ഗ്രന്ഥശാലക്ക് നേരെ അക്രമം, വ്യാപക പ്രതിഷേധം
പട്ടാമ്പി: ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ വാടാനാംകുറിശ്ശി ആരഭി ഗ്രന്ഥശാലയിലും ആരഭി കലാസമിതിയിലും കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധര്‍ നടത്തിയ അക്രമത്തില്‍ വ്യാപക പ്രതിഷേധം. ഗ്രന്ഥശാലയിലും കലാസമിതിയിലും വരാന്തയില്‍ സുരക്ഷക്കായി വെച്ചിരുന്ന ഗ്രില്ലുകളും വായന ശാലയില്‍ പുസ്തകങ്ങള്‍ വെക്കുന്ന മരത്തിന്റെ ഷെല്‍ഫും അക്രമത്തില്‍ തകര്‍ന്നിട്ടുണ്ട്. രാത്രി പത്തിനു ശേഷമാണ് അക്രമം നടന്നത്. ഉടനെ സമീപവാസികള്‍ സ്ഥലത്തെത്തുകയും പരിശോധിക്കുകയും ചെയ്തു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ പൊലിസും സ്ഥലത്തെത്തി പരിശോധന നടത്തി. കലാസമിതിയുടെ വരാന്തയില്‍ രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ കയറുകയും മദ്യപാനവും മറ്റ് ലഹരി ഉപയോഗം നടത്തുകയും ചെയ്തിരുന്നു. അതിന് തടയിടാനാണ് ഇരുമ്പിന്റെ ഗ്രില്‍ വെച്ചത്. ആ ഗ്രില്‍ ആണ് ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്. ഇതിനു മുമ്പും ഇവിടെ അക്രമികളുടെ വിളയാട്ടം നടന്നിരുന്നു. സാമൂഹ്യ വിരുദ്ധരുടെ അക്രമം നടന്നതറിഞ്ഞ് ഗ്രന്ഥശാലയിലും കലാസമിതിയിലും മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ, ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍, താലൂക്ക് ലൈബ്രറി യൂണിയന്‍ സെക്രട്ടറി ഡോ. സി.പി.ചിത്രഭാനു , ഷൊര്‍ണൂര്‍ പൊലിസ് എസ്.ഐ. ദയാശീലന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. സമൂഹത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളായി നിലകൊള്ളുന്ന വായന ശാലകളില്‍ നടക്കുന്ന അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും , കുറ്റക്കാരെ കണ്ടെത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ േദശം നല്‍കിയതായും മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ.പറഞ്ഞു. പട്ടാമ്പി താലൂക്ക് ലൈബ്രറി കൗണ്‍സിലും സംഭവത്തെ അപലപിച്ചു. പകലിനെ ഭയക്കുന്ന ശക്തികളാണ് ഇരുട്ടിന്റെ മറപറ്റി നീച പ്രവൃത്തി നടത്തുന്നതെന്നും ഇത്തരക്കാര്‍ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തു വരണമെന്നും ഡോ. സി.പി. ചിത്രഭാനു ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."