കോരിച്ചൊരിയുന്ന മഴ വകവെക്കാതെ ഒരു കയ്യില്‍ ഭക്ഷണപ്പൊതിയും മറുകയ്യില്‍ കുടയുമായി 26 ദിവസം കയറ്റവും കയറി വന്ന കുഞ്ഞിപ്പെണ്ണ്; ഇതാ ക്വാറന്റൈന്‍ കാലത്തെ ഒരു നനവോര്‍മ
ചില ഓര്‍മകള്‍ക്ക് വല്ലാത്ത മധുരമാണ്. മനസ്സിലങ്ങനെ സുഖമുള്ള നനവു പടര്‍ത്തി ഒരിക്കലും മായാതെ കിടക്കുന്ന രുചി. തന്റെ ക്വാറന്റൈന്‍ കാലത്തെ അത്തരത്തിലൊരു ഓര്‍മ ഫേസ് ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് മലപ്പുറം അരീക്കോട് സ്വദേശിയായ ബാസില്‍ കോളക്കോടന്‍. ജ്യേഷ്ഠ സഹോദരന്റെ മകള്‍ അസ്‌ലഹ ലത്തീഫ് എന്ന സനയെ കുറിച്ചാണ് കുറിപ്പ്. ക്വാറന്റൈന്‍ കാലത്ത് വലിയൊരു കയറ്റം കയറി ഉത്സാഹത്തോടെ തനിക്ക് ഭക്ഷണമെത്തിച്ചു തന്ന കുഞ്ഞു സനയെ കുറിച്ച വരികള്‍ നമ്മുടെ ഉള്ളു നനക്കും.
'പലരും കയറി വന്നതിന് ശേഷം നിന്ന് കുറച്ചു ദീര്‍ഘ ശ്വാസം വിടുന്ന വഴിയിലൂടെ ഒരുപാടു ദൂരം നടന്ന് ആ വലിയ കയറ്റവും കയറി അവള്‍ വരും എന്നും. അത്ര ബലമൊന്നും ആവാത്ത ആ കുഞ്ഞു കാലുകളും വച്ച് മാസ്‌കണിഞ്ഞ് ഒരു കയ്യില്‍ മഴയെ തടഞ്ഞു നിര്‍ത്താനുളള കുടയും മറു കയ്യില്‍ രണ്ട് കീസുകളായുളള ഭക്ഷണ പൊതിയും വച്ച് അവള്‍ ആ വലിയ കയറ്റവും കയറി വരുമ്പൊള്‍ സത്യം പറഞ്ഞാ എന്റെ ഉള്ളിന്റെ ഉളളില്‍ വല്ലാത്തൊരു അവസ്ഥ വരാറുണ്ട്. ആ ചെറിയ ശരീരത്തിലെ വലിയ മനസ്സിന് മുന്നില്‍ വീണു പോവുക എന്നൊക്കെ പറയും പോലെ'-ബാസില്‍ കുറിക്കുന്നു.
ബാസിലിന്റെ കുറിപ്പ്
28 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞിറങ്ങുമ്പോള്‍ പറയാനുളളത് ഒരാളെ കുറിച്ച് മാത്രമാണ്. 28 ദിവസം ഞാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്ന ഒരാളെ കുറിച്ച്. ഒരുപാട് അകലെ താഴെ നിന്ന് എന്നും വലിയൊരു കയറ്റവും കയറി വരുന്ന ഇവളെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
ഏറ്റവും കുറഞ്ഞ പ്രായത്തില്‍ തന്നെ എനിക്ക് മുന്നാകെ സുന്ദരമായ വലിയൊരു കടപ്പാട് വരച്ചു കാണിച്ചവള്‍. ഈ കടപ്പാടിന് ഞാനെന്ത് തിരിച്ചു നല്‍കിയാലാണ് പകരം ആവുക എന്ന് അറിയില്ല.. ഇത് നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് പോലും അവള്‍ക്ക് നല്‍കുന്നൊരു അംഗീകാരമായി ഞാന്‍ കാണുന്നു. എല്ലാം പറയുന്ന എന്റെ സോഷ്യല്‍ മീഡിയ ഇടത്തില്‍ അവളെ കുറിച്ച് പറഞ്ഞില്ലെങ്കില്‍ അതൊരു നൊമ്പരമായി വിങ്ങലായി ബാക്കി നില്‍ക്കും. അസ്ലഹ ലത്തീഫ് എന്ന ഞങ്ങളുടെ പ്രിയപ്പെട്ട സന. എന്റെ ജേഷ്ഠന്റെ (അബ്ദുല്ലത്തീഫ്) രണ്ടാമത്തെ മോളാണ്. സത്യം പറഞ്ഞാ ഇവളാണ് എന്നെ നോക്കിയത് എന്ന് തന്നെ ഞാന്‍ പറയുന്നു. ഏകദേശം 26 ദിവസവും ഇവളാണ് രാവിലെയും ഉച്ചക്കും ഉളള ഭക്ഷണം എത്തിക്കുക. തൊട്ടടുത്ത് നിന്നല്ല ഈ എത്തിക്കുന്നത്.
ക്വാറന്റൈന്‍ നില്‍ക്കുന്ന തറവാട് വീടിന് കുറച്ചു ദൂരത്തില്‍ താഴെയുളള അവളെ വീട്ടില്‍ നിന്നും ആണ് ഭക്ഷണം എത്തിക്കുക.
അത്ര പെട്ടെന്ന് കയറി വരാന്‍ പ്രയാസപ്പെടുന്ന, പലരും കയറി വന്നതിന് ശേഷം നിന്ന് കുറച്ചു ദീര്‍ഘ ശ്വാസം വിടുന്ന വഴിയിലൂടെ ഒരുപാടു ദൂരം നടന്ന് ആ വലിയ കയറ്റവും കയറി അവള്‍ വരും എന്നും. എന്റെ വീട് അറിയുന്നവര്‍ക്ക് അറിയാം ആ കയറ്റം കോരിച്ചൊരിയുന്ന മഴയും ഉണ്ടാവാറുണ്ട്. ഏകദേശം എല്ലാ ദിവസവും നല്ല മഴയുണ്ടായിട്ടുണ്ട്. അത്ര ബലമൊന്നും ആവാത്ത ആ കുഞ്ഞു കാലുകളും വച്ച് മാസ്‌കണിഞ്ഞ് ഒരു കയ്യില്‍ മഴയെ തടഞ്ഞു നിര്‍ത്താനുളള കുടയും മറു കയ്യില്‍ രണ്ട് കീസുകളായുളള ഭക്ഷണ പൊതിയും വച്ച് അവള്‍ ആ വലിയ കയറ്റവും കയറി വരുമ്പൊള്‍ സത്യം പറഞ്ഞാ എന്റെ ഉള്ളിന്റെ ഉളളില്‍ വല്ലാത്തൊരു അവസ്ഥ വരാറുണ്ട്. ആ ചെറിയ ശരീരത്തിലെ വലിയ മനസ്സിന് മുന്നില്‍ വീണു പോവുക എന്നൊക്കെ പറയും പോലെ. കോവിഡ് കാലത്ത് പല അവഗണനകളും ആട്ടിയോടിക്കലും ഭക്ഷണം കൊണ്ട് വന്നവരെ ശത്രുക്കളായി പോലും കണ്ട ചില വാര്‍ത്തകളും വര്‍ത്തമാനങ്ങളും അന്തരീക്ഷത്തില്‍ നില നില്‍ക്കുന്നതിനിടെയിലൂടെയാണ് ഏറ്റവും ഹൃദ്യമാവുന്ന സ്‌നേഹം നിറച്ച് ഒരുപാടു ത്യാഗം ചെയ്തു ഇവള്‍ അകലെ നിന്നും വലിയൊരു കയറ്റവും കയറി എന്റെ അരികിലേക്ക് എന്നും നടന്നു വന്നത്. താഴെ നിന്ന് ഫോണ്‍ വിളിക്കും. ' ബാസിലാക്കാ ഭക്ഷണം കൊണ്ടോരാണ്. കറി ഒഴിക്കാന്‍ പുറത്ത് ഒരു പാത്രം വെക്കോ ' ന്ന് ഒരു ചോദ്യാണ്. പിന്നെ കയറ്റവും കയറി വീട്ട് മുറ്റത്ത് എത്തിയാ ഒരു വിളിയാണ്. വന്ന് ശ്രദ്ധാപൂര്‍വം കാര്യങ്ങള്‍ ചെയ്ത് ഭക്ഷണം മുന്നില്‍ വച്ച് തരുമ്പോ പലപ്പോഴും പാവം തോന്നിപ്പോവാറുണ്ട്.
എനിക്കെത്ര ഭക്ഷണം വേണമെന്നതിന്റെ അവളെ മനസ്സിലുളള അളവ് വച്ച് അവള് തന്നെയാണ് ഭക്ഷണം പൊതിയലും. മറ്റാരെയും എനിക്ക് ഭക്ഷണം കൊണ്ടു തരുന്നതില്‍ അവള്‍ക്ക് താല്പര്യവും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവള്‍ക്ക് തന്നെ ഭക്ഷണം എത്തിച്ച് തരണം. അത് കൊണ്ട് തന്നെ പലപ്പോഴും ഭക്ഷണം എത്തിക്കാന്‍ ആളില്ലാത്ത സന്ദര്‍ഭം കൂടി ഉളളതിനാല്‍ അതിന്റെ ആ പ്രതിസന്ധി അവളുടെ ഏറ്റെടുക്കല്‍ കൊണ്ടു ഇല്ലാതായി.
ഭക്ഷണം കൊണ്ട് വരുമ്പോഴും തിരിച്ചു പോവുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിച്ച് സുരക്ഷിതമാക്കി ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമൊക്കെ കൃത്യമായി പാലിച്ചാണ് അവളുടെ എല്ലാ പ്രവര്‍ത്തനങ്ങളും. നീ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചപ്പോള്‍ 'നിങ്ങള്‍ക്ക് തന്നിട്ടേ ഞാന്‍ കഴിക്കൂ ' എന്നാണ് മറുപടി പറഞ്ഞത്. എനിക്ക് ഭക്ഷണം നല്‍കി തിരിച്ചു പോന്നാലേ അവള്‍ക്ക് സംതൃപ്തി ലഭിക്കുന്നുളളൂ..
അതിന് പുറമേ കുടിവെള്ളം കഴിഞ്ഞപ്പോള്‍ മുകളിലെ വീട്ടില്‍ പോയി അവരോടു പറഞ്ഞു എനിക്ക് വെളളം കിണറ്റില്‍ നിന്നും എത്തിച്ചതും ഇവള്‍ കാരണമാണ്. ഞാന്‍ അവരോട് ഫോണ്‍ വിളിച്ച് പറഞ്ഞോളാ ന്ന് പറഞ്ഞപ്പോള്‍ ' നിങ്ങളിപ്പോ അവരെ വിളിക്കൊന്നും ഇല്ല. ഞാന്‍ പോയി പറഞ്ഞോളാ' ന്ന് പറഞ്ഞു വീണ്ടും ഒരു കയറ്റം കൂടി കയറി അവരോടു പറഞ്ഞു വെളളവും എത്തിച്ച് തന്നു.. അവള്‍ക്ക് അതില്‍ നിന്നും മുക്കിത്തരാന്‍ പറ്റാത്തത് കൊണ്ട് മാത്രം. ഇവളെ ജേഷ്ടത്തി അഫുവിനോട് ഫോണില്‍ ഞാന്‍ പറയും 'അല്ല അഫ് ലഹാ നിനക്ക് മടി ആയിട്ടല്ലേ ഈ പാവം ഈ കയറ്റം കയറി കൊണ്ടോര്ണത് ' എന്ന്.. അപ്പോ അഫുവിന്റെ മറുപടി ..! ' ഞാന്‍ കൊണ്ട് വരാന്‍ ഓള് സമ്മയ്ക്കൂല.. ഓള്‍ക്കെന്നെ കൊണ്ടോരണം എന്നാണ്..' ഇതൊക്കെ അവളുടെ മനസ്സിലെ എനിക്കുളള സ്ഥാനമാണ്. ഞങ്ങള്‍ തമ്മിലുളള , വീട്ടിലെ ഒരോ മക്കള്‍സും ഞാനും തമ്മിലുളള ആത്മബന്ധത്തിന്റെ
അത്രയും തീവ്രമായ മുഖം . പടച്ചോന്‍ ഭൂമി സ്വര്‍ഗ്ഗമാക്കാന്‍
തന്ന അനുഗ്രഹങ്ങള്‍ അവരാണ്.. എന്റെ ഭൂമിയിലെ സ്വര്‍ഗ്ഗം
അവരൊക്കെയാണ് .. ആ ഹൃദ്യമായ വാക്കുകള്‍ക്കതീതമായുളള അവരും ഞാനും തമ്മിലുളള 'പ്രണയ' ത്തില്‍
തന്നെ ഒരിത്തിരി പ്രണയം കൂടുതല്‍ ഇവള്‍ക്കാണെന്ന് തോന്നാറുണ്ട്. അതിന്റെ കാഴ്ചയാണ് ക്വാറന്റൈനില്‍ ഇരിക്കുന്ന എനിക്ക് ഭക്ഷണം നല്‍കാന്‍ ഞാന്‍ തന്നെ മതിയെന്ന അവള് കാണിച്ച് തന്നത്.
പലപ്പോഴും എനിക്ക് ഭയം ഉണ്ടായിട്ടുണ്ട്. എനിക്ക് കോവിഡ് പ്രശ്‌നം ഉണ്ടെങ്കില്‍ എന്നും ഭക്ഷണം എത്തിച്ചതിന്റെ പേരില്‍ അവള്‍ക്ക് ഒന്നും വരാതിരിക്കണേ എന്ന് പ്രാര്‍ഥിച്ചു..
പിന്നെ ഞാന്‍ മനസ്സില്‍ ചിന്തിച്ചു. കുഞ്ഞു പ്രായത്തില്‍ ഉളളാകെ സ്‌നേഹം നിറഞ്ഞ് ഒരു വലിയ ത്യാഗം ചെയ്ത ആ നിഷ്‌കളങ്ക മനസ്സിന് മുന്നില്‍ എനിക്ക് ഇനി കോവിഡ് ഉണ്ടെങ്കില്‍ കൂടി
അവളെ ശരീരത്തിനരികില്‍ നിന്നും ആ കോവിഡ് തോറ്റ് പിന്‍മാറിപ്പോവുമെന്ന്.. അവള്‍ക്ക് വേണ്ടി എഴുതിയപ്പോള്‍
മനസ്സില്‍ വന്ന വേറേ ചില കാര്യങ്ങള്‍ ഉണ്ട്.. പ്രകടിപ്പിക്കാത്ത സ്‌നേഹം ആര്‍ക്കും വേണ്ടാത്തതാണ് എന്ന് പറയാറുണ്ട്.
നമ്മുടെ മുന്നിലെത്തുന്ന നിഷ്‌കളങ്കരായ കുട്ടികള്‍ക്ക് നമ്മില്‍ നിന്നും അവര്‍ ആഗ്രഹിക്കുന്ന പരിധിയില്ലാത്ത സ്‌നേഹം തിരികെ നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ..
പലര്‍ക്കും കഴിയാറുണ്ടെങ്കിലും അതിന് തയ്യാറാവാത്ത ഒരുപാട് പേരുണ്ട്..
കുട്ടികളെ അവഗണിക്കുന്നവര്‍.. കുട്ടികളെ വല്ലാതെ പ്രയാസപ്പെടുത്തുന്നവര്‍.. എങ്ങനെയാണ് സ്വന്തം ഉദരത്തില്‍ നിന്നും ഒരുപാടു സ്‌നേഹം കൊതിച്ച് വന്ന പിച്ച വച്ച് തുടങ്ങിയിട്ട് മാത്രമുളള ഇളം ശരീരങ്ങളില്‍ ചൂടുളള ചട്ടുകങ്ങള്‍ കൊണ്ടും വടികള്‍ക്കൊണ്ടും തല്ലിച്ചതച്ചു് പാടുണ്ടാക്കാന്‍ മാതാവിനും ജന്മം നല്‍കിയ പിതാവിനും കഴിയുന്നത്.. എങ്ങനെയാണാവോ അവരെ തെരുവില്‍ എവിടെയോ കിടത്തി തിരിച്ചു നടക്കാനും അവരുടെ കുഞ്ഞു ശ്വാസം ഇല്ലാതാക്കാനമൊക്കെ ജന്മം നല്‍കിയവര്‍ക്ക് പറ്റുന്നത്.. ഇവളെ കുറിച്ച് നിങ്ങളോടൊക്കെ ഒന്ന് പറഞ്ഞില്ലെങ്കില്‍ അത് അവളോടു ചെയ്യുന്ന 'അനീതി' യായി പോലും ഞാന്‍ കാണുന്നു. അത്രയും ചെയ്തിട്ടുണ്ട് അവള്‍. അവള്‍ക്ക് ചെയ്യാന്‍ പറ്റിയതിനെക്കാള്‍.. അതിന് മാത്രം എടുത്ത വീഡിയോ ആണ്.. പ്രിയപ്പെട്ട സനക്കുട്ടിയെ നിങ്ങള്‍ക്ക് മുന്നില്‍ സ്‌നേഹപൂര്‍വ്വം എഴുതി നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."