കുന്തിപ്പുഴയില്‍ പ്രകൃതി വിരുന്നൊരുക്കി, ജനത്തിരക്കിലമര്‍ന്ന് സൈരന്ദ്രി ബീച്ച്
മണ്ണാര്‍ക്കാട്: പ്രകൃതിയുടെ കരവിരുതില്‍ രൂപാന്തരപ്പെട്ട ബീച്ച് കാണാന്‍ വന്‍ ജനത്തിരക്ക്. കുന്തിപ്പുഴയുടെ തത്തേങ്ങലം പുളിഞ്ചോടിലാണ് പ്രകൃതി തന്നെ ബീച്ചിന് സമാനമായ കാഴ്ച സമ്മാനിച്ചിരിക്കുന്നത്. സൈലന്റ്‌വാലി മലയോരത്തുണ്ടായ ശക്തമായ മഴയിലെ ഉരുള്‍പൊട്ടലില്‍ ഗതിമാറി ഒഴുകിയ കുന്തിപ്പുഴയിലാണ് ബീച്ച് രൂപത്തില്‍ പ്രകൃതി തന്നെ കുളിര്‍മയാര്‍ന്ന കാഴ്ചാ വിരുന്നൊരുക്കിയിരിക്കുന്നത്.
തെളിനീരൊഴുകുന്ന പുഴയോരത്ത് വിവിധ ഭാഗങ്ങളില്‍ അടിഞ്ഞ് കൂടിയ മണല്‍ കൂനകള്‍,
പുഴയാകെ തെളിഞ്ഞ് പരന്ന് ചിന്നിചിതറി കിടക്കുന്ന ചെറിയ വെളളാരം കല്ലുകള്‍, പുഴക്ക് ഇരുവശവും ആടിതിമിര്‍ക്കുന്ന കല്‍പ്പ വൃക്ഷങ്ങള്‍ എന്നിവയെല്ലാം വശ്യ മനോഹരമായ കാഴ്ചയും അനുഭൂതിയുമാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്.
പുഴയിലെ മലവെളളപ്പാച്ചിലില്‍ നേരത്തെയുണ്ടായിരുന്ന ചില ഒറ്റപ്പെട്ട തുരുത്തുകള്‍ തീര്‍ത്തും ഇല്ലാതായതും ശ്രദ്ധേയമാണ്. പുഴയുടെ സുഖമമായ ഒഴുക്കിനെ തടസ്സപ്പെടുത്തി പുഴയില്‍ നിന്നിരുന്ന മരങ്ങളും കുറ്റിച്ചെടികളും തീര്‍ത്തും ഇപ്പോള്‍ അപ്രതക്ഷ്യമായിട്ടുണ്ട്. മാലിന്യങ്ങളെയെല്ലാം ഒഴുക്കി കളഞ്ഞ് പുഴയിന്ന് യൗവ്വന നിറവിലാണ്. ബലി പെരുന്നാള്‍ - ഓണം ആഘോഷ അവധി ദിനങ്ങളില്‍ പുഴയുടെ സൗന്ദര്യം കാണാന്‍ എത്തിയവരുടെ എണ്ണത്തിന് കണക്കില്ല. അപ്രതീക്ഷിതമായി രൂപപ്പെട്ട കാഴ്ച കാണുവാന്‍ ജില്ലക്ക് അകത്തും പുറത്തും നിന്നുമായി കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരാണ് എത്തിയത്.
പ്രകൃതി സ്വമേധായ ഒരുക്കിയ ബീച്ചിന് നാട്ടുകാര്‍ ഇതിനോടകം സൈനന്ദ്രി ബീച്ച്, ആണ്ടി ബീച്ച് എന്നും നാമകരണം ചെയ്ത് കഴിഞ്ഞു. കുന്തിപ്പുഴയില്‍ ബീച്ച് രീപാന്തരപ്പെട്ടുവെന്ന വാര്‍ത്ത അറിഞ്ഞത് മുതല്‍ സന്ദര്‍ശകരുടെ നിലക്കാത്ത പ്രവാഹമാണ്.
സൈലന്റ്‌വാലി മലയോരത്ത് മഴയൊന്ന് ചാറിയാല്‍ പൊടുന്നനെ എത്തുന്ന ശക്തിയോടെയുളള ജലപ്രവാഹം അപകടക്കെണിയാവാന്‍ സാധ്യതയേറെയാണ്. പൊലീസും പ്രദേശവാസികളും സന്ദര്‍ശകരെ അപകട സാധ്യത അറിയിക്കുന്നുണ്ടെങ്കിലും അതെല്ലാം ഭേദിച്ച് കൈകുഞ്ഞുങ്ങളുമായി സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം പുഴയിലൂടെ നടന്ന് നീങ്ങുന്നത് ഭയാശങ്കക്കിടയാക്കുന്നുണ്ട്.
പ്രകൃതി സമ്മാനിച്ച പുഴയില്‍ സെല്‍ഫിയെടുത്തും നീരാടിയും യുവാക്കളടക്കമുളളവര്‍ തിമിര്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."