സമഗ്ര പഠനത്തിന് വിദഗ്ധ സംഘമെത്തും -മന്ത്രി എം.എം മണി
നെടുങ്കണ്ടം: ഹൈറേഞ്ചിന്റെ വിവിധ മേഖലകളിലുണ്ടായ ഭൂമി വീണ്ടുകീറലും ഭൂമി താഴ്ന്നു പോകുന്നതും കിണറുകള്‍ ഇടിഞ്ഞ് താഴുന്നതുമായി സംഭവങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ ബാംഗ്ലൂര്‍ ജിയോളജി വകുപ്പിന്റെ പ്രത്യേക പഠന സംഘമെത്തും. ഉടുമ്പന്‍ചോല താലൂക്ക് മഴക്കെടുതി അവലോകന യോഗത്തിലാണ് മന്ത്രി എം.എം. മണി ഇക്കാര്യം അറിയിച്ചത്.താലൂക്കിലുണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിനവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു ബന്ധപ്പെട്ട് വകുപ്പുകള്‍ക്ക്് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ പൊതു ജന പങ്കാളിത്തത്തോടെ പരിഹരിക്കാമെന്നും മന്ത്രി പറഞ്ഞു. മേഖലയിലെ കൃഷിയിടങ്ങളിലുണ്ടായ അപൂര്‍വ്വ പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടതായും മന്ത്രി എം.എം.മണിയും ജോയ്‌സ് ജോര്‍ജ് എംപിയും യോഗത്തെ അറിയിച്ചു. തഹസില്‍ദാര്‍ മേഖലയിലെ ഭൂമിയിലുണ്ടായ പ്രതിഭാസങ്ങളെക്കുറിച്ച് പഠനം നടത്തണമെന്ന് അവശ്യപ്പെട്ട് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. താലൂക്കിലെ 18 വില്ലേജുകളിലെ 41 ക്യാമ്പുകളില്‍ 1652 കുടുംബങ്ങള്‍ താമസിച്ചിരുന്നു. ക്യാമ്പുകളെല്ലാം പിരിച്ചുവിട്ടെങ്കിലും മേഖലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പഞ്ചായത്തും, റവന്യൂവിഭാഗവും ചേര്‍ന്ന് വാടകയ്ക്ക് വീട് എടുത്ത് നല്‍കി. റവന്യൂ, പോലിസ്,ഫയര്‍ഫോഴ്‌സ്, പൊതുമരാമത്ത്.ആരോഗ്യവകുപ്പുകളുടെയും, സന്നദ്ധ സംഘടനകള്‍,രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുടെ നേതൃത്വത്തില്‍ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മന്ത്രി എം.എം.മണി അഭിനന്ദിച്ചു. അര്‍ഹരായവര്‍ക്കെല്ലാം ആവശ്യമുള്ള സഹായം ഉദ്യോഗസ്ഥര്‍ ചെയ്തു നല്‍കണമെന്ന് യോഗത്തില്‍ പൊതുവികാരം ഉയര്‍ന്നു. മേഖലയിലെ നാശനഷ്‌ത്തെക്കുറിച്ച് വിശാലമായ കണക്കെടുത്ത് സര്‍ക്കാരിനു സമര്‍പ്പിക്കാനും യോഗത്തില്‍ ധാരണായായി. മന്ത്രി എം എം മണിയുടെഅധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോയ്‌സ് ജോര്‍ജ് എം.പി, താലൂക്കിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."