മാരേക്കാട് ചാല്‍ വറ്റിവരളുന്നു; കടപ്പൂക്കരയില്‍ കുടിവെള്ളക്ഷാമം രൂക്ഷം
മാള: മാരേക്കാട് ചാല്‍ വറ്റിവരളുന്നു. കടപ്പൂക്കരയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. കടപ്പൂക്കരയിലെ നിരവധി കുടുംബങ്ങള്‍ കുടിവെള്ള ക്ഷാമത്താല്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
മാരേക്കാട് ചാലിലെ ജല ലഭ്യതയാണ് പ്രദേശത്തെ കുടിവെള്ള സ്രോതസുകളെ ജല സമൃദ്ധമാക്കിയിരുന്നത്. എന്നാല്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് അമിതമായി വെള്ളം ഉപയോഗിച്ചതോടെയാണ് ചാല്‍ വറ്റിവരളാന്‍ തുടങ്ങിയത്.
കൂടാതെ വഴുക്കലിച്ചറ മുതല്‍ കരിങ്ങോള്‍ച്ചിറ വരെ നീണ്ടു കിടക്കുന്ന ശുദ്ധജല സ്രോതസായ ചാലിലെ ജലവിതാനം ക്രമാതീതമായി താഴുകയും പല ഭാഗങ്ങളിലും ചാല്‍ വറ്റിവരളുകയും ചെയ്തതിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് മാരേക്കാട് ചാലും. പ്രദേശത്ത് കുടിവെള്ള സ്രോതസുകളില്‍ ജലലഭ്യത ഉറപ്പ് വരുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന മാരേക്കാട് ചാല്‍ വറ്റി വരളുന്നതോടെ കിണറുകള്‍ വറ്റി കൊണ്ടിരിക്കുകയാണ്.
അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയെ മാരേക്കാട് ചാലുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് വരെയായും വെള്ളം മാരേക്കാട് ചാലിലേക്ക് എത്തിയിട്ടില്ല. മാരേക്കാട് ചാലിനോട് ബന്ധപ്പെട്ട പാടശേഖരങ്ങളിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്കു ജലം ലഭ്യമാക്കുന്നതിന് കൂടിയാണ് അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ മാരേക്കാട് ചാലിനെ കൂടി ഉള്‍പ്പെടുത്തിയത്.
ഈ പദ്ധതിയില്‍ വടമ പാണ്ടിപ്പാടം പാടശേഖരത്തില്‍ വെള്ളം ലഭിക്കാതെ കൃഷി ഉണങ്ങി നശിച്ചിരുന്നു. മൂപ്പെത്താറായ നെല്‍കൃഷിയാണ് വെള്ളം ലഭിക്കാതെ ഉണങ്ങി നശിച്ചത്. ചാലക്കുടി പുഴയുടെ തീരത്തുള്ള ഞറളക്കടവിലെ പമ്പിങ് കേന്ദ്രത്തില്‍നിന്ന് അടിച്ച് വിടുന്ന വെള്ളം പുളിയിലക്കുന്നിലെ കുളത്തിലെത്തിച്ചാണ് വീണ്ടും അവിടെനിന്ന് മറ്റ് സ്ഥലങ്ങളിലേയ്ക്ക് എത്തിക്കുന്നത്.
പുളിയിലക്കുന്നിലെ കുളത്തിന് സമീപമുള്ള പമ്പിങ് കേന്ദ്രത്തിലെ 100 എച്ച്.പിയുടെ മോട്ടോര്‍, കുളത്തിലേക്ക് ആവശ്യത്തിന് വെള്ളമെത്താത്തതിനാല്‍ പലപ്പോഴും തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല. ഇത് കാരണമാണ് പാടശേഖരങ്ങളിലേക്ക് വെള്ളമെത്താതെന്നും ആക്ഷേപമുണ്ട്.
ഏതാനും വര്‍ഷം മുന്‍പാണ് ഞറളക്കടവിലെ പമ്പിങ് കേന്ദ്രത്തില്‍ 100 എച്ച്.പിയുടെ മോട്ടോര്‍ സ്ഥാപിച്ചത്. മൂന്നു പതിറ്റാണ്ട് മുന്‍പ് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ആരംഭിച്ചത്.
പല ഘട്ടങ്ങളിലായി പദ്ധതി വിപുലീകരണം നടന്നെങ്കിലും ഇപ്പോഴും പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായിട്ടില്ല. അതുകൊണ്ടാണ് വേനല്‍കാലത്ത് പദ്ധതിയുടെ പരിധിയില്‍ വരുന്ന കൃഷിയിടങ്ങളില്‍ ആവശ്യത്തിന് വെള്ളം എത്താത്തത്. ഞറളക്കടവില്‍നിന്ന് പമ്പ് ചെയത് വിടുന്ന വെള്ളം കനാല്‍ വഴിയാണ് പുളിയിലക്കുന്നിലെ കുളത്തിലേക്ക് എത്തുന്നത്. കനാല്‍ പലയിടങ്ങളിലും ശോച്യാവസ്ഥയിലാണ്. ഇതു കാരണം ധാരാളം വെള്ളം ചോര്‍ന്നു പോകുന്നുണ്ട്. കൂടാതെ പുളിയിലക്കുന്നിലെ കുളത്തില്‍നിന്ന് കനാല്‍ വഴി ലിഫ്റ്റ് ചെയ്ത് വിടുന്ന വെള്ളവും പലയിടങ്ങളിലും ചോര്‍ത്തപ്പെടുന്നുണ്ട്. അനധികൃത ചോര്‍ത്തലും ചോര്‍ച്ചയും മാരേക്കാട് ചാലിലേക്ക് വെള്ളം എത്താത്തതിന് കാരണമാണ്. കൂടാതെ കനാല്‍ അവസാന ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്യാത്തത് വെള്ളം ചോര്‍ന്ന് പോകാന്‍ കാരണമാണ്.
ഈ പ്രശ്‌നത്തിനും അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."