ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം
കല്‍പ്പറ്റ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാട് ജില്ലയില്‍ നിന്നും സഹായങ്ങള്‍ പ്രവഹിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി കുട്ടികളടക്കമുള്ള നിരവധി പേര്‍ കലക്ടറേറ്റിലെത്തി സഹായം ജില്ലാ കലക്ടര്‍ക്കു കൈമാറിയിരുന്നു. ചെറുതെങ്കിലും ഭിന്നശേഷിക്കാര്‍ നല്‍കിയ ധനസഹായം വ്യാഴാഴ്ച ശ്രദ്ധിക്കപ്പെട്ടു. ഇരുളത്തെ ഭിന്നശേഷിക്കാരുടെ സ്‌നേഹ സ്വാശ്രയസംഘാംഗങ്ങള്‍ തങ്ങളുടെ തുച്ഛമായ പെന്‍ഷനില്‍ നിന്ന് ഒരു വിഹിതം സ്വരുക്കൂട്ടി 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മൂന്നുവര്‍ഷം മുമ്പ് രൂപീകരിച്ച സംഘത്തില്‍ പ്രദേശവാസികളായ ഏഴുപേരാണ് അംഗങ്ങള്‍. 1100 രൂപ പ്രതിമാസ പെന്‍ഷനുള്ള ഇവര്‍ക്ക് ഓണം, വിഷു, ക്രിസ്മസ് നാളുകളില്‍ ഒന്നിച്ചാണ് തുക ലഭിക്കുക. ഇത്തവണ ഓണത്തോടനുബന്ധിച്ച് പെന്‍ഷന്‍ ലഭിച്ചപ്പോള്‍ ഒരു വിഹിതം ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു.
തുടര്‍ന്ന് സെക്രട്ടറി ജോബിന്‍ സി. ജോര്‍ജ്, വി.എസ് രാമചന്ദ്രന്‍ എന്നിവര്‍ നേരിട്ട് കലക്ടറേറ്റിലെത്തി തുക കൈമാറുകയായിരുന്നു. അബ്ദുല്‍ ജബ്ബാര്‍, ഹാരിസ്, മുഹമ്മദ്, റിന്‍ഷിദ, മുഫീദ എന്നിവരാണ് അംഗങ്ങള്‍. തിരുവന്തപുരം മാര്‍ ഇവാനിയോസ് കോളജ് വിദ്യാര്‍ഥിനി നിരഞ്ജന ബാലചന്ദ്രന്‍ 5000 രൂപയും നല്‍കി. മികച്ച പ്രാസംഗികയായ നിരഞ്ജന മാനന്തവാടി തോണിച്ചാല്‍ സ്വദേശിയാണ്. സ്‌കൂള്‍ തലത്തില്‍ വിവിധ മത്സരങ്ങളില്‍ നിന്നു ലഭിച്ച സമ്മാനത്തുകയാണ് ദുരിതബാധിതര്‍ക്കു കൈമാറിയത്. മലയാളം പ്രസംഗത്തില്‍ വൈദഗ്ധ്യം തെളിയിച്ച നിരഞ്ജന ആറാംതരം മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
കേണിച്ചിറ വാളവയല്‍ ജനനി ജനശ്രീ സ്വാശ്രയസംഘം 5000 രൂപയും കൈമാറി. സെക്രട്ടറി ഷൈല സതീശന്റെ നേതൃത്വത്തില്‍ അംഗങ്ങളായ പി. ശ്രീജ, എ.ബി സതീശന്‍, എം.എന്‍ ദേവദാസ്, എസ്.ആര്‍ രേണുക, സുഭദ്ര എന്നിവരാണ് കലക്ടറേറ്റിലെത്തി തുക ജില്ലാ കലക്ടറെ ഏല്‍പ്പിച്ചത്. 19 അംഗങ്ങളാണ് ജനനി ജനശ്രീ സംഘത്തിന്റെ കരുത്ത്. ദുരിതബാധിത മേഖലകളില്‍ വൃത്തിയാക്കല്‍ പോലുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും ഇവര്‍ സന്നദ്ധരാണ്. 9656627422 എന്ന നമ്പറില്‍ സംഘാംഗങ്ങളുമായി ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."