ഗസ്സയില്‍ വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍-ഹമാസ് ധാരണ
ഗസ്സ സിറ്റി: ഗസ്സയില്‍ രണ്ടാഴ്ചയായി തുടരുന്ന ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്‌റാഈലുമായി ധാരണയിലെത്തിയതായി ഹമാസ് അറിയിച്ചു. ഇതിനു പകരമായി ഇസ്‌റാഈലിനെതിരെയുള്ള ബലൂണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ ഹമാസ് അവസാനിപ്പിക്കും. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് ആക്രമണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇരു വിഭാഗവും തീരുമാനമായതെന്ന് ഹമാസ് നേതൃത്വം അറിയിച്ചു.
ഗസ്സയില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളെ മെഡിറ്ററേനിയന്‍ കടലിലേക്കു പ്രവേശിക്കാന്‍ അനുവദിക്കുക, അവശ്യവസ്തുക്കള്‍ അതിര്‍ത്തിയിലൂടെ കൊണ്ടുവരാന്‍ അനുവദിക്കുക, ഗസ്സയിലെ വൈദ്യുതനിലയത്തിലേക്കുള്ള ഇന്ധനവിതരണം പുനസ്ഥാപിക്കുക എന്നിവയ്ക്ക് തയാറാണെന്ന് ഇസ്‌റാഈല്‍ സമ്മതിച്ചിട്ടുണ്ടെന്നും ഹമാസ് അറിയിച്ചു. എന്നാല്‍ ഇസ്‌റാഈല്‍ ഇതു സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ഓഗസ്റ്റ് ആറു മുതല്‍ ഇസ്‌റാഈല്‍ സൈന്യം വ്യോമാക്രമണം നടത്തുന്നുണ്ട്. വടക്കന്‍ ഇസ്‌റാഈലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ്, ബലൂണ്‍ ആക്രമണങ്ങള്‍ക്കു മറുപടിയായാണ് പ്രത്യാക്രമണമെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്. 13 വര്‍ഷമായി ഗസ്സയ്ക്കു നേരെ തുടരുന്ന ഉപരോധം എടുത്തുകളയുകയാണ് ഹമാസിന്റെ പ്രധാന ആവശ്യം. ഉപരോധം മൂലം ഗസ്സയില്‍ പകുതിയിലേറെ പേര്‍ പട്ടിണിയിലാണെന്ന് ലോകബാങ്ക് വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."