പുഴയില്‍ രാസവസ്തു കലര്‍ത്തി മീന്‍പിടിത്തം: ഒരാള്‍ പിടിയില്‍
മുള്ളേരിയ: കുടിവെള്ള പദ്ധതിക്കായി പയസ്വിനി പുഴയുടെ മധ്യഭാഗത്ത് താല്‍ക്കാലികമായി ഉണ്ടാക്കിയ ജലം കെട്ടി നില്‍ക്കുന്ന സ്ഥലത്ത് രാസപദാര്‍ഥം കലര്‍ത്തി മീന്‍ പിടിക്കാനെത്തിയ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. സംഘത്തിലെ മറ്റുള്ളവര്‍ നാട്ടുകാര്‍ക്കെതിരേ വാള്‍ വീശി ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ആദൂര്‍ ചേനപ്പള്ളത്താണ് സംഭവം. പിടിയിലായ ശിവപ്പ നായക്കി(45)നെതിരേ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചതായി ആദൂര്‍ പൊലിസ് പറഞ്ഞു.
86 കുടുംബങ്ങള്‍ക്കായി പയസ്വിനി പുഴയില്‍ ചേനപ്പള്ളത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ക്ഷേമഫണ്ടില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടിവെള്ള പദ്ധതി നടപ്പില്‍ വരുത്തിയിരുന്നു. പുഴയോരത്ത് കേരള വാട്ടര്‍ അതോറിറ്റിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പില്‍ വരുത്തിയത്. വേനല്‍ മഴ കുറഞ്ഞതോടെ കിണര്‍ പൂര്‍ണമായും വറ്റി. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പുഴയുടെ മറ്റൊരു വശത്ത് വെള്ളം കെട്ടി നില്‍ക്കാന്‍ പ്രത്യേകം സംവിധാനമുണ്ടാക്കി അതില്‍ നിന്നാണ് വെള്ളം ടാങ്കിലേക്ക് പമ്പ് ചെയ്തിരുന്നത്. ഇതിനിടയില്‍ ഏതാനും ദിവസങ്ങളായി വെള്ളത്തിന്റെ നിറത്തില്‍ വ്യത്യാസം അനുഭവപ്പെട്ടു. പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചിലര്‍ പദ്ധതി പ്രദേശത്ത് കാവലിരുന്നു.
അതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ഒരു സംഘം സ്ഥലത്തെത്തി രാസവസ്തു വെള്ളത്തില്‍ കലര്‍ത്തുന്നത് കണ്ടത്. ഇതോടെയാണ് നാട്ടുകാര്‍ സംഘത്തെ വളഞ്ഞത്. മീന്‍ പിടിക്കാനാണ് രാസവസ്തു കലര്‍ത്തിയതെന്നാണ് അറസ്റ്റിലായ ശിവപ്പ നായക് നല്‍കിയ മൊഴി. രാസവസ്തു എന്താണെന്ന് അന്വേഷിച്ചു വരുകയാണെന്നും സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."