എടയാറില്‍ നെയ്യമൃത് സംഘത്തിന് ആസ്ഥാനം വരുന്നു
കൂത്തുപറമ്പ്: കൊട്ടിയൂര്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കൊട്ടിയൂര്‍ പെരുമാള്‍ നെയ്യമൃത് സംഘത്തിന് ആസ്ഥാന മന്ദിരം ഒരുങ്ങുന്നു.
കണ്ണവത്തിനടുത്ത് എടയാറിലാണ് രണ്ടു കോടിയോളം രൂപ ചെലവില്‍ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നത്. അന്യം നിന്നുപോകുന്ന നെയ്യമൃത് മഠങ്ങള്‍ പുനരുദ്ധരിക്കാനും നെയ്യമൃത് സംഘാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് പതിനെട്ട് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നതാണ് കൊട്ടിയൂര്‍ പെരുമാള്‍ നെയ്യമൃത് ഭക്തസംഘം. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ തൊണ്ണൂറ് മഠങ്ങളില്‍ നിന്നും രണ്ടായിരത്തോളം വീതം നെയ്യമൃത് സംഘാംഗങ്ങളാണ് ഓരോ വര്‍ഷവും കൊട്ടിയൂരില്‍ എത്തുന്നത്.
യാത്രയ്ക്കിടെ വിവിധ ഇല്ലങ്ങളിലാണ് ഇവര്‍ വിശ്രമിക്കാറ്. യാത്രയ്ക്കിടെ നേരിടുന്ന അസൗകര്യം കണക്കിലെടുത്താണ് നെയ്യമൃത് ഭക്തസംഘത്തിനായി ആസ്ഥാന മന്ദിരം നിര്‍മിക്കാന്‍ തീരുമാനിച്ചത്.ഇതിനായി കണ്ണവത്തിനടുത്ത എടയാര്‍ പുഴയോരത്ത് ഒരു ഏക്കര്‍ സ്ഥലം വിലയ്‌ക്കെടുത്തു കഴിഞ്ഞു. ആയിരത്തോളം പേരെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയം, വിശ്രമകേന്ദ്രം, ഓഫീസ് എന്നീ സൗകര്യങ്ങള്‍ ആസ്ഥാന മന്ദിരത്തിലുണ്ടാവും.ഈ വര്‍ഷത്തെ കൊട്ടിയൂര്‍ ഉത്സവകാലത്ത് കെട്ടിട്ട നിര്‍മാണം ആരംഭിച്ച് നാലു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതിനായി വിപുലമായ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. മന്ദിരം നിര്‍മിക്കുന്ന സ്ഥലത്ത് ഈ വര്‍ഷത്തെ ഉത്സവ സമയത്ത് താല്‍ക്കാലിക വിശ്രമകേന്ദ്രം ഒരുക്കാനും ഉദ്ദേശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."