രങ്ങള്‍ തന്നെയാണ് കലക്ഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചത്.
പോളിങ് കേന്ദ്രങ്ങളില്‍നിന്നുള്ള വിവരശേഖരണത്തിനായി നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തയാറാക്കിയ പോള്‍ മാനേജര്‍, പോളിങ് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഹരിക്കുന്നതിന് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ സഹായത്തോടെ കോട്ടയം ജില്ലയ്ക്കുവേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്ത ഇലക്ഷന്‍ കോട്ടയം എന്നീ ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുപ്പ് നിര്‍വഹണം സുഗമമാക്കുന്നതില്‍ സഹായകമായി.
വലിയ വിജയപ്രതീക്ഷയിലാണെന്ന് കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ പറഞ്ഞു. ജനങ്ങള്‍ കൂടെയുണ്ടെന്നാണ് വിശ്വാസമെന്നും കോട്ടയത്തെ എസ്.എച്ച് മൗണ്ട് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ 23 ബൂത്തുകളില്‍ വോട്ടിങ് യന്ത്രവും 62 ബൂത്തുകളില്‍ വിവിപാറ്റ് യന്ത്രവും തകരാറിലായതിനെ തുടര്‍ന്ന് പുതിയവ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തി.
കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ 42 ബൂത്തുകളില്‍ വിവി പാറ്റ് മെഷീനുകള്‍ മാറ്റി.
നാല് ബൂത്തുകളില്‍ വോട്ടിങ് യന്ത്രം മാത്രം മാറ്റി. വോട്ടിങ് യന്ത്രവും വിവി പാറ്റുംകൂടി മാറ്റിയത് 15 ബൂത്തുകളില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."