മതവിശ്വാസിയാണോ, പാര്‍ട്ടിയില്‍ വേണ്ടെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി
ബെയ്ജിങ്: പാര്‍ട്ടി അംഗങ്ങള്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നതിനു കടുത്ത വിലക്കേര്‍പ്പെടുത്തി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വീണ്ടും രംഗത്ത്. മതവിശ്വാസികള്‍ പാര്‍ട്ടിയില്‍ വേണ്ടെന്നും അത്തരക്കാരെ കണ്ടെത്തിയാല്‍ പുറത്താക്കണമെന്നുമാണ് പാര്‍ട്ടിയുടെ പരിഷ്‌കരിച്ച ചട്ടത്തില്‍ പറയുന്നത്.
പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും മതവിശ്വാസത്തില്‍നിന്നു വിട്ടുനില്‍ക്കണം. അപവാദ പ്രചാരണങ്ങളും രാഷ്ട്രീയ കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടിയും പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
ചൈനീസ് പ്രസിഡന്റും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷീ ജിന്‍പിങ്ങിനെതിരേയുള്ള ആരോപണങ്ങള്‍ ഇല്ലാതാക്കാനാണ് ഇത്തരമൊരു നിയമവുമായി പാര്‍ട്ടി മുന്നോട്ടുവന്നിരിക്കുന്നതെന്നാണ് വിവരം. മുന്‍പെങ്ങുമില്ലാത്തവിധം പാര്‍ട്ടിയുടെ സമ്പൂര്‍ണ നിയന്ത്രണം ഈയിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് സ്വന്തമാക്കിയിരുന്നു. ഞായറാഴ്ചയാണ് പാര്‍ട്ടിയുടെ എഴുതിത്തയാറാക്കിയ പുതിയ നിയമങ്ങള്‍ അംഗങ്ങളെ ധരിപ്പിച്ചത്. ഇതില്‍ പലതും നിലവില്‍വന്നിട്ടുമുണ്ട്.
പാര്‍ട്ടി അംഗങ്ങള്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്കെതിരേയോ നേതാക്കള്‍ക്കെതിരേയോ പ്രതികരിക്കാന്‍ പാടില്ല. ഇത്തരത്തിലുള്ള പ്രതികരണങ്ങളെയാണ് രാഷ്ട്രീയ ഊഹോപോഹങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതു പാര്‍ട്ടിയുടെ ഐക്യം തകര്‍ക്കുമെന്നതിനാല്‍ അത്തരക്കാര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ചൈനയുടെ ഭരണഘടന മതവിശ്വാസത്തിനു സ്വാതന്ത്ര്യം നല്‍കുന്നുണ്ടെങ്കിലും പാര്‍ട്ടിയില്‍ അതു പാടില്ലെന്നു നിര്‍ദേശമുണ്ട്. പാര്‍ട്ടിയില്‍ മതവിശ്വാസികളുണ്ടെങ്കില്‍ അവര്‍ക്ക് ആദ്യം ബോധവല്‍ക്കരണം നല്‍കും. തുടര്‍ന്നും അവര്‍ വിശ്വാസം ഒഴിവാക്കുന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."