പുതുയുഗപ്പിറവിക്കൊരുങ്ങി ജപ്പാന്‍
ടോക്കിയോ: ലോകത്തെല്ലായിടത്തും ഇത് ക്രിസ്തുവര്‍ഷം 2018 ആണ്. എന്നാല്‍ ജപ്പാനുകാര്‍ക്കിത് ഹെയ്‌സെയ് മുപ്പതാമാണ്ട്, അകിഹിതോ ചക്രവര്‍ത്തിയുടെ അധികാരാരോഹണത്തിന്റെ 30-ാം വര്‍ഷമെന്നും പറയാം. ചൈനീസ് മാതൃകയിലുള്ള സാമ്രാജ്യത്വ കലണ്ടര്‍ ഇപ്പോഴും പിന്തുടരുന്ന ലോകത്തെ ഒരേയൊരു രാജ്യമാണ് ജപ്പാന്‍.
ജനങ്ങള്‍ പൊതുവെ ഗ്രിഗേറിയന്‍ കലണ്ടര്‍ പിന്തുടരുമ്പോഴും സര്‍ക്കാര്‍ രേഖകള്‍, പത്രങ്ങള്‍, സാമ്പത്തികവര്‍ഷം എല്ലാം ഹെയ്‌സെയ് കലണ്ടറിനെ ആശ്രയിച്ചാണു മുന്നോട്ടുപോകുന്നത്. എന്നാല്‍, ജപ്പാനില്‍ ഹെയ്‌സെയ് യുഗത്തിന് അന്ത്യംകുറിക്കാനിരിക്കുകയാണ്. അകിഹിതോ ചക്രവര്‍ത്തി സ്ഥാനത്യാഗം ചെയ്യാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് ജപ്പാനില്‍ പുതിയൊരു യുഗത്തിനു നാന്ദി കുറിക്കാനിരിക്കുന്നത്.
പുതുയുഗപ്പിറവിക്കുള്ള ഒരുക്കങ്ങള്‍ അടച്ചിട്ട മുറികളില്‍ സജീവമാണിപ്പോള്‍. 2019 ഏപ്രില്‍ 30നാണ് അകിഹിതോ സ്ഥാനമൊഴിയുന്നത്. തുടര്‍ന്ന് നിലവിലെ കിരീടാവകാശി നാരുഹിതോ അധികാരത്തിലേറും. ഇതോടെയാണ് ജപ്പാനില്‍ പുതിയ യുഗപ്പിറവി സംഭവിക്കുക.
ഏഴാം നൂറ്റാണ്ടില്‍ രാജാധിപത്യം ആരംഭിച്ച ശേഷം ഇതുവരെ 250 യുഗങ്ങളാണ് ജപ്പാനില്‍ പിറവികൊണ്ടത്. ജാപ്പനീസ് ഭാഷയില്‍ ഇതിനെ 250 'ഗെങ്ങോ'കള്‍ എന്നു വിളിക്കും. മുന്‍പ് പ്രകൃതി ദുരന്തങ്ങള്‍, പ്രതിസന്ധികള്‍ തുടങ്ങിയവയെ ആസ്പദമാക്കിയാണു ചക്രവര്‍ത്തിമാര്‍ യുഗങ്ങള്‍ നിര്‍ണയിച്ചിരുന്നത്. പിന്നീടത് രാജാക്കന്മാരുടെ ഭരണ കാലയളവിനുസരിച്ചാക്കി മാറ്റിനിശ്ചയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."