വയനാട്: യു.ഡി.എഫിനെ നിയന്ത്രിച്ചത് മുക്കം ഓഫിസ്
മുക്കം: ആഴ്ചകളോളം നീണ്ട വീറും വാശിയും നിറഞ്ഞ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും ആരോപണ-പ്രത്യാരോപണങ്ങള്‍ക്കും വിരാമമിട്ട് വയനാട് ലോക്‌സഭാ മണ്ഡലം ചരിത്രത്തിലിടം നേടിയപ്പോള്‍ അതിന് ചുക്കാന്‍പിടിച്ചത് മുക്കം. മുക്കത്തെ യു.ഡി.എഫ് ഓഫിസ് കേന്ദ്രീകരിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. സദാസമയ നിരീക്ഷണത്തിന് വാര്‍ റൂം അടക്കമുള്ളവ സജ്ജീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങളുടെ ഏകോപനം.
ഇത്രയധികം ആവേശകരമായ തെരഞ്ഞെടുപ്പ് മണ്ഡല ചരിത്രത്തിലാദ്യമാണ്. 2009 മണ്ഡലം രൂപീകൃതമായതിനു ശേഷം നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ രണ്ടു തവണയും കോണ്‍ഗ്രസിലെ എം.ഐ ഷാനവാസ് ആയിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വയനാട് മണ്ഡലത്തെ ദേശീയ പ്രാധാന്യമുള്ളതാക്കി മാറ്റി. സംസ്ഥാനത്തെ ഏറ്റവും ഗ്ലാമര്‍ മണ്ഡലങ്ങളില്‍ ഒന്നായി മാറാനും ഇതുവഴി വയനാടിനു കഴിഞ്ഞു.
ഇത്തവണ സംസ്ഥാനം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് വയനാട് പാര്‍ലമെന്റ് മണ്ഡലത്തെ കുറിച്ചാണ്. കോണ്‍ഗ്രസിന്റെ പ്രമുഖ ദേശീയ നേതാക്കളെല്ലാം തന്നെ വയനാട്ടില്‍ ക്യാംപ് ചെയ്ത് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു. മണ്ഡലത്തിലെ ജനങ്ങള്‍ ഇതുവരെ കാണാത്ത പ്രചാരണ തന്ത്രങ്ങളും രീതികളുമായിരുന്നു ഇത്തവണ അരങ്ങേറിയത്. വിവിധ മുന്നണികളുടെ ദേശീയ നേതാക്കളുടെയും സംസ്ഥാന നേതാക്കളുടെയും ഒഴുക്കായിരുന്നു വയനാട്ടിലേക്ക്.
നെഹ്‌റു കുടുംബത്തില്‍നിന്ന് ആദ്യമായി ഒരാള്‍ കേരളത്തില്‍ മത്സരിക്കുമ്പോള്‍ അതിനു തിരഞ്ഞെടുത്തത് വയനാടിനെ ആണെന്നത് അപൂര്‍വ ചരിത്രമാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന വ്യക്തി കേരളത്തില്‍ മത്സരിക്കുന്നതും ആദ്യമായാണ്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പി.പി സുനീറും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്തുണ്ടെങ്കിലും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം തന്നെയായിരുന്നു മണ്ഡലത്തിലെ മുഖ്യവിഷയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."