സെക്രട്ടേറിയറ്റിലെ തീപിടിത്തം: അന്വേഷണത്തിനുള്ള കമ്മിറ്റിയില്‍ അട്ടിമറിക്ക് നേതൃത്വം കൊടുത്തവരുമെന്ന് ആക്ഷേപം
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള കമ്മിറ്റിയില്‍ അട്ടിമറിക്ക് നേതൃത്വം കൊടുത്തവരുമുണ്ടെന്ന് ആക്ഷേപം.
ദുരന്തനിവാരണ കമ്മിഷണല്‍ എ.കൗശികന്റെ നേതൃത്വത്തിലാണ് വിവിധ വകുപ്പുകളില്‍നിന്നുള്ളവരെ ചേര്‍ത്ത് തീപിടുത്തത്തിന്റെ സാങ്കേതിക കാരണങ്ങള്‍ കണ്ടെത്തുന്നതിന് സമിതി രൂപീകരിച്ചത്. അണ്ടര്‍ സെക്രട്ടറി എ.പി.രാജീവന്, സെക്ഷന്‍ ഓഫിസര്‍ സുദര്ശനന്, അസിസ്റ്റന്റുമാരായ ഹരി പി.നായര്‍, പ്രമോദ് എന്നിവരാണ് കമ്മിറ്റിയിലുള്ള മറ്റ് അംഗങ്ങള്‍. സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ സെക്ഷനില്‍ ഉണ്ടായ തീപിടിത്തത്തില്‍ വിദേശ യാത്രാ സംബന്ധമായത് ഉള്‍പ്പെടെ ഏറെ പ്രാധാന്യമുള്ള പല ഫയലുകളും കത്തിനശിച്ചു എന്നാണ് ആക്ഷേപം. എന്നാല്‍ ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ പ്രോട്ടോകോള്‍ വിഭാഗത്തിലെ അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫിസറായ എ.പി.രാജീവനാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരാള്‍. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു രാജീവ്. പ്രോട്ടോകോള്‍ സെക്ഷനിലെ തീപിടിച്ച ഫയലുകള്‍ ഉണ്ടായിരുന്നത് അസിസ്റ്റന്റായ ഹരി പി.നായരുടെ സീറ്റിലായിരുന്നു. അയാളും അന്വേഷണ സംഘത്തിന്റെ ഭാഗമാകുകയാണ്. ഇതോടെ അന്വേഷണം സാങ്കേതികമായി തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നതെന്ന ആക്ഷേപമാണ് ശക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."