ഇരുവഴിഞ്ഞിപ്പുഴയില്‍ മണല്‍വാരല്‍ തകൃതി
മുക്കം: മണ്ണിടിച്ചിലും മാലിന്യം തള്ളലും മൂലം നാശത്തിന്റെ വക്കിലെത്തിയ ഇരുവഴിഞ്ഞിപ്പുഴയില്‍നിന്നു വീണ്ടും വ്യാപക മണല്‍വാരല്‍. പ്രളയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് പുഴയില്‍ വലിയ രീതിയിലുള്ള അനധികൃത മണല്‍വാരല്‍ നടക്കുന്നത്.
കാരശ്ശേരി, ചോണാട്, പുല്‍പറമ്പ്, വേരന്‍കടവ്, തെയ്യത്തുംകടവ് തുടങ്ങിയ ഭാഗങ്ങളിലാണ് ഇരുട്ടിന്റെ മറവില്‍ മണല്‍വാരല്‍ നടക്കുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മുക്കം പാലം മുതല്‍ കൂളിമാട് വരെയുള്ള ഭാഗങ്ങളില്‍ ഇരുവഴിഞ്ഞിയില്‍ വ്യാപക കരയിടിച്ചിലുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലം എം.എല്‍.എ ജോര്‍ജ് എം. തോമസ്, മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്ത് സാരഥികള്‍, റവന്യു അധികൃതര്‍ തുടങ്ങിയവര്‍ കരയിടിച്ചില്‍ സ്ഥലം സന്ദര്‍ശിക്കുകയും എം.എല്‍.എ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് പറയുകയും ചെയ്തിരുന്നു. ഇടിഞ്ഞ ഭാഗങ്ങള്‍ കെട്ടി സംരക്ഷിക്കുന്നതിനും ജൈവിക രീതിയില്‍ തീരസംരക്ഷണ നടപടികള്‍ എടുക്കുന്നതിനുള്ള ആലോചനകള്‍ നടന്നുകൊണ്ടിരിക്കെയാണ് വീണ്ടും മണല്‍വാരല്‍ ആരംഭിച്ചിരിക്കുന്നത്.
ഇത് പുഴയോരങ്ങള്‍ വീണ്ടും ഇടിയാന്‍ കാരണമാകുമെന്നും പുഴയുടെ സ്വാഭാവിക നീരൊഴുക്കിനെ തടസപ്പെടുത്തുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പുഴയിലെയും സമീപത്തെ കിണറുകളിലെയും ജലനിരപ്പ് അസാധാരണമായ നിലയില്‍ താഴ്ന്നത് മൂലം ജനങ്ങള്‍ ആശങ്കയിലായിരിക്കെയാണ് വ്യാപകമായ രീതിയില്‍ മണലൂറ്റ് നടക്കുന്നത്.
നിയമവിരുദ്ധമായി മണല്‍ വാരുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എന്റെ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മ ആവശ്യപ്പെട്ടു. മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാല്‍ മാത്രമേ ഇരുവഴിഞ്ഞി സംരക്ഷിക്കാന്‍ കഴിയൂവെന്നും സമിതി ഉണര്‍ത്തി.
ചെയര്‍മാന്‍ പി.കെ.സി മുഹമ്മദ് അധ്യക്ഷനായി. കാരശ്ശേരി പഞ്ചായത്തംഗം ജി. അബ്ദുല്‍ അക്ബര്‍, കെ.ടി അബ്ദുന്നാസര്‍, ടി.കെ നസ്‌റുല്ല, കെ.പി അബ്ദുന്നാസര്‍, പി. മുസ്തഫ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."