ലാവ്‌ലിന്‍ കേസ് പുതിയ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കുന്നു, മുഖ്യമന്ത്രിക്ക് നിര്‍ണായകമാവും
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് സരണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരേ സി.ബി.ഐ നല്‍കിയ അപ്പീലാണ് പ്രധാനമായും സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. വസ്തുതകള്‍ പരിഗണിക്കാതെയാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടതെന്ന് ഹരജിയിലുണ്ട്.
സി.ബി.ഐ നല്‍കിയ അപ്പീലിനു പുറമെ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ ശിവദാസന്‍ അടക്കമുള്ള കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ ഹരജികളും സുപ്രിംകോടതി മുന്‍പാകെയുണ്ട്. ഇവര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി കോടതി നേരത്തേ സ്‌റ്റേ ചെയ്തിരുന്നു. ഈ ഹരജികളെല്ലാം ഒന്നിച്ചാണ് പരിഗണിക്കുന്നത്.
കേസ് നേരത്തെ പരിഗണിച്ചിരുന്ന ജസ്റ്റിസ് രമണയുടെ ബെഞ്ചില്‍നിന്ന് മാറ്റിയാണ് യു.യു ലളിതിന്റെ ബെഞ്ചിലേക്ക് നല്‍കിയിരിക്കുന്നത്. കേസില്‍ നോട്ടിസ് അയയ്ക്കുന്നതു പോലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത് രമണയുടെ ബെഞ്ചാണ്.
പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.
86.25 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സി.ബി.ഐക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പിണറായിയുടെ അഭിഭാഷകന്‍ വി.ഗിരിയും ഒരുപോലെ കേസ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശ്യമെന്ന് കോടതി ചോദിക്കുകയും ചെയ്തു.
2017 ഒക്ടോബര്‍ മുതല്‍ 13 തവണയാണ് ലാവ്‌ലിന്‍ കേസ് സുപ്രിം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. വിവിധ കക്ഷികളുടെ അഭിഭാഷകര്‍ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയും മറുപടി ഫയല്‍ ചെയ്യാന്‍ വൈകിക്കുകയും ചെയ്തതിനാല്‍ കേസ് നീണ്ടുപോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."