കൊതിയൂറും മാമ്പഴങ്ങളുമായി പ്രദര്‍ശന മേള
കോഴിക്കോട്: തെരഞ്ഞെടുപ്പ് ചൂടിന് വിട നല്‍കി ഇനി സ്വാദിന്റെയും മധുരത്തിന്റെയും മാമ്പഴക്കാലം. കാലിക്കറ്റ് അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 26ാ മത് മാമ്പഴ പ്രദര്‍ശനവും വില്‍പനയും ഗാന്ധി പാര്‍ക്കില്‍ ആരംഭിച്ചു. മെയ് 2 വരെ തുടരുന്ന മേള മാമ്പഴ പ്രേമികളില്‍ വലിയ ആവേശമായി മാറിയിരിക്കുകയാണ്. പ്രധാന മാമ്പഴ ഇനങ്ങളായ അല്‍ഫോന്‍സ, ഗുദാദത്ത്, ബങ്കനപള്ളി, മല്‍ഗോവ, സിന്ദൂരം തുടങ്ങി 20 ഓളം വ്യത്യസ്തയിനം മാമ്പഴങ്ങളും മാവിന്‍ തൈകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ ഒട്ടുമാവിന്‍ തൈകള്‍, സപ്പോട്ട, നെല്ലിക്ക, മുന്തിരി, തേന്‍ വരിക്ക എന്നിവയുടെ തൈകളും വില്‍പ്പനക്കായി ഒരുക്കിയിട്ടുണ്ട്.പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ബങ്കളോറ, പ്രിയൂര്‍ ഇനങ്ങളും സുന്ദരിയായ ചിന്ന സുവര്‍ണ രേഖ, ബനറ്റ് അല്‍ഫോന്‍സ, വലിപ്പത്തില്‍ മുന്‍പനായ ആനത്തലയന്‍, അമ്മിണി, മഹാരാജ പസന്ത്, രുചിയില്‍ മുന്‍പന്തിയിലുള്ള ചക്കരക്കുട്ടി എന്നിവയും മേളയിലെ താരങ്ങളാണ്. കിലോയ്ക്ക് 40 മുതല്‍ 150 വരെയാണ് വില. ആള്‍ ഇത്തിരി കുഞ്ഞനാണെങ്കിലും വിലയിലും രുചിയിലും വമ്പനാണ് കിലോക്ക് 150 രൂപ വിലയുള്ള ചക്കരക്കുട്ടി. ബങ്കനപള്ളി, സിന്ദൂരം, അല്‍ഫോന്‍സ, പ്രിയൂര്‍ എന്നിവക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് വില്‍പനക്കാരനായ അനൂപ് പറയുന്നു. കൂടാതെ ചൂടിന് ആശ്വാസമായി മാമ്പഴ ജ്യൂസും, ഐസും, മാങ്ങാ അച്ചാറും വില്‍പ്പനക്കുണ്ട്. രാവിലെ 9 മുതല്‍ രാത്രി 9 വരെ തുടരുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. തളിപറമ്പ് ജില്ലാ കൃഷി ഫാമിലും മുതലമട അഗ്രിക്കള്‍ച്ചര്‍ ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റിവ് സൊസൈറ്റിയിലുമായി ഉല്‍പ്പാദിപ്പിച്ച രാസവസ്തുക്കള്‍ ഉപയോഗിക്കാത്ത മാമ്പഴ ഇനങ്ങളാണ് മേളയില്‍ എത്തിച്ചതെന്ന് തോട്ടം മാനേജര്‍ കൃഷ്ണന്‍ വൈദ്യര്‍ പറഞ്ഞു.മാമ്പഴ മേളയുടെ മുഖ്യാകര്‍ഷണമായ മാമ്പഴ തീറ്റ മത്സരം നാളെ വൈകിട്ട് നാലിന് പാര്‍ക്കില്‍ നടക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ തുക സമ്മാനമായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനാണ് മേള ഉദ്ഘാടനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."