രണ്ടു ദിവസം; 119 സ്‌കൂളുകള്‍ വൃത്തിയാക്കി ഡി.പി.ഐയും സംഘവും
ആലപ്പുഴ: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകരും ജീവനക്കാരും സന്നദ്ധസേവകരും അണിനിരന്നപ്പോള്‍ രണ്ടു ദിവസത്തിനകം 119 സ്‌കൂളുകള്‍ക്ക് പുതുമോടി.
പ്രളയബാധിതമായ സ്‌കൂളുകളെ പഴയപടിയിലെത്തിക്കുന്നതിനും 29നും അധ്യയനത്തിന് തുടക്കനിടുന്നതിനുമായാണ് ശുചീകരണ യജ്ഞം തുടങ്ങിയത്. ഡി.പി.ഐ. കെ.വി.മോഹന്‍കുമാര്‍ തന്നെ മുന്നില്‍ നിന്ന് പട നയിക്കാനെത്തിയതോടെ ജീവനക്കാരും അധ്യാപകരും വര്‍ധിത വീര്യത്തോടെയാണ് യജ്ഞത്തില്‍ പങ്കാളികളായത്.
രണ്ടാം ദിവസത്തെ ശുചീകരണം പൂര്‍ത്തിയായപ്പോള്‍ പ്രളയബാധിതമായ 260 സ്‌കൂളുകളില്‍ 119 എണ്ണം ശുചീകരിച്ചു കഴിഞ്ഞു. ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതും (148) വെള്ളമിറങ്ങാത്തതുമായ (141) സ്‌കൂളുകളായി 289 എണ്ണം ഇനിയും ബാക്കി നില്‍ക്കുന്നു. ഇവയില്‍ 108 എണ്ണം കുട്ടനാട് മേഖലയിലും 55 എണ്ണം ചെങ്ങന്നൂരുമാണ്. ഇന്നു മുതല്‍ 30വരെയായി വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം സന്നദ്ധഭടന്മാര്‍ എത്തുന്നതോടെ നിശ്ചിതസമയത്തിനകം പരമാവധി സ്‌കൂളും ശുചിയാക്കാനുകുമെന്നാണ് വിശ്വാസം.
രണ്ടാം ദിനമായ ഇന്നലെ രണ്ടു സംഘങ്ങളായാണ് അധ്യാപകസംഘം ശുചീകരണത്തിനിറങ്ങിയത്. ചേര്‍ത്തല വിദ്യാഭ്യാസ ഓഫിസറുടെ നേതൃത്വത്തിലുള്ള ഒരു സംഘം ചെങ്ങന്നൂര്‍ മേഖലയിലും ആലപ്പുഴ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം ഹരിപ്പാട് മേഖലയിലുമാണ് ശുചീകരണം നടത്തിയത്.
അഡീഷണല്‍ ഡയറക്ടര്‍ ജിമ്മി കെ.ജോസ്, വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന ജയകുമാര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."