HOME
DETAILS
MAL
പിതൃസഹോദരന്റെ ക്രൂരത വെളിച്ചത്താക്കിയത് ശാസ്ത്രീയ അന്വേഷണം
backup
August 27 2018 | 03:08 AM
പെരിന്തല്‍മണ്ണ (മലപ്പുറം): മേലാറ്റൂര്‍ എടയാറ്റൂരില്‍ ഒന്‍പതുകാരനെ തട്ടിക്കൊണ്ടുപോയി പുഴയിലെറിഞ്ഞ സംഭവത്തില്‍ പിതൃസഹോദരന്‍ വലയിലായതു പൊലിസിന്റെ ശാസ്ത്രീയ അന്വേഷണത്തെ തുടര്‍ന്ന്. വീട്ടില്‍നിന്നു സ്‌കൂളിലേക്കു പുറപ്പെട്ട നാലാം ക്ലാസുകാരനെ കാണാതായി ആഴ്ചകള്‍ പിന്നിട്ടിട്ടും കേസില്‍ തുമ്പുണ്ടാക്കാന്‍ കഴിയാതിരുന്നതു പൊലിസിനു നാണക്കേടുണ്ടാക്കിയിരുന്നു. അന്വേഷണം നടക്കുന്നില്ലെന്നാരോപിച്ചു നാട്ടുകാര്‍ മേലാറ്റൂര്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ നടത്തുകയും ചെയ്തു. എന്നാല്‍, അല്‍പം വൈകിയാണെങ്കിലും പൊലിസ് കുറ്റകൃത്യത്തിന്റെ ചുരുളഴിച്ചു.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ മിടുക്കും കഴിവുമാണ് തുടക്കത്തില്‍ യാതൊരു തുമ്പുമില്ലാതിരുന്ന കേസ് തെളിയിക്കപ്പെടാന്‍ കാരണമായത്.
എടയാറ്റൂര്‍ മങ്കരത്തൊടി അബ്ദുസലീം-ഹസീന ദമ്പതികളുടെ മകനും എടയാറ്റൂര്‍ ഡി.എന്‍.എം എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷഹീനെ ഈ മാസം 13നു സ്‌കൂളിലേക്കു പോകുന്നതിനിടെ ആസൂത്രിതമായാണ് പ്രതി വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ മേലാറ്റൂരില്‍നിന്നോ പരിസര പ്രദേശങ്ങളില്‍നിന്നോ കേസിനാസ്പദമായ സൂചനകളോ മറ്റോ പൊലിസിനു ലഭിച്ചില്ല.
ഇതോടെ, പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥര്‍ ആറു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം പല ദിശയിലേക്കും വ്യാപിപ്പിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസിലുള്‍പ്പെട്ട പ്രതികളെക്കുറിച്ച് ഇതര സംസ്ഥനങ്ങളിലും മറ്റും ബന്ധപ്പെട്ടു വിവരങ്ങള്‍ ശേഖരിച്ചും ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും കേസിലേക്ക് എത്തിപ്പെടാനുള്ള തെളിവുകള്‍ ലഭിച്ചില്ല.
ഇത്തരം സംഘങ്ങളോ വ്യക്തികളോ കാണാതായ കുട്ടിയെവച്ചു വിലപേശല്‍ നടത്തുന്നുണ്ടോയെന്നതടക്കം പരിശോധിക്കുന്നതിനായി മുന്നൂറോളം സോഷ്യല്‍മീഡിയ അക്കൗണ്ടുകളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
40,000 ത്തോളം മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്നതോടെ പിന്നീട് മേലാറ്റൂരിലും സംഭവ സ്ഥലങ്ങളിലുമുള്ള സി.സി.ടി.വി കാമറകള്‍ കേന്ദ്രീകരിച്ചു പരിശോധന തുടര്‍ന്നു.
സംഭവസ്ഥലം മുതല്‍ 70 കിലോമീറ്റര്‍ പരിധിയിലെ 125 ഓളം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ഥിയെ ഒരു ബൈക്കില്‍ ഹെല്‍മറ്റ് ധരിപ്പിച്ചു കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചു. ഇതില്‍ വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പറും ഡ്രൈവറുടെ മുഖവും വ്യക്തമല്ലാത്തതില്‍ വാഹനത്തിന്റെ കമ്പനിയുടെ അതേ മോഡലിലുള്ള എല്ലാ വാഹനങ്ങളുടെയും ആര്‍.സി ഉടമകളുടെ അഡ്രസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്.
പിന്നീട് പ്രതിയെ ഷാഡോ പൊലിസ് നിരീക്ഷിച്ചു പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം 24നു വൈകിട്ട് ആറോടെ പാണ്ടിക്കാട് ഒറവംപുറത്തുവച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."