അപകട ഭീഷണി ഉയര്‍ത്തി വൈദ്യുതക്കാലുകള്‍; കണ്ടില്ലെന്ന് നടിച്ച് കെ.എസ്.ഇ.ബി
പള്ളിക്കല്‍: അപകട ഭീഷണി ഉയര്‍ത്തുന്ന വൈദ്യുത കാലുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടിട്ടും പരാതിക്ക് പരിഹാരം കാണാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ തയാറാകുന്നില്ലെന്ന പരാതിയുമായി നാട്ടുകാര്‍. പള്ളിക്കല്‍ ബസാര്‍-ആണൂര്‍ റോഡിനോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയുടെ പറമ്പിലേക്ക് കയറ്റി സ്ഥാപിച്ച കോണ്‍ക്രീറ്റ് വൈദ്യുതിത്തൂണ് കാലപ്പഴക്കത്താല്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് കമ്പികള്‍ ദ്രവിച്ച് ഏത് സമയവും നിലം പൊത്താറായ അവസ്ഥയിലാണ്. പ്രദേശത്തെ സ്കൂള്‍, മദ്റസകള്‍ എന്നിവടങ്ങളിലേക്കുള്ള വിദ്യാര്‍ഥികളും ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളും കടന്ന് പോകുന്ന റോഡോരത്താണ് അപകടത്തിനിടയാക്കുന്ന വൈദ്യുതിക്കാലുള്ളത്.
കാക്കഞ്ചേരി - കൊട്ടപ്പുറം റോഡില്‍ മാവിഞ്ചോട് ടൗണിനടുത്ത് മാസങ്ങള്‍ക്ക് മുന്‍പ് വാഹനം ഇടിച്ച് അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന വൈദ്യുതികാല്‍ നീക്കം ചെയ്യാന്‍ പ്രദേശവാസികള്‍ ആവശ്യപ്പെട്ടിട്ടും മുഖവിലക്കെടുക്കാന്‍ അധികൃതര്‍ തയാറായില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് വൈദ്യുതി തൂണിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് പൂര്‍ണമായും തകര്‍ന്നതിനാല്‍ വൈദ്യുതികാല്‍ റോഡിലേക്ക് ചാഞ്ഞ നിലയിലാണ്. വൈദ്യുതി കാല് മാറ്റി സ്ഥാപിക്കാത്തതിനേ തുടര്‍ന്ന് ഹെവി വാഹനങ്ങള്‍ റോഡിലൂടെ കടന്ന് പോകുമ്പോള്‍ റോഡിലേക്ക് ചാഞ്ഞ വൈദ്യുതികാലില്‍ തട്ടി അപകടങ്ങള്‍ പതിവാകുന്നതായും നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അപകട ഭീഷണി ഉയര്‍ത്തുന്ന ഇത്തരം വൈദ്യുതി കാലുകള്‍ നീക്കം ചെയ്യാന്‍ തയാറാകാത്ത കെ.എസ്.ഇ.ബി പുളിക്കല്‍ സെക്ഷന്‍ അധികൃതര്‍ക്കെതിരേ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."