ഇരുന്നൂറിലധികം രോഗികള്‍ക്ക് ദിനംപ്രതി ചികിത്സ നല്‍കി എയര്‍ഫോഴ്‌സിന്റെ ആശുപത്രി
ആലപ്പുഴ: ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നഗരചത്വരത്തിലെ ആര്‍ട്ട് ഗാലറിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഓരോ ദിവസവും എത്തുന്നത് ഇരുന്നൂറിലധികം രോഗികള്‍.
ഓഗസ്റ്റ് 25 മുതലാണ് പൂര്‍ണ രീതിയില്‍ ആശുപത്രി പ്രവര്‍ത്തിച്ചു തുടങ്ങിയത്. പ്രളയ ബാധിതര്‍ക്ക് ചികിത്സാ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ വ്യോമസേന ഡോക്ടര്‍മാരെ ഇവിടേക്ക് നിയോഗിച്ചത്. ഡല്‍ഹിയിലെ ഹിന്‍ടണ്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ വിങ് കമാന്‍ഡര്‍ ആയ അനുമേഹയാണ് ക്യമ്പിന്റെ ചുമതലക്കാരി.
മൂന്ന് ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്. ഒ.പിയ്ക്ക് പുറമേ 10 ബെഡുകളും ഒരു എമര്‍ജന്‍സി റൂമും ഒരുക്കിയിട്ടുണ്ട്. നെബുലൈസേഷന്‍ ചെയ്യാനുള്ള സൗകര്യം, മള്‍ട്ടി മോണിറ്റര്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, മൊബൈല്‍ ലബോറട്ടറി , ചെറിയ മുറിവുകള്‍ തുന്നാനുള്ള മൈനര്‍ ഒ.ടി., ഡിസ്‌പെന്‍സറി, ഇസിജി സൗകര്യം തുടങ്ങിയവയെല്ലാം ലഭ്യമാണ്.
11 പാരാമെഡിക്കല്‍ സ്റ്റാഫ് ഉള്ളതില്‍ അഞ്ചു പേര്‍ മലയാളികളാണ്. ലിവര്‍,കിഡ്‌നി ഫങ്ക്ഷന്‍ പരിശോധിക്കുന്നതിനുള്ള ടെസ്റ്റ്, ഹീമോഗ്ലോബിന്‍ ടെസ്റ്റ് എന്നിവയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് .
ടൈഫോയ്ഡ്,ഡെങ്കു, ഹെപ്പറ്റൈറ്റിസ് ബി. തുടങ്ങി പല രോഗങ്ങളും കണ്ടെത്തുന്നതിനുള്ള എമര്‍ജന്‍സി കിറ്റുകളും ലഭ്യമാണ്. രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് പ്രവര്‍ത്തന സമയം. ആവശ്യമെങ്കില്‍ കുട്ടനാടിന്റെ വിവിധഭാഗങ്ങളിലേക്ക് പോകാനുള്ള മൊബൈല്‍ യൂണിറ്റ് ഒരുക്കാനും ഇവര്‍ സന്നദ്ധരാണ്.
ആശുപത്രിയില്‍ എത്തുന്ന മുതിര്‍ന്ന രോഗികളില്‍ പലര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഷുഗറും ഉളളതായി ശ്രദ്ധയില്‍പ്പെട്ടു. പ്രായം ചെന്നവരിലാണ് ഇത് അധികവും കണ്ടത്. പ്രളയക്കെടുതിയുടെ മാനസിക സമ്മര്‍ദ്ദവും ദുരന്തമേഖലയില്‍ നിന്ന് വന്നവര്‍ സ്ഥിരമായി കഴിക്കുന്ന ഗുളികകള്‍ നിര്‍ത്തിയതുമാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."