പന്നിക്കോട് ലോക്കല്‍ കമ്മിറ്റിയിലെ രണ്ടുപേര്‍ക്കെതിരേ നടപടിയെടുത്ത് സി.പി.എം
മുക്കം: പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സാലറി ചലഞ്ചിനോട് സഹകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെയും ഗുരുതരമായ സാമ്പത്തികാരോപണം നേരിട്ട മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെയും നടപടിയെടുത്ത് സി.പി.എം.
തിരുവമ്പാടി ഏരിയാ കമ്മിറ്റിക്ക് കീഴിലെ പന്നിക്കോട് ലോക്കല്‍ കമ്മിറ്റിയിലാണ് നടപടി. മലപ്പുറം ജില്ലയിലെ മുസ്‌ലിം ലീഗ് നേതാവിന്റെ നിയന്ത്രണത്തിലുള്ള ഒരു സ്‌കൂളിലെ അധ്യാപകനാണ് സാലറി ചലഞ്ചിന്റെ പേരില്‍ നടപടി നേരിട്ടത്. ഈ സ്‌കൂളിലെ മറ്റ് അധ്യാപകര്‍ സാലറി ചലഞ്ചിനോട് സഹകരിക്കാതിരുന്നപ്പോള്‍ ഇദ്ദേഹവും നോ പറയുകയായിരുന്നു. ഇതോടെ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുന്‍പ് ചേര്‍ന്ന പന്നിക്കോട് ലോക്കല്‍ കമ്മിറ്റി യോഗം ഇദ്ദേഹത്തെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തുകയായിരുന്നു.
നിലവില്‍ പാര്‍ട്ടിയുടെ കീഴിലുള്ള സഹകരണ ബാങ്കിന്റെ ഡയരക്ടറാണ് ഇയാള്‍. സാലറി ചലഞ്ചില്‍ നോ പറഞ്ഞതിനെ തുടര്‍ന്ന് ഈ നേതാവിനെതിരെ നാട്ടില്‍ അണികള്‍ക്കും അനുഭാവികള്‍ക്കുമിടയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഒരു ലോക്കല്‍ കമ്മിറ്റി അംഗം പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതിനിടെ ഗുരുതരമായ സാമ്പത്തിക ആരോപണം നേരിട്ട മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരേയും സി.പി.എം നടപടിയെടുത്തു. ഇദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായാണ് വിവരം. പന്നിക്കോട് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വ്യക്തി പ്രദേശത്തെ പല റോഡ് പ്രവര്‍ത്തിക്കിടയിലും കരാറുകാരില്‍ നിന്ന് പണം വാങ്ങിയതായി ആരോപണമുയര്‍ന്നിരുന്നു.
ഇദ്ദേഹത്തിന്റെ തറവാട് വീടിന് സമീപം വലിയ തോതില്‍ കുന്നിടിച്ച് നിരത്തി വീടുകള്‍ പണിത സമയത്തും അതിനെതിരേ നടപടിക്ക് നില്‍ക്കാതെ വന്‍ തുക വാങ്ങിയതായും ഇയാള്‍ പി.ടി.എ പ്രസിഡന്റായ സമയത്ത് പ്രദേശത്തെ സ്‌കൂളില്‍ ബെഞ്ചും ഡെസ്‌കും നിര്‍മിച്ചതില്‍ വലിയ തോതില്‍ ക്രമക്കേട് നടന്നതായും ആരോപണമുയര്‍ന്നിരുന്നു. ഇത്തരം നിരവധി ആരോപണങ്ങള്‍ നേരിട്ട സാഹചര്യത്തിലാണ് നടപടി. ആരോപണങ്ങള്‍ നേരിട്ട രണ്ടുപേര്‍ക്കെതിരേ നടപടി സ്വീകരിച്ച സാഹചര്യത്തില്‍ അടുത്തിടെ പാര്‍ട്ടിയില്‍ ഉടലെടുത്ത വിഭാഗീയതക്ക് താല്‍ക്കാലിക വിരാമമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."