ഒരു മാസത്തെ ശമ്പളം: മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് എസ്.ഇ.യു
കോഴിക്കോട്: പ്രളയത്തെ തുടര്‍ന്ന് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതമനുഭവിക്കുമ്പോള്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് എസ്.ഇ.യു സംസ്ഥാന കമ്മിറ്റി. 100 കോടി രൂപയ്ക്ക് മുകളിലുള്ള ഉത്സവബത്തയും രണ്ടു ദിവസത്തെ ശമ്പളവും ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഓരോ മാസവും കിട്ടുന്ന ശമ്പളം അടിസ്ഥാനമാക്കി ചെലവുകള്‍ ക്രമീകരിക്കുന്ന ജീവനക്കാര്‍ അത് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാല്‍ കുടുംബ ബജറ്റ് തകരും.
ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ നിര്‍ബന്ധമാക്കരുതെന്ന് എസ്.ഇ.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു .
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കര്‍ അധ്യക്ഷനായി. ഭാരവാഹികളായ സി.എച്ച് ജലീല്‍, പി.ഐ നൗഷാദ്, അക്ബര്‍ അലി പാറക്കോട്, നാസര്‍ നങ്ങാരത്ത്, ബീരു പി. മുഹമ്മദ്, സൈഫുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുല്ല അരയങ്കോട്, അബ്ദുല്‍ സത്താര്‍, പോത്തന്‍കോട് റാഫി, എം.എ മുഹമ്മദലി, വി.ജെ സലിം, സെക്രട്ടേറിയറ്റ് അംഗങ്ങളായ സലാം കരുവാറ്റ, അബ്ദുറഹ്മാന്‍ മൊയ്തു, അഷ്‌റഫ് മാവൂര്‍, ഹമീദ് കുന്നുമ്മല്‍, ആമിര്‍ കോഡൂര്‍, ലക്ഷ്മണന്‍, എന്‍.കെ അഹ്മദ്, ഷൗക്കത്തലി, അഷ്‌റഫ് മാണിക്കം, ടി.കെ മുഹമ്മദ്, സബീന സംസാരിച്ചു. ജനറല്‍ സെക്രട്ടറി സിബി മുഹമ്മദ് സ്വാഗതവും ട്രഷറര്‍ കെ.എം റഷിദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."