കൊണ്ടോട്ടിയില്‍ ഗതാഗത പരിഷ്‌കാരം വീണ്ടും നീട്ടിയേക്കും
കൊണ്ടോട്ടി: സെപ്റ്റംബര്‍ ഒന്നുമുതല്‍ കൊണ്ടോട്ടിയില്‍ ആരംഭിക്കാനിരിക്കുന്ന ഗതാഗത പരിഷ്‌കാരം വീണ്ടും നീട്ടിയേക്കും. പഴയങ്ങാടി ഭാഗത്ത് സ്ഥലം വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരത്തിലടക്കം നടപടികളാകാത്തതിലും ബസ്‌സ്റ്റോപ്പുകളടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്തതിനാലുമാണ് വണ്‍വേ ട്രാഫിക് നീട്ടുന്നത്. ഓഗസ്റ്റ് ഒന്നുമുതല്‍ ട്രാഫിക് പരിഷ്‌കാരം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ പഴയങ്ങാടിയില്‍ റോഡ് വീതികൂട്ടാതെ വണ്‍വേ ട്രാഫിക് സംവിധാനം നടപ്പാക്കാരുതെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും രംഗത്ത് വന്നതോടെയാണ് സെപ്റ്റംബര്‍ ഒന്നിലേക്ക് മാറ്റിയത്. അപ്രതീക്ഷതമായി എത്തിയ പ്രളയക്കെടുതിയില്‍ ട്രാഫിക് കാര്യങ്ങള്‍ ചെയ്യാന്‍ അധികൃതര്‍ക്കായില്ല. കൊണ്ടോട്ടി പതിനേഴ് മുതല്‍ കുറുപ്പത്ത് ജങ്ഷന്‍ വരെയുളള പഴയങ്ങാടി റോഡ് വണ്‍വേ ആക്കി മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി കൊണ്ടോട്ടി ബൈപാസ് റോഡിലെ യു ടേണുകള്‍ അടച്ചിട്ടുണ്ട്. കൊണ്ടോട്ടി ബൈപാസില്‍ സര്‍വിസ് സഹകരണ ബാങ്ക് മുതല്‍ മച്ചിങ്ങല്‍ ഹോം അപ്ലയന്‍സ് വരെയുളള ഭാഗങ്ങളിലും കൊടിമരം മുതല്‍ മുത്തളം വരെയുളള ഭാഗങ്ങളിലുമാണ് ഇരുചക്ര വാഹനം അടക്കമുളളവക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."