സുശാന്ത് സിങ് രാജ്പുതിന്റെ മരണം; റിയ ചക്രവര്‍ത്തി കുരുക്കില്‍
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ വഴിത്തിരിവ്. സുശാന്തിന്റെ മുന്‍ സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ സുശാന്തിന് നിരന്തരം ലഹരിവസ്തുക്കളും മയക്കുമരുന്നും നല്‍കിയെന്ന വിവരങ്ങളാണ് പുറത്തായിരിക്കുന്നത്.
ഇതിനു പിന്നാലെ, റിയ ചക്രവര്‍ത്തിയുടെ പിതാവ് ഇന്ദ്രജിത് ചക്രവര്‍ത്തിയെയും റിയയുടെ സഹോദരനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയും റിയയുടെ കുടുംബത്തിന്റെ പേരിലുള്ള ലോക്കറുകള്‍ പരിശോധിക്കുകയും ചെയ്തു. സുശാന്തിന്റെ പണം റിയ സ്വന്തം കാര്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നു കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
നേരത്തെ, തന്റെ മകനെ അമിതമായി ലഹരിമരുന്ന് നല്‍കി കൊന്നതാണെന്നാരോപിച്ച് സുശാന്തിന്റെ പിതാവ് രംഗത്തെത്തുകയും, മയക്കുമരുന്നുകള്‍ നല്‍കിയെന്ന ആരോപണത്തില്‍ റിയാ ചക്രവര്‍ത്തിക്കെതിരേ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കളും ചില മയക്കുമരുന്നുകളും സുശാന്തിന് എത്തിച്ചുനല്‍കിയെന്നു തെളിയിക്കുന്ന വാട്‌സ്ആപ് സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജൂണ്‍ 14നായിരുന്നു ബിഹാറുകാരനായ സുശാന്തിനെ മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. കേസന്വേഷണത്തില്‍ മഹാരാഷ്ട്ര, ബിഹാര്‍ സര്‍ക്കാരുകള്‍ തമ്മില്‍ പ്രശ്‌നമുണ്ടായതിനെ തുടര്‍ന്നു കേസന്വേഷണം സുപ്രിംകോടതി സി.ബി.ഐക്കു വിടുകയായിരുന്നു.
അതേസമയം, തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും കേസന്വേഷണവുമായി സഹകരിക്കുമെന്നും റിയ ചക്രവര്‍ത്തി വ്യക്തമാക്കി. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ലഹരിസംഘങ്ങളുമായി ഇടപാട് നടത്തിയിട്ടില്ലെന്നും അവര്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.
താന്‍ രക്തപരിശോധനയ്ക്കു തയാറാണെന്നും സുശാന്തിനെ ലഹരി ഉപയോഗത്തില്‍നിന്നു പിന്തിരിപ്പിക്കാനാണ് ശ്രമിച്ചിരുന്നതെന്നും സുശാന്തിന്റെ പണം ഉപയോഗിച്ചിട്ടില്ലെന്നും റിയ വ്യക്തമാക്കിയിട്ടുണ്ട്.
ബോളിവുഡിലെ ലഹരി: അന്വേഷണം വന്നാല്‍
പലരും കുടുങ്ങുമെന്ന് കങ്കണ
മുംബൈ: നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ബോളിവുഡിലെ ലഹരിവിനിമയം അന്വേഷിക്കുന്നതിന് തുനിഞ്ഞാല്‍ പല പ്രമുഖരും അഴിക്കുള്ളിലാകുമെന്ന് നടി കങ്കണ റണൗട്ട്.
ബോളിവുഡിലെ പ്രമുഖരെല്ലാം നിരോധിത ലഹരിയുല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ താനും ഉപയോഗിച്ചിരുന്നെന്നും അവര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
നേരത്തെ, സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ അതില്‍ ദുരൂഹതകള്‍ ആരോപിച്ച് രംഗത്തെത്തിയത് കങ്കണയായിരുന്നു. നിലവില്‍ കേസ് മറ്റൊരു രീതിയിലേക്കു മാറുന്നതിനാല്‍ ഇവര്‍ക്കു സുരക്ഷയൊരുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
സുശാന്തിന്റെ മരണത്തിനു പിന്നിലെ ചില മോശം കാര്യങ്ങള്‍ തനിക്കറിയാമെന്നു കങ്കണ ഇന്നലെയും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് പറയാമെന്നും എന്നാല്‍ തനിക്കു സുരക്ഷ നല്‍കുമെന്നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കണമെന്നും അവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."