കേരളാ സര്‍ക്കാറിനോടാണ് ചോദ്യം; കാസര്‍കോട് നിങ്ങള്‍ കര്‍ണാടകയ്ക്കു കൊടുത്തോ?
കാസര്‍കോട്: കാസര്‍കോട് ജില്ലയോട് തുടരുന്ന അവഗണന മനപൂര്‍വമാണെന്ന ആരോപണത്തിന് ഒടുവിലത്തെ ഉദാഹരണമായി അതിവേഗ റെയില്‍പ്പാത റിപ്പോര്‍ട്ടും. തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന അതിവേഗ ട്രെയിന്‍ കണ്ണൂരില്‍ അവസാനിക്കുമെന്ന റിപ്പോര്‍ട്ടിനെതിരേ ജില്ലയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജില്ലയുടെ വികസനകാര്യത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തുടരുന്ന അവഗണനയുടെ ഉദാഹരണമാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടെന്നും നവമാധ്യമങ്ങളിലടക്കം ചര്‍ച്ച ഉയര്‍ന്നിരിക്കുകയാണ്.
അതിവേഗ റെയില്‍പ്പാത റിപ്പോര്‍ട്ട് ഇപ്പോള്‍ കാസര്‍കോട് ചൂടേറിയ ചര്‍ച്ചക്കു വഴിവച്ചിരിക്കുകയാണ്. മെട്രോ മോഡലില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ കേരള സര്‍ക്കാരാണ് പദ്ധതി നടപ്പാക്കുന്നത്. എന്നിട്ടും പിന്നോക്ക ജില്ലയായ കാസര്‍കോടിനെ അവഗണിച്ചതാണ് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. ്അവഗണനയില്‍ പുകയുന്ന കാസര്‍കോട് വലിയ പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത്.
നവമാധ്യമങ്ങളില്‍ ജില്ലയിലെ വികസന അവഗണന സംബന്ധിച്ച് ഒറ്റക്കെട്ടായാണ് പ്രതിഷേധം പുകയുന്നത്.
ആധുനിക റെയില്‍വേയുടെ ശില്‍പി എന്നറിയപ്പെടുന്ന ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ കൂടിയായ ഇ. ശ്രീധരന്റെ ആശയമാണ് തിരുവനന്തപുരം-കാസര്‍കോട് അതിവേഗപാത. ശ്രീധരന്റെ നിര്‍ദ്ദേശപ്രകാരം 2010 ലാണ് പദ്ധതിയുടെ കുറിച്ച് പഠനം നടത്താന്‍ കേരള സര്‍ക്കാര്‍ ഉത്തരവിട്ടത്.
ഡി.എം.ആര്‍.സിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. 2011 ല്‍ തന്നെ സാധ്യതാപഠനം പൂര്‍ത്തിയാക്കി. ഇതിന്റെ കരട് റിപ്പോര്‍ട്ട് 2015ലാണ് സര്‍ക്കാറിന് സമര്‍പ്പിച്ചത്.
എന്നാല്‍ പഠനം നടത്തിയത് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ്. എന്തുകൊണ്ട് കണ്ണൂരിനിപ്പുറം പഠനം നടത്തിയില്ല എന്നതു സംബന്ധിച്ച് ആശയകുഴപ്പം നിലനില്‍ക്കുകയാണ്.
430 കിലോമീറ്റര്‍ ദൂരപരിധിയിലാണ് പദ്ധതിയുടെ രൂപകല്‍പ്പന. 300 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വണ്ടി തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലെത്താന്‍ രണ്ട് മണിക്കൂറും 10 മിനിട്ടും എടുക്കുമെന്നാണ് പദ്ധതി രൂപകല്‍പന ചെയ്തവര്‍ പറയുന്നത്. ഇതില്‍ 130 കിലോമീറ്റര്‍ പാത തുരങ്കങ്ങളിലൂടെയാണ്. 180 കിലോമീറ്റര്‍ ഉയര്‍ന്ന തൂണുകളിലൂടെയും. 120 കിലോമീറ്റര്‍ സാധാരണ റെയില്‍വെ ലൈനിന് സമാന്തരമായും വിഭാവനം ചെയ്തിട്ടുള്ളത്. 15 മുതല്‍ 16 മീറ്റര്‍ വരെ ഉയരത്തിലായിലിക്കും തൂണുകള്‍ സ്ഥാപിച്ച് റെയില്‍പാത ഒരുക്കുക.
കൃഷിഭൂമിയുള്ള പ്രദേശങ്ങളിലായിരിക്കും തൂണുകള്‍ സ്ഥാപിച്ച് പാത പണിയുക. ശീതീകരിച്ച കോച്ചുകളില്‍ 817 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ഒമ്പത് വര്‍ഷം കൊണ്ട് പൂര്‍ത്തിയാവുന്ന പദ്ധതിക്ക് 77,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നികുതിയടക്കം 90,000 കോടി വരും. പദ്ധതി പൂര്‍ത്തിയാവാന്‍ വര്‍ഷങ്ങളെടുക്കുമെന്നതിനാല്‍ അതിനുള്ള ചെലവ് കൂടി കണക്കാക്കിയാല്‍ 1.20 ലക്ഷം കോടി രൂപ വരും. കാസര്‍കോട് മെഡിക്കല്‍ കോളജ് വിഷയത്തിലും മറ്റു വികസന വിഷയത്തിലും അവഗണന തുടരുന്നുവെന്ന വാദം നിലനില്‍ക്കുമ്പോഴാണ് അതിവേഗ റെയില്‍പാതയിലും അവഗണന കാണിച്ചിരിക്കുന്നതെന്നാണ് ആരോപണം.
ഇക്കാര്യത്തില്‍ ഉന്നതതല ഗൂഡാലോചന നടന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മികച്ച ചികിത്സ കിട്ടുന്നതിനും അവരുടെ ചികിത്സാ ദുരിതം ഒഴിവാക്കുന്നതിനും ഉദ്ദേശിച്ച് നടപ്പാക്കുമെന്ന് പ്രഖ്യപിച്ച കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ കാര്യത്തിലുള്ള അനിശിചിതത്വം എന്‍ഡോസള്‍ഫാന്‍ ഇരകളോടു കാണിക്കുന്ന അനീതിയാണ്.
വികസന കാര്യം വരുമ്പോള്‍ കാസര്‍കോടിനോട് കാണിക്കുന്ന അവഗണന കാണുമ്പോള്‍ കാസര്‍കോടുകാര്‍ ചോദിക്കുന്നത് കാസര്‍കോടെന്താ കേരളത്തിലല്ലേയെന്നാണ്.
മലയാളം സ്‌കൂളുകളില്ലാത്ത പഞ്ചായത്തുകള്‍
മലയാളം സ്‌കൂള്‍ ഇല്ലാത്ത ചില സ്ഥലങ്ങള്‍ ഇപ്പോഴും കാസര്‍കോടുണ്ടെന്നതാണ് വസ്തുത. കേരളത്തില്‍ ജനിച്ചിട്ടും മലയാളം പഠിക്കാന്‍ കഴിയാത്ത ഹതഭാഗ്യരുള്ള ഇത്തരം സ്ഥലങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മലയാളം മീഡിയം സ്‌കൂളുകളില്ലാത്തത് നാണക്കേടാണ്.
ഇവിടെ താമസിക്കുന്നവരുടെ മക്കള്‍ കന്നടയാണ് മലയാളത്തിന് പകരമായി പഠിക്കുന്നത്. എന്‍മകജെ പഞ്ചായത്തില്‍ മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സ്വകാര്യ സ്‌കൂളുണ്ട്. എന്നാല്‍ ഈ പഞ്ചായത്തില്‍ എല്‍.പി മുതല്‍ ഹൈസ്‌കൂള്‍ തലം വരെ മലയാളം പഠിക്കാന്‍ സ്‌കൂളില്ല.
തൊട്ടടുത്ത കുമ്പടാജെയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം മീഡിയമില്ല. ഒരു എല്‍.പി സ്‌കൂളും രണ്ട് യു.പി സ്‌കൂളും മലയാളം മീഡിയം പഠിക്കാനുണ്ട്. എന്‍മകജെ പഞ്ചായത്തിലെ കുട്ടികള്‍ മലയാളം പഠിക്കണമെന്ന് ആഗ്രഹിച്ചാല്‍ ഉയര്‍ന്ന ഫീസ് നല്‍കി ആകെയുള്ള സ്വകാര്യ സ്‌കൂളിലോ, തൊട്ടടുത്ത പഞ്ചായത്തിലേ പോകണം. കേരളത്തില്‍ ജനിച്ച് ജീവിക്കുന്നവരുടെ മക്കള്‍ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയിലെ കന്നഡ ഭാഷയില്‍ അധ്യയനം നടത്തേണ്ടി വരുന്നതിന്റെ ദുരവസ്ഥ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കണ്ടില്ലെന്നത് വിഷമകരമാണ്.
കര്‍ണ്ണാടകയോട് ചേര്‍ന്ന അതിര്‍ത്തി ഗ്രാമങ്ങളില്‍ വികസനം എത്തിനോക്കിയിട്ടുകൂടിയില്ലെന്നതാണ് യാഥാര്‍ഥ്യം.
പ്രതികരണം
അതിവേഗ റെയില്‍പ്പാത പദ്ധതിയില്‍ നിന്നും കാസര്‍കോട് ജില്ലയെ ഒഴിവാക്കിയ നടപടിയില്‍ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ പ്രതിഷേധിച്ചു. കാസര്‍കോട് ജില്ല കേരളത്തിന്റെ ഭാഗമല്ലെന്നാണോ സര്‍ക്കാരിന്റെ കരുതല്‍. ഇപ്പോള്‍ കാണിച്ചിരിക്കുന്നത് ജനതയെ അപമാനിക്കലാണ്. അതിവേഗ റെയില്‍പ്പാത പദ്ധതി സംബന്ധിച്ച് കാസര്‍കോട് എം.പിയുടെ നിലപാട് അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും എം.സി ഖമറുദ്ദീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."