ഇസ്‌റാഈലും യു.എസുമായുള്ള ചര്‍ച്ചയില്‍നിന്ന് യു.എ.ഇ പിന്മാറി
അബൂദബി: യു.എസിന്റെ എഫ്-35 യുദ്ധവിമാനങ്ങള്‍ യു.എ.ഇക്ക് അമേരിക്ക വില്‍ക്കുന്നതിനെ ഇസ്‌റാഈല്‍ പരസ്യമായി എതിര്‍ത്തതോടെ യു.എസ്, ഇസ്‌റാഈല്‍ എന്നിവയുമായുള്ള ത്രിരാഷ്ട്ര ചര്‍ച്ചയില്‍ നിന്ന് യു.എ.ഇ പിന്മാറി. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ മൂന്നു രാജ്യങ്ങളുടെയും യു.എന്‍ സ്ഥാനപതിമാരുടെ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു.
ഇരു രാജ്യങ്ങളും തമ്മില്‍ സാധാരണനിലയിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കാന്‍ യു.എസ് മധ്യസ്ഥതയില്‍ തീരുമാനിച്ചത് ഈ മാസം 13നാണ്. ടെല്‍അവീവില്‍ യു.എ.ഇ എംബസി സ്ഥാപിക്കാനും ധാരണയായിരുന്നു.
യു.എസിന്റെ അത്യാധുനിക യുദ്ധവിമാനമായ എഫ്-35 യു.എ.ഇക്ക് നല്‍കുന്നത് മേഖലയിലെ ഇസ്‌റാഈലിന്റെ മേല്‍ക്കോയ്മയ്ക്ക് ഭീഷണിയാവുമെന്ന് അവര്‍ ഭയക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ത്രിരാഷ്ട്ര ചര്‍ച്ചയില്‍ നിന്ന് പിന്മാറി നിരാശ അറിയിക്കാനാണ് യു.എ.ഇയുടെ തീരുമാനം. അതേസമയം എഫ്- 35 വിമാനവില്‍പന ഒപ്പിട്ട കരാറിന്റെ ഭാഗമല്ലെന്നാണ് നെതന്യാഹു പറയുന്നത്. അതിനിടെ ഇപ്പോള്‍ പശ്ചിമേഷ്യയിലുള്ള യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇസ്‌റാഈലിന് മേഖലയില്‍ ആയുധ മേല്‍ക്കോയ്മ ഉറപ്പാക്കുമെന്ന് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.
ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും മികച്ച യുദ്ധവിമാനമാണ് യു.എസിന്റെ എഫ്-16. ഇത്തരം 16 വിമാനങ്ങള്‍ നിലവില്‍ ഇസ്‌റാഈലിന്റെ പക്കലുണ്ട്. കൂടുതലെണ്ണം വാങ്ങാനും പദ്ധതിയുണ്ട്. ഇസ്‌റാഈലിനെ കൂടാതെ യു.എസിന്റെ സഖ്യരാജ്യങ്ങളായ ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയ്‌ക്കേ അമേരിക്ക അതീവ പ്രഹരശേഷിയുള്ള ഈ വിമാനം കൈമാറിയിട്ടുള്ളൂ. ചൈനയുടെ ഭീഷണി തടയാനാണിത്.
അതേസമയം, എഫ്-35 യുദ്ധവിമാനത്തിന്റെ സ്‌ക്രൂ പോലും യു.എ.ഇക്ക് വില്‍ക്കാന്‍ സമ്മതിക്കില്ലെന്ന് ഇസ്‌റാഈലിലെ മന്ത്രി. യു.എ.ഇ ഉള്‍പ്പെടെ പശ്ചിമേഷ്യയിലെ ഒരു രാജ്യത്തിനും എഫ്-35 വില്‍ക്കാന്‍ അനുവദിക്കില്ല. അവരുമായി സമാധാന കരാറുണ്ടായാലും ഇല്ലെങ്കിലും ശരി. അതാണ് ഇസ്‌റാഈലിന്റെ നിലപാട്- രാജ്യത്തെ പുതുതായി രൂപീകരിച്ച കുടിയേറ്റ പാര്‍പ്പിടകേന്ദ്ര കാര്യ മന്ത്രിയായ സാച്ചി ഹനെഗ്ബി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."