വീണ്ടും ചോരക്കളമായി ദേശീയപാത; പൊലിഞ്ഞത് അഞ്ച് ജീവന്‍
ആലപ്പുഴ: ജില്ലയിലെ ദേശീയപാത വീണ്ടും ചോരക്കളമായി മാറുന്നു. കഴിഞ്ഞ ദിവസം മാത്രം വ്യത്യസ്ത വാഹനാപകടങ്ങളില്‍ അഞ്ച് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
വ്യാഴാഴ്ച രാത്രി 12 മണിയോടെ ദേശീയപാതയില്‍ കണിച്ചുകുളങ്ങര ജങ്ഷനില്‍ ടെംബോ ട്രാവലറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചാണ് മൂന്നു പേര്‍ മരിച്ചത്. ഇവര്‍ തിരുവനന്തപുരം പൂവാറില്‍ വിവാഹനിശ്ചയം കഴിഞ്ഞ് കണ്ണൂരിലേക്ക് പോകുകയായിരുന്നു. സംഘത്തിലെ പതിനൊന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിശ്രുത വരന്‍ കണ്ണൂര്‍ കീഴല്ലൂര്‍ വിപിനാലയത്തില്‍ രവീന്ദ്രന്റെ മകന്‍ വിനീഷ്(30) ബന്ധു ചാവശേരി പൊതിയോത്ത് തെക്കന്‍വീട് വിജയകുമാര്‍(40), മാതൃസഹോദരി പി.ആര്‍ നഗര്‍ പറമ്പില്‍ വീട്ടില്‍ പ്രസന്ന(48) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് രണ്ടോടെ ദേശീയ പാതയില്‍ പുറക്കാട് കൃഷിഭവന് സമീപത്തായിരുന്നു മാറ്റൊരു അപകടം. വിദേശത്തേക്ക് മകനെ യാത്രയാക്കി കാറില്‍ മടങ്ങിയ മാതാവ് ടാങ്കര്‍ ലോറി ഇടിച്ചാണ്് മരിച്ചത്. ഇതില്‍ ബന്ധുവിന് പരിക്കേറ്റു. മാവേലിക്കര വെസ്റ്റ് ഫോര്‍ട്ട് ശ്രീ നിവാസില്‍ ശ്രീനിവാസന്റെ ഭാര്യ രാധമ്മ (63)യാണ് മരിച്ചത് .ഇവരുടെ ബന്ധുവും കാര്‍ ഡ്രൈവറുമായ മാവേലിക്കര ഈസ്റ്റ് ഫോര്‍ട്ട് അഞ്ജലി ഭവനത്തില്‍ അനില്‍ സി. കുമാറിനെ ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പോയി മടങ്ങി വരവേ ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിനെ കൊല്ലത്ത് നിന്നും കളമശ്ശേരിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. നാട്ടുകാരാണ് കാര്‍ വെട്ടി പൊളിച്ച് രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്തെടുത്ത് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
വ്യാഴാഴ്ച ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച് ഭാര്യ മരിച്ചിരുന്നു. ഭര്‍ത്താവിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. കായംകുളം 44-ാം വാര്‍ഡ് മുന്‍ കൗണ്‍സിലറും സി.പി.എം നേതാവുമായ പുളിമുക്ക് ജങ്ഷനില്‍ ഫൈസല്‍ മന്‍സില്‍ ഷംസുദ്ദീന്റെ ഭാര്യ സഫിയത്ത് (55) ആണ് മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സഫിയത്തിന്റെ ചികിത്സാര്‍ത്ഥം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പോയി മടങ്ങി വരവെയായിരുന്നു ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
ജില്ലയിലെ ദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും യാതൊരു സുരക്ഷ നടപടിയുമെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ചേര്‍ത്തല മുതല്‍ കായംകുളം വരെയുള്ള ദേശീയപാതയിലാണ് അപകടങ്ങള്‍ വര്‍ധിച്ചിരിക്കുന്നത്. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും ഓവര്‍ടേക്കിങ്ങുമാണ് വില്ലനാവുന്നത്. കണിച്ചുകുളങ്ങര അപകടത്തില്‍ ഇത് പ്രകടമാണ്. രാത്രി നടക്കുന്ന അപകടങ്ങളില്‍ കൂടുതലും ഇത്തരത്തിലുള്ളതാണെന്നാണ് പ്രദേശത്തുകാരുടെ ഭാഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."