നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ഗൃഹനാഥനെ കാണാതായി
കൊളത്തൂര്‍: യു.എ.ഇയില്‍നിന്ന് പുറപ്പെട്ട് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. വെങ്ങാട് നായര്‍പടി മൂത്തേടത്ത് മുഹമ്മദ് അലി (63) എന്നയാളെയാണ് ഏപ്രില്‍ ഏഴ് മുതല്‍ കാണാതായത്. ബന്ധുക്കള്‍ എറണാകുളം സെന്‍ട്രല്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. 33 വര്‍ഷമായി യു.എ.ഇയിലെ അല്‍ ഐനില്‍ ഖമര്‍ അല്‍ സലാമാത്ത് എന്ന റെഡിമെയ്ഡ് ഗാര്‍മെന്റ്‌സില്‍ ജോലി ചെയ്തുവരികയായിരുന്ന മുഹമ്മദ് അലി ഈമാസം ഏഴിന് രാത്രി പതിനൊന്നരക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതായി രേഖകളുണ്ട്.
ടാക്‌സി ഡ്രൈവറോട് തനിക്ക് ബാഗ്ലൂരില്‍ പോകണമെന്നും അവിടേക്ക് ബസ് ലഭിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചു തരണമെന്നും ആവശ്യപ്പെട്ടത് അനുസരിച്ച് ഡ്രൈവര്‍ ഇയാളെ എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ എത്തിക്കുകയും ചെയ്തതായാണ് പറയുന്നത്. മുഹമ്മദലിക്ക് ബാഗ്ലൂരില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.
എട്ടുമാസം മുന്‍പാണ് അവധിക്ക് നാട്ടില്‍ വന്നുപോയത്. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് മുഖേന യു.എ.ഇ എമിഗ്രേഷനില്‍ അന്വേഷിച്ചപ്പോഴാണ് ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും കൊച്ചിയിലേക്ക് വിമാനം കയറിയതായി അറിയാന്‍ കഴിഞ്ഞത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലിസ് സ്റ്റേഷനിലോ സി.ഐ എറണാംകുളം (94963 33988), 9895185240,9744333467 എന്ന നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."