ശുചീകരണത്തിന് ഊര്‍ജിത നടപടി
കൊച്ചി: ജില്ലയില്‍ പ്രളയം രൂക്ഷമായി ബാധിച്ച 22 പഞ്ചായത്തുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഊര്‍ജിത നടപടികള്‍ക്ക് ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം രൂപം നല്‍കി. ആരോഗ്യപ്രശ്‌നങ്ങളും ശുചീകരണ പ്രശ്‌നങ്ങളും രൂക്ഷമായ 22 പഞ്ചായത്തുകളെ റെഡ് സോണായി പ്രഖ്യാപിച്ചാണ് നടപടികള്‍ക്ക് രൂപം നല്‍കിയത്. ഈ പഞ്ചായത്തുകളിലാണ് ശുചീകരണത്തിന് മുന്‍ഗണന നല്‍കുന്നത്. വലിയ തോതില്‍ മാലിന്യം അടിഞ്ഞുകൂടിയിട്ടില്ലാത്ത പഞ്ചായത്തുകളെ യെല്ലോ, ഗ്രീന്‍ സോണുകളിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പ്രളയക്കെടുതിയില്‍ മരിച്ച മൃഗങ്ങളുടെ ശവശരീരങ്ങള്‍ സംസ്‌കരിക്കുന്നതിന് പ്രാധാന്യം നല്‍കും. പൊതു സ്ഥലങ്ങളുടെ ശുചീകരണവും അടിയന്തരമായി പൂര്‍ത്തിയാക്കും. വീടുകളുടെയും ആളുകള്‍ ഒഴിഞ്ഞുപോയ ക്യാംപുകളുടെയും ശുചീകരണവും പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ജെ.സി.ബി, ഹിറ്റാച്ചി പോലുള്ള യന്ത്രവാഹനങ്ങള്‍ക്ക് അമിത വാടക ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും.
നിലവിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ സേവനത്തിനു പുറമേ 22 ഡോക്ടര്‍മാര്‍ 22 പഞ്ചായത്തുകളില്‍ ഇന്ന് മുതല്‍ സേവനമാരംഭിക്കും. സബ്‌സെന്ററിലോ പഞ്ചായത്ത് നിര്‍ദേശിക്കുന്ന സ്ഥലത്തോ ആയിരിക്കും ഡോക്ടറുടെ സേവനം ലഭ്യമാക്കുക. ശുചീകരണത്തിനാവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍, ഗ്ലൗസ്, ഗം ബൂട്ട് തുടങ്ങിയ വസ്തുക്കള്‍ക്ക് ജില്ലയില്‍ ക്ഷാമമില്ലെന്ന് കലക്ടര്‍ അറിയിച്ചു. മഞ്ഞുമ്മലിലെ കെ.എം.സിഎല്ലിന്റെ ഗോഡൗണിലും ബ്ലീച്ചിംഗ് പൗഡര്‍ ലഭ്യമാണ്. അതാത് പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രി വഴി ബന്ധപ്പെട്ടാല്‍ ഇത് ലഭിക്കുന്നതാണ്.
ജനറേറ്റര്‍, മോപ്പറുകള്‍ എന്നിവ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മോട്ടോര്‍ പമ്പ് സെറ്റ് 35 എണ്ണം ലഭ്യമാക്കിയിട്ടുണ്ട്. ജെസിബി, ടിപ്പര്‍ ലോറി, ജെറ്റ് പമ്പുകള്‍, ടാങ്കര്‍ ലോറി എന്നിവയും ആവശ്യത്തിന് ലഭ്യമാക്കുന്നുണ്ട്. പ്രളയം രൂക്ഷമായിരുന്ന പറവൂരില്‍ അഞ്ച് പമ്പ് സെറ്റുകളും മറ്റു പഞ്ചായത്തുകള്‍ക്ക് ഓരോ പമ്പ് സെറ്റ് വീതവും നല്‍കി.
പൊലിസിന്റെ നേതൃത്വത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നേവല്‍ എന്‍സിസിയും രംഗത്തിറങ്ങിയിട്ടുണ്ട്. പൊലിസിന്റെ സേവനം ആവശ്യമെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി അക്കാര്യം അറിയിക്കണം. പൊലിസിന്റെ നേതൃത്വത്തില്‍ പത്ത് സ്ഥലങ്ങളില്‍ 1000 കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."