ദുരിത ബാധിതരെ ഒഴിവാക്കല്‍ തര്‍ക്കത്തിനിടയാക്കി
വാടാനപ്പള്ളി: വെള്ളപ്പൊക്ക ദുരിത ബാധിതരെ ക്യാംപില്‍നിന്ന് നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കാനുള്ള അധികൃതാരുടെ നീക്കം തര്‍ക്കത്തിനിടയാക്കി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിലെ ക്യാംപില്‍നിന്നും തിരുവോണദിനത്തില്‍ രാവിലെ പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ ചേര്‍ന്ന് എല്ലാവരെയും ഒഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീടുകളിലേയ്ക്കോ വലപ്പാട് ശ്രീരാമ പോളിടെക്നിക് കോളജിലെ ക്യാംപിലേയ്ക്കോ മടങ്ങണമെന്നായിരുന്നു അധികാരികളുടെ നിര്‍ദേശം.
വീടുകളില്‍ ചെളി നിറഞ്ഞിരിക്കുകയാണെന്ന് കുടുംബങ്ങള്‍ പറഞ്ഞെങ്കിലും ജില്ലാ കലക്ടറുടെ ഉത്തരവ് ഉണ്ടെന്നു ചൂണ്ടിക്കാട്ടി നിര്‍ബന്ധപൂര്‍വം എല്ലാവരെയും ഒഴിപ്പിക്കാന്‍ ശ്രമം തുടര്‍ന്നു. ഒടുവില്‍ മൂന്ന് കുടുംബങ്ങള്‍ ഒഴികെയുള്ളവര്‍ ബന്ധുവീടുകളിലേയ്ക്ക് തിരിച്ചു. മറ്റുള്ളവര്‍ക്ക് പോകാന്‍ ഇടമുണ്ടായിരുന്നില്ല. ദൂരേയ്ക്ക് പോയാല്‍ തൊഴിലിനെ ബാധിക്കുമെന്ന് മൂന്ന് കുടുംബങ്ങളും അഭിപ്രായപ്പെടുകയായിരുന്നു.
ഇതേതുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകനായ സി.ആര് മുരളി വില്ലേജ് ഓഫിസറുമായി ബന്ധപ്പെടുകയും സാമൂഹ്യ പരിഗണന വച്ച് ഇവരെ നിലവില്‍ കഴിയുന്ന ക്യാംപില്തന്നെ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ വില്ലേജ് ഓഫിസര്‍ ചാവക്കാട് തഹസില്‍ദാരുമായി ബന്ധപ്പെടുകയും രണ്ട് ദിവസം കൂടി മൂന്ന് കുടുംബങ്ങളേയും ബ്ലോക്ക് ഓഫിസിലെ ക്യാംപില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."