പ്രളയത്തില്‍ ചേലക്കര മണ്ഡലത്തില്‍ 30 കോടിയുടെ നാശനഷ്ടം
ചേലക്കര: പ്രളയദുരന്ത കെടുതിയില്‍ നിയോജകമണ്ഡലത്തില്‍ 30 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉന്നതതല യോഗം വിലയിരുത്തി. നാശനഷ്ടങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തുന്നതിനും പുനരധിവാസം, ശുചിത്വം, ആരോഗ്യപരിരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനും തീരുമാനമായി. എം.എല്‍.എ യു.ആര്‍ പ്രദീപ് അധ്യക്ഷനായി. മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധവകുപ്പുകളിലെ ജില്ലാ, താലൂക്ക് തല ഓഫിസര്‍മാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.
ചീരക്കുഴി ഇറിഗേഷന്‍ പ്രൊജക്ട് തകര്‍ന്നത് പുനര്‍നിര്‍മിക്കാന്‍ 14 കോടി രൂപ ചെലവ് വരുമെന്ന് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. തകര്‍ന്ന റോഡുകളുടെ കുഴി അടക്കാന്‍ 3.42 കോടി, വാട്ടര്‍ അതോറിറ്റിയ്ക്ക് കേടുപാടുകള്‍ തീര്‍ക്കാന്‍ 1.25 കോടി, കൃഷിനാശം 6 കോടി രൂപ തുടങ്ങി 30 കോടിയോളം രൂപയുടെ പ്രാഥമിക നഷ്ടം ഉണ്ടായതായാണ് കണക്ക്. നിലവില്‍ 179 വീടുകള്‍ പൂര്‍ണമായും, 484 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇവയെല്ലാം പുനര്‍നിര്‍മിക്കാന്‍ തുക കണ്ടെത്തണം.
വിവിധ വകുപ്പുകളുടെ നാശനഷ്ടങ്ങളുടെ വ്യാപ്തിയും നഷ്ടവും കണക്കാക്കുന്നതിനും വ്യക്തിഗത നാശനഷ്ടങ്ങളുടെ കണക്കെടുപ്പിനും ശുചിത്വ പ്രവര്‍ത്തനം, ക്ലോറിനേഷന്‍, ഫോഗിങ്ങ്, ഓടകള്‍ ശുചീകരണം, വെള്ളകെട്ട് ഒഴിവാക്കല്‍, ആരോഗ്യ പരിരക്ഷ ഉറപ്പാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും തിയതി നിശ്ചയിച്ചും പ്രവര്‍ത്തന കലണ്ടര്‍ ഉണ്ടാക്കിയും നിയോജകമണ്ഡലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."