ഭീതിയകലാതെ ശ്രീലങ്ക
കൊളംബോ: ശ്രീലങ്കയില്‍ ഭീകരസംഘടനയായ ഐ.എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 140 പേരുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യുന്നതിനായി പൊലിസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു. 2013 മുതല്‍ രാജ്യത്ത് രാജ്യത്തെ യുവാക്കളില്‍ ചിലര്‍ ഐ.എസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അതേസമയം, സിറിയ, ഈജിപ്ത് രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളുള്‍പ്പെടെ 76 പേരെ അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് കസ്റ്റഡിയിലെടുത്തു. നാഷനല്‍ തൗഹീദ് ജമാഅത്ത്, ജംഇയ്യത്തുല്‍ മില്ലത്തു ഇബ്രാഹിം എന്നീ സംഘടനകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനങ്ങളില്‍ തദ്ദേശീയരായ ഒന്‍പത് ചാവേറുകള്‍ പങ്കെടുത്തതായും അവരെല്ലാം വിദ്യാസമ്പന്നരായിരുന്നെന്നും സിരിസേന പറഞ്ഞു. അതില്‍ എട്ടുപേരെ ഇതിനകം തിരിച്ചറിഞ്ഞു. ഒന്ന് വനിതയാണ്.
അതിനിടെ ആക്രമണത്തില്‍ പ്രധാന പങ്കുവഹിച്ചയാളെന്നു കരുതുന്ന തീവ്രവാദി നേതാവ് സഹ്‌റാന്‍ ഹാഷിം ഷാന്‍ഗ്രി ലാ ഹോട്ടലിലെ സ്‌ഫോടനത്തിനിടെ കൊല്ലപ്പെട്ടതായി സിരിസേന അറിയിച്ചു. അതേസമയം, പൊലിസ് ചാവേറെന്നു കരുതി പുറത്തുവിട്ട ഫോട്ടോകളില്‍ ഒരാള്‍ തെറ്റായി പട്ടികയില്‍ വന്നതാണെന്നു വ്യക്തമായി. അമേരിക്കന്‍ മുസ്‌ലിം ആക്റ്റിവിസ്റ്റായ അമാറ മജീദിന്റെ ഫോട്ടോയാണ് പ്രതിയുടെ ഫോട്ടോക്കു പകരം മാറിവന്നത്.
പൊലിസ് മേധാവിയും രാജിവച്ചു
ആക്രമണത്തിനു മുന്‍പ് ഇന്ത്യ നല്‍കിയ ഇന്റലിജന്‍സ് മുന്നറിയിപ്പ് പ്രതിരോധ വകുപ്പിലെയും പൊലിസിലെയും ഉന്നതര്‍ തനിക്കു കൈമാറിയിരുന്നില്ലെന്നും ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതിനാല്‍ പൊലിസ് മേധാവി പുജിത് ജയസുന്ദര രാജിവച്ചതായും പ്രസിഡന്റ് പറഞ്ഞു. ഇതേ കാരണത്താല്‍ പ്രതിരോധ സെക്രട്ടറി ഹെമാസിരി ഫെര്‍നാണ്ടോ വ്യാഴാഴ്ച രാജി നല്‍കിയിരുന്നു.
പ്രധാനമന്ത്രി റനില്‍ വിക്രമെസിംഗെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനത്തെ ദുര്‍ബലമാക്കിയതായി പ്രസിഡന്റ് ആരോപിച്ചു. തമിഴ് വിഘടനവാദികളുമായി ഒരു ദശാബ്ദത്തിലേറെയായി നടന്ന ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ട് പട്ടാള ഓഫിസര്‍മാരെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഇതിനു കാരണം.
ജുമുഅ നിസ്‌കാരം
കനത്ത സുരക്ഷയില്‍
ക്രൈസ്തവ ആരാധനാലയങ്ങളിലും ആഡംബര ഹോട്ടലുകളിലും സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ ഇന്നലെ കനത്ത സുരക്ഷയിലാണ് ശ്രീലങ്കയിലെ മുസ്‌ലിം പള്ളികളില്‍ ജുമുഅ നിസ്‌കാരം നടന്നത്. കൊളംബോയിലെ സ്വര്‍ണമിനാരമുള്ള കൊലുപിതിയ ജുമുഅ മസ്ജിദില്‍ നൂറുകണക്കിനു മുസ്‌ലിംകള്‍ ജുമുഅക്കെത്തി. ആക്രമണ ഭീഷണിയുള്ളതിനാല്‍ പള്ളിയില്‍ പോകരുതെന്ന് അധികാരികള്‍ വിലക്കിയെങ്കിലും എല്ലാ പള്ളികളിലും വിശ്വാസികള്‍ ജുമുഅ നിസ്‌കാരത്തിനെത്തി.
അതേസമയം, ആരാധനകള്‍ക്കായി പള്ളികളിലേക്കു പോകുന്നവരുടെ എണ്ണം കുറഞ്ഞു. കുടുംബത്തെയും സ്വത്തുവകകളും സംരക്ഷിക്കേണ്ടതിനാല്‍ മുസ്‌ലിംകള്‍ വീടുകളില്‍ വച്ചുതന്നെ നിസ്‌കാരം നിര്‍വഹിച്ചാല്‍ മതിയെന്ന് രാജ്യത്തെ പ്രധാന ഇസ്‌ലാംമത സംഘടനയായ ഓള്‍ സിലോണ്‍ ജംഇയ്യത്തുല്‍ ഉലമ നിര്‍ദേശിച്ചു.
ഞായറാഴ്ച പ്രാര്‍ഥന നിര്‍ത്തിവച്ചു
ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ഥന ഉണ്ടായിരിക്കില്ലെന്ന് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാല്‍കം രഞ്ജിത്ത് പറഞ്ഞു. സുരക്ഷിതത്വമാണ് പ്രധാനം എന്നതിനാലാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുസ്‌ലിം സമുദായത്തിനു നേരെ ഒരു ആക്രമണവും ഉണ്ടാവില്ലെന്നു താന്‍ ഉറപ്പുനല്‍കുന്നതായും അദ്ദേഹം പറഞ്ഞു. ഇവിടെ നാലു പ്രധാന മതവിഭാഗങ്ങളും തമ്മില്‍ നല്ല ബന്ധമാണുള്ളത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രതികാരമെന്ന നിലയില്‍ മുസ്‌ലിം പള്ളികളില്‍ കാര്‍ ബോംബ് ആക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പു നല്‍കിയതിനാല്‍ മുസ്‌ലിംകളില്‍ ഭൂരിപക്ഷവും പള്ളിയില്‍ പോവാതെ വീടുകളില്‍ വച്ചാണ് നിസ്‌കാരം നിര്‍വഹിക്കുന്നത്. മതകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കൂടുതല്‍ ആക്രമണമുണ്ടാവാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ പൗരന്മാര്‍ ആരാധനാലയങ്ങളില്‍ പോവരുതെന്ന് ശ്രീലങ്കയിലെ യു.എസ് എംബസിയും നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ വ്യാപക പരിശോധനകള്‍ നടത്താനും രാജ്യത്തെ മതകേന്ദ്രങ്ങള്‍ക്ക് സുരക്ഷ നല്‍കാനുമായി സര്‍ക്കാര്‍ 10,000 പട്ടാളക്കാരെ വിന്യസിച്ചതായി സൈന്യം അറിയിച്ചു.
എന്നാല്‍ ആക്രമണം ഭയന്ന് രാജ്യത്തെ മുസ്‌ലിംകള്‍ വീടുവിട്ട് പോവുന്നതായും റിപ്പോര്‍ട്ടുണ്ട്. അവര്‍ മുസ്‌ലിംകളല്ല, മൃഗങ്ങളാണ്- സ്‌ഫോടനപരമ്പര നടത്തിയ തീവ്രവാദികളെക്കുറിച്ച് മസ്ജിദുസ്സലാം ജുമാ മസ്ജിദിന്റെ ചെയര്‍മാന്‍ മുഹമ്മദ് ജഅ്ഫര്‍ പറഞ്ഞു.
ഓരോ വീട്ടിലും
പരിശോധന നടത്തും
രാജ്യത്ത് എല്‍.ടി.ടി.ഇക്കെതിരായ പോരാട്ടകാലത്തേതിനു സമാനമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അപരിചിതര്‍ രാജ്യത്തു കഴിയുന്നില്ലെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണമെന്നും പ്രസിഡന്റ് സിരിസേന ആവശ്യപ്പെട്ടു. ഇതിനായി രാജ്യത്തെ ഓരോ വീട്ടിലും പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."