മുതിര്‍ന്ന യു.എസ് സെനറ്റര്‍ ജോണ്‍ മക്കൈന്‍ അന്തരിച്ചു
വാഷിങ്ടണ്‍: വിയറ്റ്‌നാം യുദ്ധത്തടവുകാരന്‍ കൂടിയായ മുതിര്‍ന്ന യു.എസ് സെനറ്റര്‍ ജോണ്‍ മക്കൈന്‍ അന്തരിച്ചു. 81 വയസായിരുന്നു. തലച്ചോറിന് അര്‍ബുദം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 4.28നാണ് അന്ത്യം.
അമേരിക്കയിലെ ഏറ്റവും ജനകീയരായ രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ് റിപബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍ കൂടിയായ മക്കൈന്‍. ആറു വര്‍ഷം അരിസോണയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടു. 2008ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബരാക് ഒബാമയ്‌ക്കെതിരേ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. 2000ത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രാഥമിക ഘട്ടത്തില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ബുഷിനു തൊട്ടുപിറകെ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടിക്കകത്തു തന്നെ ട്രംപിനെതിരേ ശബ്ദമുയര്‍ത്തിയ വ്യക്തി കൂടിയാണ് മക്കൈന്‍. ട്രംപിനോടുള്ള വിയോജിപ്പുകളടക്കമുള്ള കാരണങ്ങളാല്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ അദ്ദേഹം വാഷിങ്ടണില്‍നിന്നു മാറി പൊതുരാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തോടെ ട്രംപിന്റെ വിഭാഗീയ നയങ്ങള്‍ക്കെതിരേ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് ഉയര്‍ന്നിരുന്ന ശക്തമായ ശബ്ദം കൂടിയാണ് അപ്രത്യക്ഷമാകുന്നത്.
ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ 2003ലെ ഇറാഖ് അധിനിവേശത്തിനു ശക്തമായ പിന്തുണയുമായി മക്കൈന്‍ രംഗത്തുണ്ടായിരുന്നു. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ കാര്യമായി ഇടപെടാത്തതിന് ഒബാമയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനമഴിച്ചുവിടുകയും ചെയ്തു. എന്നാല്‍, ട്രംപിന്റെ കുടിയേറ്റവിരുദ്ധ നിലപാട്, മാധ്യമങ്ങള്‍ക്കെതിരേയുള്ള ആക്രമണം എന്നിവയെയും അദ്ദേഹം വിമര്‍ശിച്ചു.
മരണത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ് ഡബ്ല്യു. ബുഷ്, ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹു, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയവര്‍ മരണത്തില്‍ അനുശോചിച്ചു. എന്നാല്‍, മരണത്തിലും വിയോജിപ്പ് ചെറിയ രീതിയില്‍ പ്രകടിപ്പിക്കാന്‍ ട്രംപ് മറന്നില്ല. ചുരുങ്ങിയ വാക്കുകളില്‍ കാര്യമായ പ്രശംസകളൊന്നുമില്ലാതെയാണ് ട്രംപ് അനുശോചനക്കുറിപ്പ് പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."