പോളിങ് 80.57% ; ഏഴ് നിയോജക മണ്ഡലങ്ങളിലായി 10,96,470 പേര്‍ വോട്ട് രേഖപ്പെടുത്തി
കാസര്‍കോട്: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ 80.57 ശതമാനം പോളിങ്. അവസാന വട്ട കണക്കെടുപ്പ് ഇന്നലെ അവസാനിച്ചപ്പോഴാണ് ശതമാനത്തില്‍ വീണ്ടും ഉയര്‍ച്ചയുണ്ടായത്. ഏഴു നിയോജക മണ്ഡലങ്ങളിലായി ആകെയുള്ള 1360827 വോട്ടര്‍മാരില്‍ 1096470 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.
507594 പുരുഷന്മാരും 588875 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറുമാണ് വോട്ട് രേഖപ്പെടുത്തിയത്. സ്ത്രീകളാണ് വോട്ട് ശതമാനത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ 78.49 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ് ശതമാനം. 85.86 ശതമാനം പോളിങ്ങുണ്ടായ പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്.
1,317 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെ നടന്ന വോട്ടെടുപ്പില്‍ ആറിന് ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിച്ചു. 1317 വോട്ടിങ് യന്ത്രങ്ങളാണു തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരുന്നത്. ജില്ലയില്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
ജില്ലയിലെ പ്രശ്‌നബാധിതമായി കണക്കാക്കിയ 43 ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവും സംഘവും വോട്ടെടുപ്പ് കഴിയുന്നവരെ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമിലിരുന്നു നിരീക്ഷിച്ചു.
മറ്റ് 71 ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിരുന്നു. ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രമായ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ 15 സ്‌ട്രോങ് റൂമുകളിലായാണ് 1317 ബൂത്തുകളിലെ വിവിപാറ്റ് ഉള്‍പ്പെടെയുള്ള വോട്ടിങ് മെഷിനുകള്‍ സൂക്ഷിക്കുന്നത്. സ്‌ട്രോങ് റൂമുകള്‍ സീല്‍ ചെയ്ത് താക്കോല്‍ പൊലിസിന് കൈമാറും.
വോട്ടെണ്ണല്‍ ദിവസമായ മെയ് 23 വരെ വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3872 ഉദ്യോഗസ്ഥരെയാണു നിയമിച്ചിരുന്നത്. ഇവര്‍ക്ക് പുറമേ 668 റിസര്‍വ്ഡ് ജീവനക്കാരുമുണ്ടായിരുന്നു. പോളിങ് ബൂത്തുകളിലെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്നതിന് 2641 പൊലിസുകാരെയും വിന്യസിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."